മൂന്നാറിലെ താജ്മഹല്‍ – ഇസബെല്ലിനു വേണ്ടി ഹെന്‍ട്രി നൈറ്റ് പണിത ദേവാലയം

ഭാര്യയുടെ ഓര്‍മ്മയ്ക്കായി ബ്രിട്ടീഷുകാരന്‍ പണിത ക്രൈസ്തവ ദേവാലയം.

പള്ളിക്കു മുമ്പേ സെമിത്തേരി പണിത ലോകത്തിലെ ആദ്യത്തെ പള്ളിയാണ് മൂന്നാറിലെ ക്രൈസ്റ്റ് ചര്‍ച്ച്. 

പള്ളി പണിതിട്ട് ഡിസംബര്‍ 23-ന് 122 വര്‍ഷം തികഞ്ഞു

പൂര്‍ത്തീകരിക്കപ്പെടാതെ പോയ പ്രണയത്തിന്റെ ശേഷിപ്പാണ് മൂന്നാറിലെ ക്രൈസ്റ്റ് ചര്‍ച്ച് ദേവാലയം.

സി.എസ്.ഐ നോര്‍ത്ത് കേരള മഹാഇടവകയുടെ കീഴിലാണ് ഈ പള്ളി. 

-സുനില്‍ സ്കറിയ മാത്യു-

ശീതക്കാറ്റും കോടമഞ്ഞും ചാറ്റല്‍മഴയുമുള്ള ഒരു രാത്രിയിലാണ് എലനോര്‍ ഇസബെല്‍ മേ മൂന്നാറിലെ തണുത്തുറഞ്ഞ ബംഗ്ലാവിലേക്ക് കാല്‍വച്ചത്. ഇംഗ്ലണ്ടിലെ ബ്യൂഫോര്‍ട്ട് ബ്രാബേസണ്‍ പ്രഭുവിന്റെ മകള്‍. മൂന്നാര്‍ എന്ന സുന്ദരഭൂമി കണ്ടെത്തിയവരില്‍ ഒരാളായ ഹെന്‍ട്രി മാന്‍സ്ഫീല്‍ഡ് നൈറ്റിന്റെ നവവധു. ഇംഗ്ലണ്ടില്‍ നടന്ന പ്രൗഢഗംഭീരമായ വിവാഹത്തിനു ശേഷം എലനോര്‍ ഭര്‍ത്താവിനൊപ്പം മധുവിധു ആഘോഷിക്കാന്‍ 1894 ഡിസംബറിലെ ക്രിസ്തുമസ് ആഴ്ചയില്‍ മൂന്നാറിലെത്തി.

മൂന്നാറിന്റെ വശ്യസൗന്ദര്യം ആ ഇരുപത്തിമൂന്നുകാരിയെ വല്ലാതെ ആകര്‍ഷിച്ചു. പ്രഭാതത്തില്‍ തേയില ഗന്ധമുള്ള മലഞ്ചെരുവുകളില്‍ നടക്കാനിറങ്ങി. താഴ്‌വരയില്‍ നദി. അകലെ ആനമുടിയുടെ വന്യസൗന്ദര്യം. താമസിച്ചിരുന്ന ബംഗ്ലാവിന് പുറകിലുള്ള പുല്‍മേട്ടില്‍ എലനോര്‍ പ്രണയഭരിതയായി. തോളുരുമ്മി നിന്ന ഭര്‍ത്താവിനോട് ഏതോ നിമിഷത്തില്‍ പറഞ്ഞു. ‘ഞാന്‍ മരിക്കുമ്പോള്‍, എന്നെ ഇവിടെ മറവു ചെയ്യണം”. ഹെന്‍ട്രി നൈറ്റ് ഭാര്യയുടെ വാക്കുകള്‍ അത്ര കാര്യമാക്കിയില്ല. എലനോര്‍ മൂന്നാര്‍ മുഴുവന്‍ ചുറ്റി നടന്നു. താഴ്‌വരകളിലും തോട്ടങ്ങളിലും പുഴക്കരയിലുമൊക്കെ. വൈകുന്നേരം തോട്ടമുടമകളായ ഇംഗ്ലീഷുകാരുടെ പാര്‍ട്ടിയില്‍ പങ്കെടുത്തു. നവവധുവിന്റെ നാണത്തോടെ അവള്‍ എല്ലായിടത്തുമുണ്ടായിരുന്നു.

