പാറമ്പുഴ കൂട്ടക്കൊല: പ്രതി കുറ്റക്കാരന്‍

ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ നരേന്ദ്രകുമാറിന്് നാളെ ശിക്ഷ വിധിക്കും

കൊല്ലപ്പെട്ട കുടുംബത്തിലെ വീട്ടുജോലിക്കാരനായിരുന്നു നരേന്ദ്രകുമാര്‍

കോട്ടയം: പാറമ്പുഴയില്‍ ഒരു കൂടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കോട്ടയം പ്രിന്‍സിപ്പള്‍ കോടതി ജഡ്ജിയാണ് കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിധി പറയുന്നത് കോടതി നാളേക്ക് മാറ്റി.

2015 മേയ് 16നാണ് പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസണ്‍, ഭാര്യ പ്രസന്നകുമാരി, മകന്‍ പ്രവീണ്‍ എന്നിവരെ വീടിനോട് ചേര്‍ന്നുള്ള ഡ്രൈ ക്ലീനിംഗ് സെന്ററില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവ ശേഷം ഒളിവില്‍ പോയ ഇവരുടെ വീട്ടിലെ തൊഴിലാളിയായിരുന്ന ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പ്രായമായ മാതാപിതാക്കള്‍ ഉള്ളതിനാല്‍ ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്ന് പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു.

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു 2015 ലെ പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ ആ വീട്ടിലെ അന്യസംസ്ഥാനക്കാരനായ തൊഴിലാളി കൊലപ്പെടുത്തിയെന്നത്. മൂന്നു പേരെയും കഴുത്തറുത്തും തലയില്‍ വെട്ടിയും പിന്നീടു വൈദ്യുതാഘാതം ഏല്പിച്ചുമാണു കൊലപ്പെടുത്തിയത്. ലാലസന്റെയും പ്രസന്നകുമാരിയുടെയും ശരീരത്തില്‍ ആസിഡ് ഒഴിച്ചിട്ടുമുണ്ടായിരുന്നു.

കൊലയ്ക്കുപയോഗിച്ച കോടാലിയും കത്തിയും കൃത്യം നടന്ന മുറിയില്‍നിന്നു കണ്ടെടുത്തിരുന്നു. മൃഗീയമായ കൊലപാതകത്തിനുശേഷം തിരുവനന്തപുരത്തെത്തിയ നരേന്ദര്‍ കുമാര്‍ ട്രെയിനില്‍ ഫിറോസാബാദിലേക്കു പോകുകയായിരുന്നു.