പൂരങ്ങളുടെ പൂരം ഇന്ന്, ആഘോഷത്തിമര്‍പ്പില്‍ പൂരപ്രേമികള്‍

തൃശൂര്‍: പൂരങ്ങളുടെ പൂരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൃശൂര്‍ പൂരത്തിന് തുടക്കമായി. വാദ്യമേളങ്ങളുടെയും വര്‍ണ വിസ്മയങ്ങളുടെയും വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കാന്‍ പൂരപ്രേമികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ഘടക ക്ഷേത്രമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരം ആരംഭിച്ചത്.

മഠത്തില്‍ വരവ് പഞ്ചാവാദ്യവും പെരുവനം കുട്ടന്‍മാരാരും സംഘവും തീര്‍ക്കുന്ന ഇലഞ്ഞിത്തറമേളവുമാണ് ഇനി നടക്കാനുള്ളത്. വൈകീട്ടാണ് പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ കുടമാറ്റം. കുടമാറ്റത്തോടെ പകല്‍പ്പൂരം അവസാനിക്കും. പിന്നെയാണ് പൂരത്തിന്റെ മറ്റൊരു അവിഭാഗ്യഘടകമായ വെടിക്കെട്ട്. പുലര്‍ച്ചെയാണ് ആകാശത്ത് ദൃശ്യവിസ്മയം തീര്‍ക്കുന്ന വെടിക്കെട്ട് അരങ്ങേറുക.

എഴുന്നൂറിലധികം കലാകാരന്‍മാരാണ് പൂരത്തില്‍ പങ്കെടുക്കുന്നത്. നൂറോളം ആനകളും പൂരത്തിന് ഹരമാകും. പൂരത്തിന് മികച്ച സുരക്ഷയാണ് ജില്ലാ ഭരണകൂടവും പോലീസും ഒരുക്കിയത്.