കുമ്മനം പ്രചരിപ്പിച്ചത് വ്യാജ വീഡിയോ: കണ്ണൂര്‍ എസ്.പി

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പുറത്ത് വിട്ടത് വ്യാജ വീഡിയോയെന്ന് കണ്ണൂര്‍ എസ്പി ശിവ വിക്രം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദം
പ്രകടിപ്പിക്കുന്നതിന്റെ വീഡിയോ എന്ന പേരിലാണ് കുമ്മനം ഒരു വീഡിയോ പുറത്ത് വിട്ടത്.

എന്നാല്‍ കുമ്മനം പുറത്ത് വിട്ട വീഡിയോയില്‍ കാണുന്ന ആഹ്ലാദ പ്രകടനം കണ്ണൂര്‍ ജില്ലയില്‍ നടന്നതായി അറിയില്ലെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ദൃശ്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആഹഌദപ്രകടനത്തിന്റേതെന്ന പേരില്‍ പുറത്ത് വന്ന വീഡിയോ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പാപ്പിനിശേരിയില്‍ ഇത്തരം പ്രകടനം നടന്നതായി അറിയില്ലെന്ന് ഡി.വൈ.എസ്.പി സദാനന്ദനും വ്യക്തമാക്കി.

കുമ്മനം രാജശേഖരന്‍ പോസ്റ്റ് ചെയ്ത വീഡിയോയും കുറിപ്പും നിമയവിരുദ്ധമാണെന്നും ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. അതേ സമയം കുമ്മനം നട്ടാല്‍ കുരുക്കാത്ത നുണയായി പ്രചരിപ്പിച്ച വീഡിയെ ക്ഷേത്രോത്സവത്തിന്റേതാണെന്ന തെളിവുമായി സോഷ്യല്‍ മീഡിയ എത്തിയിരുന്നു. കുമ്മനത്തെ പൊളിച്ചടുക്കിയ സോഷ്യല്‍ മീഡിയ ശക്തമായ വിമര്‍ശനമാണ് കുമ്മനത്തിന് എതിരെ തൊടുത്ത് വിട്ടത്.