ദുരൂഹത ഒഴിയാതെ മിഷേലിന്‍െറ മരണം 

ദുരൂഹ സാഹചര്യത്തില്‍ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ മരണത്തിന് പിന്നില്‍ ഇനിയും വെളിപ്പെടാത്ത ഒരുപാട് വസ്തുതകള്‍. കഴിഞ്ഞയാഴ്ചയാണ് സി.എ വിദ്യാര്‍ത്ഥിയായ പിറവം സ്വദേശി മിഷേല്‍ ഷാജി വര്‍ഗ്ഗീസ് കൊല്ലപ്പെട്ടത്. തുടക്കത്തില്‍ കേസെടുത്ത അന്വേഷിക്കാന്‍ പോലും പൊലീസ് തയ്യാറായിരുന്നില്ല. വെറുതെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഒരാളെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാവില്ലെന്ന് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗ്ഗീസ് പറഞ്ഞു. .

മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ പിറവം സ്വദേശി ക്രോണ്‍ അലക്‌സാണ്ടര്‍ ബേബി എന്ന യുവാവിന് തന്റെ കുടുംബവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഷാജി വര്‍ഗ്ഗീസ് പറയുന്നത്. മകളുടെ കാമുകനെന്നവകാശപ്പെടുന്ന ക്രോണ്‍ പറയുന്നതൊന്നും താന്‍ മുഖവിലക്കെടുക്കുന്നില്ലെന്ന് ഷാജി പറയുന്നു.

മകളുടെ ബാഗ്, ഫോണ്‍ എന്നിവ ഇനിയും കണ്ടെത്തിയിട്ടില്ല. കലൂര്‍ പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയ മിഷേലിനെ ബൈക്കില്‍ പിന്തുടര്‍ന്ന യുവാക്കളെക്കുറിച്ച് യാതൊരു വിവരവും പൊലീസ് ശേഖരിച്ചിട്ടില്ല.

മിഷേലിന്റെ മുഖത്ത് നഖത്തിന്റെ പാടുണ്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലുണ്ടായതാണോ നഖത്തിന്റെ പാടെന്ന് കുടുംബാംഗങ്ങള്‍ സംശയിക്കുന്നു.

കൊച്ചി വാര്‍ഫില്‍ നിന്ന് കണ്ടെടുത്ത മിഷേലിന്റെ മൃതദേഹത്തിന് നിറ വ്യത്യാസമോ, വെള്ളത്തില്‍ കിടന്നതിന്റെ രൂപ വ്യത്യാസങ്ങളോ ഉണ്ടായിരുന്നില്ല. കൊച്ചിയിലെ സ്ഥലങ്ങളെക്കുറിച്ച് പിടിപാടില്ലാത്ത മിഷേല്‍ വെണ്ടുരുത്തി പാലത്തിനടുത്ത് പോകുമെന്ന് പറയുന്നത് വിശ്വസിക്കാനാവുന്നില്ല. ഇത്തരം സാഹചര്യത്തെളിവുകള്‍ അനുസരിച്ച് മിഷേല്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല.

രണ്ടു വര്‍ഷമായി മിഷേലുമായി ക്രോണിന് ബന്ധമുണ്ടായിരുന്നതായി പറയുന്നുണ്ട്. മരിക്കുന്നതിന്റെ തലേന്ന് ക്രോണിന്‍ മിഷേലിനെ നാലു തവണ വിളിക്കുകയും 50-ലധികം എസ്എംഎസ് അയച്ചതായും പൊലീസിന് ലഭിച്ച ഫോണ്‍ രേഖകള്‍ പറയുന്നു. ഇയാള്‍ ഫോണ്‍ വിളിച്ചു മെസേജുകള്‍ അയച്ചും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മിഷേലിന്റെ കൂട്ടുകാരി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് പിറവത്ത് സര്‍വ്വകക്ഷി രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താലും ആചരിക്കുകയാണ്. പിറവത്തെ നാട്ടുകാര്‍ ഒന്നടങ്കം മിഷേലിന്റെ കുടുംബത്തിനൊപ്പം അണിചേര്‍ന്നിരിക്കുകയാണ്. മലയാള സിനിമാരംഗത്തെ പ്രമുഖരും ഈ വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണത്തിന്റെ ഉത്തരവാദികളെ പിടികൂടണമെന്ന ആവശ്യവുമായി രംഗത്തു വന്നിട്ടുണ്ട്.