കരഞ്ഞുപറഞ്ഞിട്ടും പിതാവ് ചികിത്സിച്ചില്ല; ക്യാന്‍സര്‍ ബാധിച്ച കുഞ്ഞ് മരിച്ചു

ഹൈദരാബാദ്: മനുഷ്യത്വമുള്ള ആര്‍ക്കും കേട്ടില്ലെന്നുവെക്കാനാകുമായിരുന്നില്ല സായി ശ്രീയുടെ ഇടറിയ വാക്കുകള്‍. എന്നാല്‍ മനുഷ്യത്വം മരവിച്ച ആ വ്യക്തിയുടെ നിസ്സംഗത ആ പതിമൂന്നുകാരിയുടെ ജീവനെടുത്തു. അവള്‍ അയാളുടെ മകളായിരുന്നു.

ക്യാന്‍സര്‍ ബാധിച്ച തനിക്ക് ചികിത്സ നല്‍കണമെന്ന് പിതാവായ ശിവകുമാറിനോട് മകളായ സായി ശ്രീ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ സായിയുടെ വാക്കുകള്‍ ശിവകുമാര്‍ കൈക്കൊണ്ടില്ല. തന്‍റെ വാക്കുകള്‍ ബാക്കിനിര്‍ത്തി ഒടുവില്‍ സായി മരണത്തിനു കീഴടങ്ങി.

അച്ഛന്‍ ശിവകുമാറും അമ്മ സുമ ശ്രീയും കഴിഞ്ഞ വര്‍ഷം ബന്ധം വേര്‍പെടുത്തിയതോടെയാണ് ക്യാന്‍സര്‍ രോഗിയായ സായി ശ്രീയുടെ ജീവിതം മാറിമറിഞ്ഞത്. അമ്മയുടെ കൂടെയായിരുന്നു പിന്നീട് സായിയുടെ താമസം. മകളുടെ ചികിത്സ നടത്താനുള്ള പണം കണ്ടെത്താന്‍ സുമയ്ക്ക് കഴിയാതെവന്നതോടെയാണ് സായി ദുരിതത്തിലായത്.

തുടര്‍ന്നാണ് സായി സെല്‍ഫി വീഡിയോ എടുത്ത് ശിവകുമാറിന് അയച്ചത്. എന്നാല്‍ മകളെ കാണാനോ ചികിത്സിപ്പിക്കാനോ ശിവകുമാര്‍ ശ്രമിച്ചില്ല. മാത്രവുമല്ല, പണം കണ്ടെത്താനായി വീട് വില്‍ക്കാന്‍ ശ്രമിച്ച സുമയെ എംഎല്‍എയെക്കൊണ്ട് ഭീഷണിപ്പെടുത്തുകയും ചെയ്‍തു.

“ഡാഡി, എന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യൂ, ഇല്ലെങ്കില്‍ ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ല,” എന്നായിരുന്നു ശിവകുമാറിന് അയച്ച വീഡിയോയില്‍ സായി പറഞ്ഞത്. “ഡാഡിയുടെ കയ്യില്‍ പണമില്ലെങ്കില്‍ നമ്മുടെ സ്ഥലം വില്‍ക്കാന്‍ അമ്മയെ സമ്മതിക്കണം. സ്ഥലം വിറ്റെങ്കിലും എന്നെ ചികിത്സിപ്പിക്കണം. ഇല്ലെങ്കില്‍ ഞാന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എങ്ങനെയെങ്കിലും എന്നെ രക്ഷിക്കണം. ഞാന്‍ സ്‍കൂളില്‍ പോയിട്ട് ദിവസങ്ങളായി. എനിക്ക് സ്‍കൂളില്‍ പോകണം, കൂട്ടുകാരുമായി കളിക്കണം. അമ്മ പണമെല്ലാം എടുക്കുമെന്നാണ് ഡാഡി വിചാരിക്കുന്നതെങ്കില്‍ ഡാഡിതന്നെ എന്നെ കൊണ്ടുപോയി ചികിത്സിച്ചാല്‍ മതി,” ഇങ്ങനെയായിരുന്നു സായിയുടെ വാക്കുകള്‍.

ഹൈദരാബാദിലെ ഒരു പ്രാദേശിക ചാനല്‍ പുറത്തുകൊണ്ടുവന്ന വാര്‍ത്തക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്. സായിയുടെ ചികിത്സക്ക് പണം നല്‍കാതിരുന്ന ശിവകുമാറിനെതിരെ മനുഷ്യാവകാശ കമ്മീഷനും പോലീസും കേസെടുത്തിട്ടുണ്ട്.