അവഗണന തുടരുന്നു; വി.എസിനെ ക്ഷണിച്ചില്ല; ഒന്നാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തില്ല

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ നിന്നും മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ വിട്ടുനില്‍ക്കുന്നു.

മുന്‍മുഖ്യമന്ത്രി കൂടിയായ വി.എസിനെ ഔദ്യോഗികമായി ക്ഷണിക്കാതെ, എം.എല്‍.എമാര്‍ക്ക് കൊടുക്കുന്ന പ്രവേശന പാസ് മാത്രം നല്‍കിയതിലുള്ള പ്രതിഷേധം കൊണ്ടാണ് അദ്ദേഹം പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നാണ് വി.എസിന്റെ ഓഫീസ് വൃത്തങ്ങള്‍ നല്‍കിയ സൂചന.

ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ എന്ന നിലയിലുള്ള ക്യാബിനറ്റ് പദവി പരിഗണിച്ചോ, മുതിര്‍ന്ന നേതാവെന്ന പരിഗണന നല്‍കിയോ, വിഎസിന്റെ പേര് നോട്ടീസിലും നല്‍കിയിട്ടില്ല. വി.എസ്സിന്റെ അസാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന് വി.എസിന്റെ ഓഫീസില്‍ നിന്നും വിവരം ലഭിച്ചത്. അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം വിട്ടു നില്‍ക്കുന്നതെന്നാണ് വിശദീകരണം.

സംസ്ഥാനത്തെ എല്ലാ എംഎല്‍എമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ പ്രവേശന പാസ് നല്‍കിയിട്ടുണ്ട്. ഇതു പോലെയൊരു പാസ് മാത്രമാണ് വിഎസ്സിനും ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്നത്.