നോട്ട് പിന്‍വലിക്കല്‍: രാജ്യത്തെ സാമ്പത്തിക അരാജകത്വം പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയം -സുധീരന്‍

നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ ഫലമായി രാജ്യത്ത് സാമ്പത്തിക രംഗത്ത് വന്നിട്ടുള്ള അരാജകവും അരക്ഷിതവുമായ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഇന്ദിരാഭവനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
നോട്ട് അസാധുവാക്കിയിട്ട് എട്ട് ദിവസം കഴിഞ്ഞിട്ടും ഇന്നും സാധാരണക്കാരുടെ ദുരിതം വര്‍ധിച്ച് വരികയാണ്. ഈ വിഷയത്തില്‍ ജനങ്ങളുടെ പ്രതിഷേധം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായി നവംബര്‍ 21 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും.
മറ്റുജില്ലകളില്‍ ഡി.സി.സി. നിശ്ചയിക്കുന്ന ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും മാര്‍ച്ച് നടത്തും. അതിനുശേഷവും ഇതിന് ഫലപ്രദമായ പ്രശ്‌നപരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ശക്തമായ സമരം വ്യാപകമാക്കുമെന്നും സുധീരന്‍ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് വിദേശത്ത് 80 ലക്ഷം കോടി കള്ളപ്പണം ഉണ്ടെന്നും അധികാരത്തില്‍ വന്ന് 100 ദിവസത്തിനകം അതെല്ലാം ഇന്ത്യയില്‍ കൊണ്ടുവന്ന് ഓരോരുത്തരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് അവകാശപ്പെട്ട നരേന്ദ്രമോദി ആ രംഗത്ത് തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്.അതിന്റെ ജാള്യതയില്‍ നിന്നും തടിതപ്പാനും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളുടെ ഫലമായി ഉയര്‍ന്ന് വന്ന ജനരോക്ഷത്തില്‍ നിന്നും രക്ഷപെടാനുമാണ് യാതൊരു തയ്യാറെടുപ്പുമില്ലാതെയുള്ള നോട്ട് പിന്‍വലിക്കല്‍ നടപടി.
വേണ്ടത്ര മുന്‍കരുതലുകളില്ലാതെ നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ സാധരണക്കാരുടെ ജീവിതം താളംതെറ്റിച്ചിരിക്കുകയാണ്. ഈ നടപടിക്കെതിരെ ജനരോക്ഷം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരികയാണ്. ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാരുകളേയും സഹകരണ സ്ഥാപനങ്ങളേയും വിശ്വാസത്തിലെടുത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.
റിസര്‍വ്വ് ബാങ്കിന്റെ ലൈസന്‍സുള്ള ജില്ലാ സഹകരണ ബാങ്കുകളെ ഇക്കാര്യത്തില്‍ മാറ്റിനിര്‍ത്തിയ നടപടിക്ക് ഏതൊരു ന്യായീകരണവുമില്ല. വന്‍കിടക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ വ്യഗ്രത കാണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരോട് ക്രൂരമായ നിലപാടാണ് സ്വീകരിക്കുന്നത്. കാര്‍ഷിക വായ്പകള്‍ക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.