വീണ്ടും സിനിമാസമരം: സംസ്ഥാനത്തെ മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്ന് മലയാളം സിനിമകള്‍ പിന്‍വലിച്ചു

മലയാള സിനിമാ മേഖലയെ പ്രതിസന്ധിയിലേക്ക് നയിച്ച് വീണ്ടും സമരം. സംസ്ഥാനത്തെ മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകളില്‍ നിന്നും ബാഹുബലി, ഗോദ, അച്ചായന്‍സ് ഉള്‍പ്പെടെയുള്ള സിനിമകള്‍ പിന്‍വലിച്ചു. നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കേണ്ട വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ചിത്രങ്ങള്‍ പിന്‍വലിക്കുന്നതിലേയ്ക്ക് എത്തിയത്.

നിര്‍മ്മാതാക്കളും വിതരണക്കാരുമാണ് ചിത്രങ്ങള്‍ പിന്‍വലിച്ചത്. ലാഭവിഹിതം എ ക്ലാസ് തിയറ്ററുകളുടെതിന് തുല്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം.

എ ക്ലാസ് തിയറ്ററുകളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ആദ്യത്തെ ആഴ്ച 60 ശതമാനവും, രണ്ടാമത്തെ ആഴ്ച 55 ശതമാനവും, മൂന്നാമത്തെ ആഴ്ച 50 ശതമാനവും ലാഭവിഹിതമാണ് നല്‍കിവരുന്നത്. എന്നാല്‍ മള്‍ട്ടിപ്ലക്‌സില്‍ ഇത് 50 ശതമാനം, 45 ശതമാനം, 40 ശതമാനം എന്ന നിരക്കിലാണ്. ഇത് നഷ്ടമാണെന്നും അംഗീകരിക്കാനാകില്ലെന്നും, മറ്റു തിയേറ്ററുകള്‍ക്ക് സമാനമായി നിശ്ചയിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. നിലവില്‍ സിഐഎ സിനിമ മാത്രമാണ് മള്‍ട്ടിപ്ലക്‌സിലുള്ളത്.