കൊച്ചി മെട്രോ ഉദ്ഘാടനവും വിവാദത്തില്‍; പ്രധാനമന്ത്രിയുടെ സമയം ചോദിച്ചില്ല; കെ.എം.എം.ആറിനെയും ഇതുവരെ അറിയിച്ചിട്ടില്ല

കൊച്ചി മെട്രോ റയില്‍ ഉദ്ഘാടനത്തെച്ചൊല്ലി വിവാദം. കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടക്കുമെന്ന്  മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു.

എന്നാൽ മെട്രോ ഉദ്ഘാടനം ഈ മാസം മുപ്പതാം തീയതിയാണെങ്കില്‍  പ്രധാനമന്ത്രി എത്തില്ല. ഈ മാസം 29 മുതല്‍ ജൂണ്‍ മൂന്നുവരെ പ്രധാനമന്ത്രി വിദേശയാത്രയിലാകും.  ഒന്നരമാസം മുമ്പ് നിശ്ചയിച്ചതാണ് വിദേശയാത്ര.  ജൂണ്‍ നാല് മുതല്‍ ആറുവരെ പ്രധാനമന്ത്രിക്ക് സൗകര്യമുണ്ടാകുമെന്ന് ഓഫിസ് അറിയിച്ചു.  മെട്രോ ഉദ്ഘാടനത്തീയതി കേന്ദ്ര നഗരവികസന മന്ത്രാലായത്തെയും അറിയിച്ചിട്ടില്ല.

പ്രധാനമന്ത്രിക്ക് അടുത്ത ദിവസങ്ങളിലൊന്നും സമയമൊത്തില്ലെങ്കില്‍ മെട്രോയുടെ ഉദ്ഘാടനം നീട്ടിക്കൊണ്ട് പോകാനാകില്ലെന്നും  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും  കടകംപളളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.ആലുവയില്‍ വച്ചായിരിക്കും ഉദ്ഘാടനച്ചടങ്ങുകളെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി രാജ്യത്തില്ലാത്ത ദിവസംനോക്കി തന്നെ ഉദ്ഘാടനം നിശ്ചയിച്ചത് മനഃപൂര്‍വ്വമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രധിഷേധാര്‍ഹമാണ്. പ്രധാനമന്ത്രി ഒരുവിധേനയും പങ്കെടുക്കാതിരിക്കാനാണ് ഇത്തരമൊരു നടപടി. ഇത് സാമാന്യ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും കുമ്മനം പറഞ്ഞു.

പ്രധാനമന്ത്രിയെ അപമാനിക്കാൻ സര്‍ക്കാര്‍ കരുതിക്കൂട്ടി നടത്തിയ നീക്കമാണിതെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. വിദേശപര്യടനത്തിന്റെ തീയതി ഏപ്രിൽ19നുതന്നെ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടതാണ്. പ്രധാനമന്ത്രി ഇന്ത്യയിൽ ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ ഉദ്ഘാടനം തീരുമാനിച്ചതിലൂടെ തികഞ്ഞ അൽപ്പത്തമാണ് കേരളസർക്കാർ കാണിക്കുന്നത്. ഇതുകൊണ്ട് കേരളത്തിന് ദോഷമേ ഉണ്ടാവുകയുള്ളൂവെന്നും കെ.സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാതിരിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ബിജെപി നേതാവ് എം.ടി. രമേശ് ആരോപിച്ചു.