breaking news: ചീഫ് സെക്രട്ടറി നിരുപാധികം മാപ്പ് പറഞ്ഞു

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തിലാണ് മാപ്പ് പറഞ്ഞത്. കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രി കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നത് ചൂണ്ടിക്കാട്ടിയാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സെന്‍കുമാര്‍ കേസില്‍ ഇനി നിയമപോരാട്ടം വേണ്ടെന്നും വിധി നടപ്പാക്കിയതായി കാണിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിധി നടപ്പാക്കാന്‍ വൈകിയത് നിയമോപദേശത്തിന് കാത്തിരുന്നതിനാലാണെന്നും നിര്‍ദേശം പാലിക്കുന്നതില്‍ വീ‍ഴ്ച്ചയുണ്ടായെങ്കില്‍ മാപ്പ് ചോദിക്കുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും കോടതിയലക്ഷ്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം പുറത്തുവന്നത്.