ഏലമലക്കാടുകള്‍ക്ക് തീ പിടിക്കുന്നു!! വനഭൂമി റവന്യൂ ഭൂമിയാക്കാന്‍ നീക്കം

വനഭൂമിയായ ഏലമലക്കാടുകള്‍ റവന്യുഭൂമിയുടെ പദവി നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. ഇടുക്കിയിലെ ഏലമലക്കാടുകള്‍ റവന്യൂഭൂമിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ പുറപ്പാട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വിവാദ തീരുമാനം എടുത്തത്. കയ്യേറ്റത്തിന് സാധുത നല്‍കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

പാരിസ്ഥിതികമായി കേരളത്തിലെ ഏറ്റവും പ്രധാന വനമേഖലകളിലൊന്നായ ഏലമലക്കാടുകള്‍ വനഭൂമിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് മുന്നില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ദേവികുളം ഉടുമ്പന്‍ചോല താലൂക്കുകളിലെ രണ്ടരലക്ഷം ഏക്കര്‍വരുന്ന ഏലംകുത്തകപാട്ടഭൂമി സംരക്ഷിക്കാനും കര്‍ഷകര്‍ക്ക് നല്‍കിയ ഭൂമി അന്യാധീനപ്പെടാതിരിക്കാനും കൂടിയാണ് ഈ നിലപാട് സ്വീകരിച്ചത്. മാര്‍ച്ച് 27ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് അട്ടിമറിച്ചുകൊണ്ടുള്ള തീരുമാനം എടുത്തത്. ഏലം കുത്തകപാട്ടഭൂമി റവന്യൂ ഭൂമിയായി പരിഗണിക്കാനുള്ള തുടര്‍ നടപടികള്‍, റവന്യൂ , വനം വകുപ്പുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൈയ്യേറ്റക്കാരെ സഹായിക്കാനും. ചട്ടം മറികടന്ന് നിര്‍മ്മിക്കുന്ന നൂറിലേറെ റിസോര്‍ട്ടുകള്‍ ക്രമപ്പെടുത്താനുമാണ് ശ്രമം.

നിവേദിത പി.ഹരന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് പുനപരിശോധിക്കുക, കുറിഞ്ഞി സാങ്ച്വറിയുടെ അതിരുകള്‍ പുനര്‍നിര്‍ണ്ണയിക്കുക, പാട്ടഭൂമിയിലെ മരംമുറി ഉദാരമാക്കുക എന്നീ വിവാദ തീരുമാനങ്ങളും യോഗം കൈക്കൊണ്ടിട്ടുണ്ട്. ഭൂ വിനിയോഗത്തില്‍ കടുത്ത നിയന്ത്രണമുള്ള 64ലെ ഭൂമി പതിവ് ചട്ടത്തിലും ഭേദഗതിക്ക് നിര്‍ദ്ദേശമുണ്ട്. വരുമാന പരിധി ഉള്‍പ്പെടെ ഒരു ഉപാധികളും ഇല്ലാതെ സര്‍വ്വര്‍ക്കും പട്ടയം നല്‍കുക, ആനവിലാസം വില്ലേജിനെ മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുക എന്നിവയും യോഗം പരിഗണിച്ചു. കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് പശ്ചിമഘട്ടത്തെ ആകെമാറ്റിമറിക്കാനുള്ള നീക്കം