സി പി ഐ സൗജന്യമായി നൽകി കൊണ്ടിരിക്കുന്ന ഉപദേശം കേരള കോൺഗ്രസിന് ആവശ്യമില്ലെന്ന് കേരള കോണ്‍ഗ്രസ്‌

സിപിഐയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് (എം). സി പി ഐ മലർന്നു കിടന്ന് തുപ്പരുതെന്ന് കേരള കോൺഗ്രസ് (എം) വ്യക്തമാക്കി. സിപിഐഎം ഔദാര്യപൂർവം അനുവദിച്ച പാർലെമെന്റ് സീറ്റ് ലക്ഷങ്ങൾക്ക് വിറ്റ പാരമ്പര്യമുള്ളവർ മറ്റുള്ളവരെ ആദർശം പഠിപ്പിക്കുന്നത് മലർന്നു കിടന്ന് തുപ്പുന്നതു പോലെയാണെന്നും കേരള കോൺഗ്രസ് എം കുറ്റപ്പെടുത്തി.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജയിക്കുമെന്ന് ഉറപ്പുള്ള ഒരു പഞ്ചായത്ത് പോലും സി പി ഐക്കില്ല. സി പി എമ്മിന്റെ സഹായമില്ലെങ്കിൽ സി പി ഐ വെറും കടലാസുതോണി മാത്രമാണെന്നും കേരളാകോൺഗ്രസ്പറയുന്നു.

കേരള കോൺഗ്രസ് -എം ഒരു മുന്നണിയിലും ചേരാൻ തീരുമാനിച്ചിട്ടില്ല. വിളിക്കാത്ത സദ്യക്ക് സി പി ഐ ഉണ്ണാൻ വരേണ്ട കാര്യവുമില്ല. സി പി ഐ സൗജന്യമായി നൽകി കൊണ്ടിരിക്കുന്ന ഉപദേശം കേരള കോൺഗ്രസിന് ആവശ്യമില്ലെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.