പിറ്റേന്ന് പക്ഷേ എലനോര്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റില്ല. ഡോക്ടര്‍ എത്തി. അസുഖം കോളറയാണെന്ന് സ്ഥിരീകരിച്ചു. മലമുകളില്‍ അന്ന് കോളറയ്ക്ക് ചികിത്സയില്ലായിരുന്നു. ഡിസംബര്‍ 23-ന് അര്‍ദ്ധരാത്രി എലനോര്‍ മരിച്ചു. ക്രിസ്തുമസ് തലേന്ന് ഉച്ചയ്ക്ക് രണ്ടിന് നൈറ്റിന്റെ ബംഗ്ലാവില്‍ നിന്ന് വിലാപയാത്ര ആരംഭിച്ചു. പ്രിയതമയുടെ അന്ത്യവിശ്രമത്തിന് അപ്പോഴേക്കും ഹെന്‍ട്രി സ്ഥലം കണ്ടെത്തിയിരുന്നു. തലേദിവസം അവള്‍ ആവശ്യപ്പെട്ട ഭൂമി. ബംഗ്ലാവിനു പുറകിലെ പുല്‍മേട്ടില്‍, ‘എന്നെ ഇവിടെ അടക്കണം’ എന്ന് അവള്‍ ചൂണ്ടിക്കാട്ടിയ അതേ മണ്ണില്‍. ക്രൈസ്റ്റ് ചര്‍ച്ച് ദേവാലയത്തിലെ ശവമടക്ക് രജിസ്റ്ററില്‍ ആദ്യത്തെ പേര് എലനോര്‍ ഇസബെല്‍ മേയുടേതാണ്. എലനോര്‍ മരിക്കുമ്പോള്‍ ഈ ദേവാലയം ഉണ്ടായിരുന്നില്ല. സെമിത്തേരിയും. നവവധുവിന്റെ ദേഹമടക്കാന്‍ ഹെന്‍ട്രി നൈറ്റ് കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് പള്ളി നിലനില്‍ക്കുന്നത്.

മൂന്നാറിലെ മലഞ്ചെരുവുകളെ ദുഃഖത്തിലാഴ്ത്തിയാണ് എലനോര്‍ കടന്നു പോയത്. നവവധു നഷ്ടപ്പെട്ടത് ഹെന്‍ട്രിയെയും തകര്‍ത്തു. പല ദിവസങ്ങളിലും ഭാര്യയുടെ ശവകുടീരത്തില്‍ ഏകനായി നില്‍ക്കുന്ന ആ ചെറുപ്പക്കാരന്‍ മൂന്നാറിന്റെ ദുഃഖസാന്ദ്രമായ കാഴ്ചയായി. സുഹൃത്തായ ജയിംസ് മ്യൂറിന്റെ ക്യാമറയില്‍ എലനോറിന്റെ അന്ത്യവിശ്രമസ്ഥലം പകര്‍ത്തി. ആ ഫോട്ടോ എപ്പോഴും കൊണ്ടു നടക്കുമായിരുന്നു. കാട്ടുമൃഗങ്ങള്‍ വിഹരിച്ചിരുന്ന സ്ഥലത്താണ് എലനോറിനെ അടക്കിയത്. കാട്ടാനകളെ പേടിച്ച് ഹെന്‍ട്രി ശവകുടീരത്തിനു ചുറ്റും കിടങ്ങ് നിര്‍മ്മിച്ചു.

എലനോറിന്റെ മരണശേഷം കണ്ണന്‍ദേവന്‍ കമ്പനിയുടെ ആദ്യ ജനറല്‍ മാനേജരായി ചുമതലയേറ്റ ഹെന്‍ട്രിയാണ് മൂന്നാറിനെ തേയിലയുടെ സമൃദ്ധിയിലേക്ക് ഉയര്‍ത്തിയത്. 1900 ഏപ്രില്‍ 15-ന് ഈസ്റ്റര്‍ നാളില്‍ എലനോറിന്റെ ശവകുടീരമടങ്ങുന്ന സെമിത്തേരി ഹെന്‍ട്രി ക്രൈസ്റ്റ് ചര്‍ച്ചിന് കൈമാറി. 1911-ല്‍ ബ്രിട്ടീഷ് മാതൃകയില്‍ അവിടെ ദേവാലയവും നിര്‍മ്മിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം വാര്‍ദ്ധക്യകാലത്ത് ഹെന്‍ട്രി ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി.

