ജയന്‍: അകാലത്തില്‍ പൊലിഞ്ഞ ആക്ഷന്‍ ഹീറോ

മരിച്ച് 36 വര്‍ഷം കഴിഞ്ഞിട്ടും ആരാധകവൃന്ദം

 -ആദി അനിത-
 അംഗലാവണ്യത്തിന്റെയും ശബ്ദഗാംഭീര്യത്തിന്റെയും പ്രാധാന്യം മലയാളിക്ക് മനസിലാക്കിത്തന്ന നടനായിരുന്നു ജയന്‍. കരുത്തിന്റെയും പൗരുഷത്തിന്റെയും മുഖമായിരുന്നു ജയന്‍. സിനിമ അടക്കി വാണിരുന്ന നസീറിനെയും സത്യനെയും വരെ ഞെട്ടിച്ചുകൊണ്ടാണ് അങ്ങാടിയിലൂടെ ജയന്‍ മുന്‍നിരയിലേക്ക് വന്നത്. അന്നത്തെ യുവപ്രേക്ഷകരുടെ ഹരമായി ജയന്‍ പെട്ടെന്ന് മാറി. പിന്നീട് ജയന്റെ സിനിമകളിറങ്ങുമ്പോള്‍ തിയറ്ററുകളില്‍ തിരയിളക്കമായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ ചെറുപ്പകാലത്ത് ജയന്റെ സിനിമകള്‍ കാണാന്‍ കാണാന്‍ ഒരുപാട് ഇടികൊണ്ടിട്ടുണ്ട്.
1980 നവംബര്‍ 16 ന് ‘കോളിളക്കം’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തി ലായിരുന്നു ജയന്റെ അന്ത്യം. 36 വര്‍ഷം കഴിഞ്ഞിട്ടും ജയന് ഇന്നും പ്രേക്ഷകമനസില്‍ സ്ഥാനമുണ്ട്. മലയാള സിനിമയിലെ സംഘട്ടന രംഗങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയത് ജയനാണ്, പ്രത്യേകിച്ച് സാഹസിക രംഗങ്ങളില്‍. അത് അദ്ദേഹത്തിന്റെ ജീവനും കൊണ്ടാണ് പോയത്. ഘന ഗാംഭീര്യ ശബ്ദവും ആകര്‍ഷകമായ സംഭാഷണവും വശ്യതയാര്‍ന്ന ചിരിയും മെയ് വഴക്കവും മുമ്പ് മലയാളത്തിലെ മറ്റൊരു നടനും ഉണ്ടായിരുന്നില്ല. ജേസിയുടെ ‘ശാപ മോക്ഷം’ എന്ന സിനിമയിലൂടെയാണ് ജയന്‍ സിനിമയില്‍ സജീവമാകുന്നത്. മുന്‍പ് ‘പോസ്റ്റു മാനെ കാണാനില്ല’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.
ഹരിഹരന്റെ ‘ശരപഞ്ജരം’ അദ്ദേഹത്തിനു വഴിത്തിരിവായി. പഞ്ചമി, മൂര്‍ഖന്‍, ബെന്‍സ് വാസു, അവനോ അതോ അവളോ, വേനലില്‍ ഒരു മഴ, ഏതോ ഒരു സ്വപ്നം തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ ജയനെ ശ്രദ്ധേയനാക്കി. പ്രേംനസീര്‍ അഭിനയിച്ച ചിത്രങ്ങളില്‍ ജയന്‍ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തതോടെയാണ് ഇന്‍ഡസ്ട്രിയില്‍ അവിഭാജ്യ ഘടകമായി മാറിയത്. നായാട്ട്, ഇത്തിക്കര പക്കി, കരി പുരണ്ട ജീവിതങ്ങള്‍, പാലാട്ട് കുഞ്ഞി ക്കണ്ണന്‍, തച്ചോളി അമ്പു, മാമാങ്കം, ഇരുമ്പഴികള്‍, ചന്ദ്രഹാസം എന്നിവ ഉദാഹരണം. ശക്തി, ദീപം, മനുഷ്യ മ്യഗം, കാന്ത വലയം, പുതിയ വെളിച്ചം, തടവറ, ഇടിമുഴക്കം, കരിമ്പന, അന്തപ്പുരം, മീന്‍, അങ്ങാടി എന്നീ സിനിമകള്‍ ജയനെ താരമാക്കി മാറ്റി. പ്രമുഖരായ എല്ലാ സംവിധായകരും നിര്‍മാതാക്കളും വിതരണക്കാരും ജയന്റെ കാള്‍ഷീറ്റിനായി കാത് നിന്നു.
അങ്ങാടിയിലെ പ്രശസ്തമായ ഇംഗ്ലീഷ് ഡയലോഗ്, പ്രേക്ഷകര്‍ കയ്യടിയോടെയാണ് സ്വീകരിച്ചത്. ഇന്നും കാമ്പസ്സുകളിലെ ചെറുപ്പക്കാരും മിമിക്രിക്കാരും ഈ ഡയലോഗ് ഏറ്റു പറയുന്നു. താരത്തിളക്കത്തിന്റെ പരകോടിയില്‍ നില്‍ക്കുമ്പോഴും വളരെ സൗമ്യനായിരുന്നു ജയന്‍. വന്നവഴികള്‍ മറന്നില്ല, നിലപാടുകളില്‍ വിട്ട് വീഴ്ച ചെയ്തില്ല. ജയന്റെ മരണ ശേഷം പുറത്തിറങ്ങിയ ജയന്‍ സിനിമകള്‍ ഹിറ്റുകള്‍ ആയി. ജയന്‍ മരിച്ചിട്ടില്ല, ജയന്‍ അമേരിക്കയില്‍, ജയന്‍ തിരിച്ചു വരും തുടങ്ങിയ പേരുകളില്‍ ആരാധകരെ ലക്ഷ്യം വെച്ച് പല പുസ്തകങ്ങളും അക്കാലത്ത് പ്രസിദ്ധീകരി ക്കുകയുണ്ടായി. ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട ജയന്‍ മരിച്ചിട്ടില്ലെന്നും, പ്ലാസ്റ്റിക് സര്‍ജറിക്കായി അമേരിക്കയിലേക്ക് കൊണ്ടു പോയിരിക്ക യാണെന്നും വാര്‍ത്ത പരന്നിരുന്നു. മരിക്കുന്ന സമയത്ത് അത്ര വല്യൊരു താരമായി ജയന്‍ വളര്‍ന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ട.