ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഓണ്‍ലൈനാകുന്നു; ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാന്‍ സൗകര്യം ഉടന്‍; നടപടികള്‍ അന്തിമഘട്ടത്തില്‍

കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ (കെ.എസ്.ബി.സി) ചില്ലറ വില്‍പനശാലകളില്‍ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കാനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനും തത്ത്വത്തില്‍ തീരുമാനം.

സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ ഇതു നിലവില്‍ വരും. നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് വകുപ്പു വൃത്തങ്ങള്‍ അറിയിച്ചു. ടോഡി ബോര്‍ഡ് രൂപവത്കരിക്കാനും തീരുമാനമുണ്ട്. നോട്ട് നിരോധനം മൂലം ഉപഭോക്താക്കള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാനുള്ള തീരുമാനം. ഇതിനുള്ള അനുമതിക്കായി സര്‍ക്കാറില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

സമഗ്ര കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. നടപ്പുസാമ്പത്തിക വര്‍ഷംതന്നെ കമ്പ്യൂട്ടര്‍വത്കരണം പൂര്‍ത്തിയാക്കും. ഇതിനുള്ള അനുമതി സര്‍ക്കാറില്‍നിന്നും ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും ലഭിച്ചു. മദ്യ ഇനങ്ങളുടെ വിലവിവരപ്പട്ടിക, എം.ആര്‍.പി സംബന്ധിച്ച വിവരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.

കള്ളുവ്യവസായ മേഖലയിലെ ഗുരുതര പ്രതിസന്ധി നേരിടുന്നതിന് ടോഡി ബോര്‍ഡ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. വിവിധ ട്രേഡ് യൂനിയനുകളുടെ യോഗം വിളിച്ചുചേര്‍ക്കും. ബോധവത്കണ പ്രവര്‍ത്തനങ്ങള്‍ക്ക് ഓഡിയോ-വിഷ്വല്‍ -മൊബൈല്‍ അവയര്‍നെസ് യൂനിറ്റ് സജ്ജമാക്കും.

ആദിവാസി മേഖലയിലും മറ്റു പിന്നാക്ക മേഖലയിലും ജനമൈത്രി എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് മുഖാന്തരം ബോധവത്കരണം നടത്തും. സംസ്ഥാനതലത്തില്‍ 21 കോടി രൂപ ചെലവില്‍ വിമുക്തിയുടെ 26 പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കാനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്.

അട്ടപ്പാടിയിലും വയനാട്ടിലും നിലവിലെ ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസുകള്‍ക്ക് പുറമേ നിലമ്പൂരിലും ദേവികുളത്തും ഓരോ ജനമൈത്രി എക്‌സൈസ് ഓഫിസും ആരംഭിക്കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്.