ചിക്കാഗോ മലയാളി അസോസിയേഷന്‍ സി.പി.ആര്‍ ക്ലാസ് നടത്തി

ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തിയ സിപിആര്‍ ക്ലാസ് പ്രശസ്ത സീരിയല്‍, ചലച്ചിത്രതാരം ഡിനി ഡാനിയേല്‍ ഉദ്ഘാടനം ചെയ്യുന്നു. വേദിയില്‍ ഇടത്തുനിന്ന് ചാക്കോ തോമസ് മറ്റത്തിപ്പറമ്പില്‍, ജിമ്മി കണിയാലി, രഞ്ജന്‍ എബ്രഹാം, ഷിജി അലക്‌സ്, ഫിലിപ്പ് പുത്തന്‍പുരയില്‍.

ചിക്കാഗോ: ഹൃദയസ്തംഭനം ഉണ്ടാകുന്ന ആളുകള്‍ക്ക് സി.പി.ആര്‍ കൊടുക്കുന്നതെങ്ങനെയെന്ന് പഠിക്കുന്നതിനും ഇതുപോലെ ഏതെങ്കിലും അടിയന്തിര സാഹചര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് സഹായകരമാകുവാനും കഴിയുമെങ്കില്‍ ഒരു ജീവന്‍തന്നെ രക്ഷിക്കുവാനും സഹായിക്കുന്ന വിധത്തിലുള്ള സി.പി.ആര്‍ ക്ലാസ് ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സി.എം.എ ഹാളില്‍ വെച്ചു നടത്തി. പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശസ്ത സീരിയല്‍ സിനിമാ താരവും നഴ്‌സിംഗില്‍ ബിരുദാനന്ദര ബിരുദധാരിയും മുന്‍ നഴ്‌സിംഗ് ട്യൂട്ടറുമായ ഡിനി ഡാനിയേല്‍ സിപിആര്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഡെസ്‌പ്ലെയിന്‍സിലെ പ്രസെന്‍സ് ഹോളി ഫാമിലി മെഡിക്കല്‍ സെന്റര്‍ നഴ്‌സിംഗ് ഡയറക്ടര്‍ ഷിജി അലക്‌സ് ( MSN, CCRN, CMC, MBA) ആണ് ക്ലാസ് എടുത്തത്.

സെക്രട്ടറി ജിമ്മി കണിയാലി സ്വാഗതവും, ഡയറക്ടര്‍ ബോര്‍ഡ് അംഗം ഷിബു മുളയാനിക്കുന്നേല്‍ കൃതജ്ഞതയും പറഞ്ഞു. സിപിആര്‍ ക്ലാസിന്റെ കണ്‍വീനര്‍ ചാക്കോ തോമസ് മറ്റത്തിപ്പറമ്പിലായിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി. ഫിലിപ്പ് പുത്തന്‍പുരയില്‍, അച്ചന്‍കുഞ്ഞ് മാത്യു, മനു നൈനാന്‍, ജോഷി വള്ളിക്കളം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒരാള്‍ക്ക് ഒരു സ്‌ട്രോക്ക് ഉണ്ടായാല്‍ എങ്ങനെ തിരിച്ചറിയാമെന്നും അപ്പോള്‍ എന്തുചെയ്യണമെന്നും അതുപോലെ കുഞ്ഞുങ്ങള്‍മുതല്‍ വൃദ്ധന്മാര്‍ വരെ വിവിധ പ്രായക്കാര്‍ക്ക് സിപിആര്‍ കൊടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും പങ്കെടുത്തവരെ പരിശീലിപ്പിച്ചു.

ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അല്ലാത്തവരുമായ 22 ആളുകള്‍ക്ക് ഷിജി അലക്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഇതുപോലെ ജനോപകാരപ്രദമായ പരിപാടികള്‍ ഇനിയും ചിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട് : ജിമ്മി കണിയാലി