കാസര്‍ഗോഡ് വ്യാപാരിയെ കടയില്‍ കയറി കുത്തിക്കൊന്നു

കാസര്‍ഗോഡ്: കാറിലെത്തിയ നാലംഗസംഘം വ്യാപാരിയെ കടയില്‍ കയറി കുത്തിക്കൊന്നു. ചേവാര്‍ മണ്ടേക്കാപ്പിലെ ജികെ ജനറല്‍ സ്റ്റോര്‍ ഉടമ രാമകൃഷ്ണ(52)യാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.

കറുത്ത ആള്‍ട്ടോ കാറിലാണ് നാലുപേരടങ്ങുന്ന സംഘം കടയിലെത്തിയത്. ആദ്യം ഒരാള്‍ എത്തി സിഗരറ്റ് ചോദിക്കുകയും സിഗരറ്റ് വാങ്ങിയ ശേഷം ഇയാള്‍ കുറച്ചു ദൂരം മാറിനില്‍ക്കുകയും ചെയ്തു. ഇതിന് ശേഷം മൂന്നു പേര്‍ കാറില്‍ നിന്നിറങ്ങി വന്ന് മാങ്ങ ചോദിച്ചു. മാങ്ങയെടുക്കാനായി കുനിഞ്ഞപ്പോള്‍ സംഘത്തിലൊരാള്‍ കത്തികൊണ്ട് നിരവധിതവണ രാമകൃഷ്ണയുടെ പുറത്തു കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ശബ്ദംകേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കാറില്‍ത്തന്നെ കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണയെ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.