ലാഭകരമല്ലെന്ന് പറഞ്ഞ് മാനേജര്‍ സ്‌കൂള്‍ പൂട്ടി

സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌ക്കൂളിന് താഴിടാന്‍ അനുവദിക്കാതെ പ്രതിഷേധവുമായി നാട്ടുകാരും രക്ഷിതാക്കളും

അടച്ചുപൂട്ടിയ സ്‌കൂള്‍ മുറികള്‍ കിളിമാനൂര്‍ എ.ഇ.ഒ സന്ദര്‍ശിക്കുന്നു

തിരുവനന്തപുരം: സ്‌കൂള്‍ നടത്തുന്നത് ലാഭകരമായ കച്ചവടമല്ലെന്ന് പറഞ്ഞാണ് മാനേജര്‍ ക്ലാസ് മുറികളും ഉച്ച ഭക്ഷണം തയ്യാറാക്കുന്ന മുറിയും പൂട്ടിയത്. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം മരുതിക്കുന്ന് ഭാസുര വിലാസം യു.പി സ്‌കൂളിലെ 85ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് പഠിക്കാന്‍ ഇടവും ഉച്ച ഭക്ഷണവും ഇല്ലാതെ പ്രതിസന്ധി നേരിടേണ്ടി വന്നത് .
സ്‌കൂള്‍ പൂട്ടണം എന്നാവശ്യപ്പെട്ടുകൊണ്ട് മാനേജര്‍ അധികൃധര്‍ക്ക് കഴിഞ്ഞ മെയ് മാസത്തില്‍ കത്തയച്ചിരുന്നു. എന്നാല്‍ ഇതിന്‍മേല്‍ മറുപടികളൊന്നും ലഭിച്ചിരുന്നില്ല.
ഇന്നലെ രാവിലെ സ്‌കൂള്‍ തുറക്കാനെത്തിയ ജീവനക്കാരാണ് ക്‌ളാസ് മുറിയും ഉച്ച ഭക്ഷണം തയാറാക്കുന്ന മുറിയും പ്രത്യേക താഴുകളിട്ട് പൂട്ടിയതായി കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ഇവര്‍ പി.ടി.എ പ്രതിനിധികളെ വിവരം അറിയിക്കുകയായിരുന്നു.
ഇവര്‍ സ്ഥലത്തത്തി ആവശ്യപ്പട്ടെങ്കിലും മാനേജര്‍ വഴങ്ങിയില്ല.
പ്രദേശത്തെ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയത്തെ ലാഭക്കൊതിയുടെ പേരില്‍ പൂട്ടാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാരും രക്ഷിതാക്കളും പറഞ്ഞു.തുടര്‍ന്ന് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മാനേജരെ ഉപരോധിക്കുയായിരുന്നു.
എ.ഇ.ഒയുടെ അധ്യക്ഷതയില്‍ നടത്തിയ മാനേജ്‌മെന്റും പ്രതിഷേധക്കാരും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാമെന്നും ക്ലാസ് മുറികളുടെ താക്കോല്‍ പ്രധാന അദ്ധ്യാപിക്ക് കൈമാറാമെന്നും മാനേജര്‍ സമ്മതിച്ചു.
പ്രതിഷേധം താല്‍ക്കാലികമായി അവസാനിച്ചുവങ്കിലും, സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാതെ സ്‌കൂള്‍ കോമ്പോണ്ടില്‍ സ്വകാര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് മാനേജര്‍ക്ക് താല്‍പ്പര്യം എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.