സാമ്പത്തിക പ്രതിസന്ധിയും സമരവും ഈ ചിത്രങ്ങള്‍ക്ക് പാരയാകുമോ?

 -ആദി അനിത-

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അഞ്ചൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിന്‍വലിച്ചത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ നിര്‍മാതാക്കളും വിതരണക്കാരും പ്രഖ്യാപിച്ച സമരവും ചലച്ചിത്രമേഖലയില്‍ ആശങ്ക പടര്‍ത്തുന്നു. ഒരു ദിവസത്തെ ചിത്രീകരണത്തിന് നാല് ലക്ഷം രൂപയോളം വേണ്ടിവരും. ഇപ്പോള്‍ ചെക്ക് കൊടുത്താണ് നിര്‍മാതാക്കള്‍ കാര്യങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഭക്ഷണം, വാഹനം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പണം തികയാതെ കുഴയുകയാണ്. ബാങ്കില്‍ നിന്ന് ആഴ്ചയില്‍ 24000 രൂപ മാത്രമേ പിന്‍വലിക്കാനൊക്കൂ. പശിലക്കാരുടെ കയ്യിലുള്ളത് പഴയ നോട്ടുകളാണ്. അങ്ങനെ പോകുന്നു പ്രശ്‌നങ്ങള്‍. എന്നാല്‍ ഇതെല്ലാം പരിഹരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ ചിത്രീകരണവും പ്രീപ്രൊഡക്ഷന്‍ ജോലികളും പുരോഗമിക്കുന്നു.
മോഹന്‍ലാല്‍ യുദ്ധത്തിനൊരുങ്ങുന്നു
mohanlal-major-raviമോഹന്‍ലാലും മേജര്‍രവിയും ഒരുമിക്കുന്ന മൂന്നാമത്തെ പട്ടാള ചിത്രമായ 1971 ബിയോണ്ട് ദ ബോര്‍ഡര്‍ രാജസ്ഥാനില്‍ പുരോഗമിക്കുന്നു. അതിര്‍ത്തിയില്‍ ജോലി നോക്കുന്ന മൂന്ന് പട്ടാളക്കാരുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. മോഹന്‍ലാലും രവിയും ആദ്യം ചെയ്ത കീര്‍ത്തിചക്ര വന്‍വിജയമായിരുന്നു. എന്നാല്‍ കാണ്ഡഹാര്‍ ഏട്ട് നിലയില്‍ പൊട്ടി. മുഹമ്മദ് ഹനീഫ് നിര്‍മിക്കുന്ന ചിത്രത്തിന് സംവിധായകന്‍ തന്നെയാണ് തിരക്കഥ എഴുതിയത്. പ്രിയങ്കാ ചൗധരിയാണ് നായിക. സമുദ്രക്കനി, രണ്‍ജി പണിക്കര്‍, അല്ലുഅര്‍ജുന്റെ സഹോദരന്‍ അല്ലു ഗിരീഷ്, സുധീര്‍കരമന, സൈജു കുറുപ്പ് തുടങ്ങിയ വന്‍ താരനിര തന്നെയുണ്ട്. സുജിത് വാസുദേവാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
മമ്മൂട്ടി ബില്‍ഡറാകുന്നു; വില്ലന്‍ ഐ.എം വിജയന്‍
the-great-father-hd-posterആഡ്ഫിലിംമേക്കറായ ഹനീഫ് അദേനിയുടെ കന്നി സംരംഭമായ ദ ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടി ബില്‍ഡറായി അഭിനയിക്കുന്നു. ആഗസ്റ്റ് ഫിലിംസിന്റെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ആര്യയും ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തൃശൂരും പരിസരങ്ങളിലുമായി ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നു. ഐ.എം വിജയനാണ് വില്ലനായി എത്തുന്നത്. തുറുപ്പ്ഗുലാന് ശേഷം സ്‌നേഹ മമ്മൂട്ടിയുടെ നായികയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ബന്‍ലാദന്‍ താടി വളര്‍ത്തിയിരുന്ന സ്റ്റൈലിലാണ് മമ്മൂട്ടിയുടെ താടിയും ചിത്രത്തിനാണ് വെട്ടിയൊതുക്കിയിരിക്കുന്നത്. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും.
മുകേഷ് ദുല്‍ഖറിന്റെ അച്ഛന്‍
jomonte-suvisheshangal-movie-photos-4സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങളില്‍ മുകേഷ് ദുല്‍ഖര്‍ സല്‍മാന്റെ പിതാവായി അഭിനയിക്കുന്നു. ബാപ്പയായ മമ്മൂട്ടി പോലും സിനിമയില്‍ കാണിക്കാത്ത ധൈര്യമാണ് മുകേഷ് എടുത്തിരിക്കുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രേമം നായിക അനുപമയും കാട്ടമുട്ട നായിക ഐശ്വര്യ രാജേഷും അഭിനയിക്കുന്നു. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. ദീര്‍ഘകാലം സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന സേതു മണ്ണാര്‍കാടാണ് നിര്‍മാതാവ്. തൃശൂര്‍, പൊള്ളാച്ചി, കാഞ്ചീപുരം എന്നിവിടങ്ങളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ക്രിസ്മസിന് റിലീസാകും.
