കള്ളപ്പണം വെളുപ്പിക്കാന്‍ വളഞ്ഞ വഴികള്‍

തിരുവനന്തപുരം: കള്ളപ്പണം മാറാന്‍ ഇതര സംസ്ഥാന തൊഴിലാളികളെയും ജീവനക്കാരെയും ഉപയോഗിക്കുന്നതായി സംസ്ഥാന പൊലീസ് ഇന്റലിജന്‍സ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനം. പെരുമ്പാവൂര്‍ മേഖലയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന പണം മാറ്റല്‍, നിക്ഷേപം എന്നിവയുടെ വിശദാംശങ്ങള്‍ അന്വേഷിക്കാനും നിര്‍ദ്ദേശം. മലയോര മേഖലകളിലുമുള്ള പണം മാറ്റലുകളും നിരീക്ഷിക്കുന്നു.
നിര്‍മ്മാണ മേഖലയിലെ കരാറുകാരും ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുമാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ അക്കൗണ്ടുകളും തിരിച്ചറിയല്‍ രേഖകളും വ്യാപകമായി ഉപയോഗിക്കുന്നത്. പണം മാറി നല്‍കുന്നവര്‍ക്കായി ചെറിയ പ്രതിഫലവും നല്‍കുന്നതായി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ചില വന്‍ വ്യവസായികള്‍ ജീവനക്കാരുടെ അക്കൗണ്ടുകള്‍ വ്യാപകമായി ഉപയോഗിക്കുകയാണെന്നേം സൂനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ സജീവമാക്കി. പലതവണ തൊഴിലാളികളെ ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ നിന്ന് പണം മാറിയെടുത്തിട്ടുണ്ട്. ഇതിനുപുറമെ തൊഴിലാളികളുടെ ശമ്പളം ഇന്‍സന്റീവ്, സ്‌പെഷല്‍ ബോണസ്, ശമ്പള അഡ്വാന്‍സ് തുടങ്ങിയ പേരുകളിലും അവരുടെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നുണ്ട്.
ഹോട്ടല്‍, ആശുപത്രി, കണ്‍സ്ട്രക്ഷന്‍ മേഖലകളിലെ തൊഴിലാളികളെയാണ് പണം മാറാന്‍ ഉപയോഗിക്കുന്നത്. ചെക്കുകള്‍ മുന്‍കൂര്‍ ഒപ്പിട്ടുവാങ്ങുകയും പണം നിക്ഷേപിച്ചശേഷം പിന്‍വലിച്ച് തിരികെ നല്‍കുമെന്ന് ഉറപ്പുവരുത്തിയുമാണ് തൊഴിലാളുകളുടെ എസ്.ബി അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. ഇതിന് ചെറിയ തുക തൊഴിലാളികള്‍ക്ക് നല്‍കുകയും ചെയ്യും. തെക്കന്‍ കേരളത്തിലും മലബാറിലുമാണ് കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി ഇത്തരത്തില്‍ തിരിമറികള്‍ നടന്നതെന്നാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കര്‍ഷകരുടെ പേരിലും ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നു.
മലയോര മേഖലകളിലും ആദിവാസി മേഖലകളിലും മാവോയിസ്റ്റ് സംഘടനകള്‍ പ്രദേശവാസികളുടെ അക്കൗണ്ടുവഴിയോ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചോ പണമിടപാടുകള്‍ നടത്താന്‍ ഇടയുണ്ടെന്ന് കഴിഞ്ഞയാഴ്ച അവസാനം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ നിരീക്ഷണത്തില്‍ ചില അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. വ്യാപകമായ അന്വേഷണത്തിനും പൊലീസ് തയ്യാറെടുക്കുകയാണ്. കഴിഞ്ഞദിവസം കൂടുതല്‍ തവണ ബാങ്കില്‍ എത്തിയവരെയും പതിവില്‍ നിന്ന് വ്യത്യസ്തമായി പണമിടപാട് നടത്തിയവരെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉന്നതതല അനുമതി ലഭിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.