dsc02109

എലനോറിനു ശേഷം ഒട്ടേറെ ഇംഗ്ലീഷുകാരുടെ മൃതദേഹങ്ങള്‍ ഈ സെമിത്തേരിയില്‍ അടക്കിയിട്ടുണ്ട്. ഹൈറേഞ്ചില്‍ ആദ്യ തോട്ടം തുടങ്ങിയ ബാരന്‍ റോസന്‍ ബര്‍ഗ്, മൂന്നാറിലെ ആദ്യ പ്ലാന്റര്‍ ടോബി മാര്‍ട്ടിന്‍, നാലര വയസ്സുകാരന്‍ മകന്‍ മാര്‍ട്ടിന്‍ തുടങ്ങി അന്‍പതോളം ഇംഗ്ലീഷുകാര്‍ ഇവിടെ അന്ത്യവിശ്രമത്തിലാണ്. കുതിരപ്പുറത്തു നിന്ന് വീണാണ് കുഞ്ഞു മാര്‍ട്ടിന്‍ മരിച്ചത്. രണ്ട് യുവ ഇംഗ്ലീഷുകാരും ഇവിടെ ഉറങ്ങുന്നുണ്ട്. തോട്ടത്തിലെ അസിസ്റ്റന്റ് മാനേജര്‍മാരായിരുന്ന ജെയിംസ് മേ ഫീല്‍ഡയും ആന്‍ഡ്രൂ ജോണ്‍ പെയ്ത്തനും മൂന്നാര്‍ നദിയിലേക്ക് കാര്‍ മറിഞ്ഞു മരിച്ചവര്‍.

ദേവാലയത്തിനു മുമ്പേ സെമിത്തേരി രൂപീകൃതമായി എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്. ലോകത്തു തന്നെ ഒരു പക്ഷേ. ആദ്യമായിട്ടാവും ഇത്തരത്തില്‍ പള്ളിക്കുമുമ്പേ സെമിത്തേരിയുണ്ടാകുന്നത്. 1981-ല്‍ ബ്രീട്ടീഷുകാര്‍ സെമിത്തേരി സി.എസ്.ഐ സഭയുടെ നോര്‍ത്ത് കേരള മഹാ ഇടവകയ്ക്ക് കൈമാറി. ദക്ഷിണേഷ്യയിലെ ബ്രിട്ടീഷ് അസോസിയേഷന്റെ അന്താരാഷ്ട്ര സെമിത്തേരി ഡയറക്ടറിയില്‍ ഇപ്പോഴും ഈ സെമിത്തേരിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട്.

പൂര്‍ത്തീകരിക്കപ്പെടാതെ പോയ ഒരു പ്രണയത്തിന്റെ ശേഷിപ്പാണ് ക്രൈസ്റ്റ് ചര്‍ച്ച് ദേവാലയവും സെമിത്തേരിയും, താജ്മഹലിനെപ്പോലെ.

എന്തിന് മൂന്നാറുകാര്‍ പോലും നൈറ്റ് – എലനോര്‍ ദമ്പതിമാരെ മറന്നിരിക്കുന്നു. എങ്കിലും ക്രൈസ്റ്റ് ദേവാലയത്തിന്റെ സെമിത്തേരിയില്‍ ഏറ്റവും ഉയരമുള്ള ഭാഗത്തൊരു കല്‍പ്പാളി മഞ്ഞും മഴയും വെയിലും കാറ്റും ചെറുത്തു കൊണ്ട് സമൗനം കാക്കുന്നു. കല്ലറയില്‍ കൊത്തി വെച്ചിരിക്കുന്ന ഈ അക്ഷരങ്ങള്‍,  അതിന്റെ പ്രാര്‍ത്ഥന. ‘ELANOR ESABEL MAY, 

Dearly Beloved Wife of Hendry Mansfield Knight and youngest daughter of Beaufort Brabazon MD; Died 23 December 1894, aged 23 years. Lord all pitying Jesus blest grant her thine eternal rest.”