ബിയര്‍ പാര്‍ലറുകള്‍ പൂട്ടി; കെ.ടി.ഡി.സി പ്രതിസന്ധിയില്‍

കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലെ സാധ്യതകള്‍ കണ്ടെത്തി പ്രചരിപ്പിക്കാന്‍ കഴിയാതെ കെടിഡിസി പ്രതിസന്ധിയില്‍. ദേശീയപാതയോരത്തെ കെടിഡിസിയുടെ ഇരുപത്തെട്ടു ബിയര്‍ പാര്‍ലറുകളാണ് പൂട്ടിയതും തിരിച്ചടിയായി.

കെടിഡിസിയുടെ വരുമാനത്തില്‍ പ്രധാനമാര്‍ഗങ്ങളിലൊന്നാണ് ഇതോടെ അടഞ്ഞത്. തേക്കടി തടാകത്തില്‍ ജലനിരപ്പ് കുറഞ്ഞതും ബോട്ടിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും തിരിച്ചടിയായി. 126 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ പകുതിപ്പേരെ മാത്രമാണ് കയറ്റുന്നത്. കെടിഡിസിയുടെ താമസ കേന്ദ്രങ്ങളുടെ മോശം അവസ്ഥയും മറ്റൊരു കാരണമാണ്.

പ്രീമിയം ഹോട്ടല്‍ ഒഴിച്ചുള്ളവ പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇക്കാരണത്താല്‍ നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതമായതും നഷ്ടത്തിന് കാരണമായി. കുമരകത്തെ കെടിഡിസി വാട്ടര്‍ സ്‌കേപ്സ് പുതുക്കിപ്പണിയാന്‍ ടെന്‍ഡര്‍ കൊടുത്തുവെങ്കിലും തൊഴിലാളി സമരത്തെത്തുടര്‍ന്ന് പണി തുടങ്ങിയിട്ടില്ല. ഇത്തരം കേന്ദ്രങ്ങള്‍ ഒരു വര്‍ഷം അടച്ചിടാനാണ് തീരുമാനം.

മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികള്‍ പോകുന്നതും തിരിച്ചടിയായിട്ടുണ്ട്. സഞ്ചാരികള്‍ക്കായി സീസണുകളില്‍ പാക്കേജ് പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇത്തവണ അതും കാര്യമായി പ്രയോജനമുണ്ടാക്കിയിട്ടില്ല. കെടിഡിസിയാവട്ടെ മുന്തിയ ഹോട്ടലുകളോട് മത്സരിക്കേണ്ട അവസ്ഥയിലും.