പൂരവുമായി ദിലീപ്
georgettans-pooram-malayalam-movie-12ഡോക്ടര്‍ ലവിന് ശേഷം ജെ.ബിജു സംവിധാനം ചെയ്യുന്ന സിനിമയാണ് ജോര്‍ജ്ജേട്ടന്‍സ് പൂരം. മകനെ പാതിരിയാക്കാന്‍ ആഗ്രഹിക്കുന്ന പിതാവും അതിന് പിടികൊടുക്കാത്ത മകന്റെ കഥയുമാണ് ചിത്രം പറയുന്നത്. ദിലീപ് നായകനായ സിനിമയുടെ തൃശൂരും പരിസരങ്ങളിലുമായിരുന്നു ഷൂട്ടിംഗ്. രണ്‍ജി പണിക്കരാണ് മറ്റൊരു പ്രധാന നടന്‍. ചാന്ദ്വിക്രിയേഷന്‍സും ശിവാനി എന്റര്‍ടെയിന്‍മെന്റും നിര്‍മിക്കുന്ന ചിത്രം  ക്രിസ്മസിന് തിയേറ്ററുകളിലെത്തും. വൈ.വി രാജേഷിന്റേതാണ് തിരക്കഥ.
ഫഹദിന്റെ കോമഡി ചിത്രം
fahadhfazilറാഫിയുടെ കോമഡി ചിത്രത്തില്‍ ഫഹദ് ഫാസിലും നമിത പ്രമോദും ജോഡികളാകുന്നു. ഗോവയില്‍ ചിത്രീകരണം പുരോഗമിക്കുന്നു. സംവിധായകന്‍ പ്രധാന വേഷത്തിലഭിനയിക്കുന്നു എന്ന പ്രത്യേകതയുണ്ട്. സംവിധായകന്റെ സീനുകള്‍ അനുജന്‍ ഷാഫിയാണ് ചിത്രീകരിക്കുന്നത്. കോളജ് സൗഹൃദം പഠനകാലം കഴിഞ്ഞും കാത്ത് സൂക്ഷിക്കുന്ന ഏതാനും പേരുടെ ജീവിതമാണ് ചിത്രം പറയുന്നത്. സെവന്‍ ആട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജി.പി വിജയകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.
നായകനും നിര്‍മാതാവും നിവിന്‍
nivinനിവിന്‍ പോളി നായകനും നിര്‍മാതാവുമാകുന്ന ഞണ്ടുകളുടെ നാട്ടില്‍ എറണാകുളത്ത് നടക്കുന്നു. നിവിന്റെ ബാല്യകാല സുഹൃത്ത് അല്‍ത്താഫാണ് സംവിധായകന്‍. അഹാന കൃഷ്ണകുമാര്‍, ഐശ്വര്യാ രാജേഷ് എന്നിവരാണ് നായികമാര്‍. സംവിധായകനും ജോര്‍ജ് കോരയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായതിനാല്‍ നിവിന്റെ ഈ ചിത്രത്തിന് തിയേറ്റര്‍ ഉടമകള്‍ വന്‍തുക അഡ്വാന്‍സ് നല്‍കി റിലീസിംഗ് പിടിക്കാന്‍ തയ്യാറായിട്ടുണ്ട്.
മോഹന്‍ലാലും മീനയും വീണ്ടും
mohnlalദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ജോഡികളാകുന്ന കുടുംബചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബുജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സിന്ധുരാജ് തിരക്കഥ എഴുതിയിരിക്കുന്നു. വി.ജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന നോവലിനെ ആസ്പദമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്ടും പരിസരത്തുമായിരുന്നു ചിത്രീകരണം. ദൃശ്യം 2013 ക്രിസ്മസിന് തിയേറ്ററിലെത്തിയത് പോലെ ഈ ചിത്രം 2016 ക്രിസ്മസിനെത്തും.
ഇനിയുമേറ….
കാളിദാസന്റെ പൂമരം, ആസിഫിന്റെ തൃശിവപേരൂര്‍ ക്ലിപ്തം, ടൊവിനോയുടെ ഒരു മെക്‌സിക്കന്‍ അപാരത, ജയസൂര്യയുടെ ഫുക്രി, ജയറാമിന്റെ സത്യ, ദുല്‍ഖറിന്റെ ഒരു ഭയങ്കര കാമുകന്‍,  അനൂപ്‌മേനോന്റെ സുറിയാനി കല്യാണം, സര്‍വ്വോപരി പാലാക്കാരന്‍, ഹണീബി ടു, ധ്യാന്‍ ശ്രീനിവാസിന്റെ ഒരേ മുഖം അങ്ങനെ അരങ്ങിലും അണിയറയിലുമായി ഒരുപാട് ചിത്രങ്ങളുടെ ജോലികള്‍ പുരേഗമിക്കുന്നുണ്ട്.