അഴിമതി കാണിച്ചതിന് കോണ്‍ഗ്രസ് പുറത്താക്കിയ നേതാവിന് സി.പി.ഐയുടെ ചുവപ്പ് പരവതാനി

ഞങ്ങള്‍ അയാളെ പാര്‍ട്ടിയിലെടുത്താല്‍ നിങ്ങക്കെന്നാ പാര്‍ട്ടിക്കാരെ എന്ന് കാനം ; സി.പി.ഐയുടെ അഴിമതി വിരുദ്ധനിലപാട് പൊളിയുന്നു

ബാലരാമപുരം: മുക്കുന്നിമലയില്‍ അനധികൃത ക്വാറി ഖനനത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിക്ക് സി.പി.ഐ മെമ്പര്‍ഷിപ്പ് നല്‍കി. അഴിമതിക്കെതിരെ സി.പി.ഐ സന്ധിയില്ലാതെ പോരാടുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിലപാട് സ്വീകരിക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ പള്ളിച്ചല്‍ പഞ്ചായത്തംഗം കെ. രാഗേഷിന് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ കഴിഞ്ഞ ദിവസം പള്ളിച്ചലില്‍ നടന്ന ചടങ്ങില്‍ മെമ്പര്‍ഷിപ്പ് നല്‍കിയത്. ഇതിനെതിരെ മൂക്കുന്നിമല പ്രദേശത്തുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. രാഗേഷ് മുന്‍പ് പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ഇയാള്‍ക്കെതിരെ പ്രാദേശിക സി.പി.ഐ നേതൃത്വം സമരം നടത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ രാഗേഷ് അനധികൃതമായി ക്വാറി ഖനനത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് 2014 ഡിസംബറില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ക്ഷന്‍സ് ബ്യൂറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളും ഉള്‍പ്പെടെ നാല്‍പ്പത് പ്രതികളാണ് കേസിലുള്ളത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ രാഗേഷിന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ടിക്കറ്റ് നിഷേധിച്ചു. തുടര്‍ന്ന് 2015 നവംബറില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് നടുക്കാട് വാര്‍ഡില്‍ സ്വതന്ത്രനായി മല്‍സരിച്ച രാഗേഷ് വിജയിച്ചു.
അതേസമയം രാഗേഷിനെ പാര്‍ട്ടിയിലെടുത്ത നടപടിയെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ന്യായീകരിച്ചു. ‘ രാഗേഷിനെതിരായ പരാതി ജില്ലാ കൗണ്‍സിലിന്റെയും ലോക്കല്‍ കൗണ്‍സിലിന്റെയും മുന്നില്‍ വന്നിരുന്നു. ലോക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരമാണ് രാഗേഷിന് അംഗത്വം നല്‍കിയതെന്നും അതിന് അവര്‍ക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.’ വിജിലന്‍സ് കേസിലെ പ്രതിയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് രാഗേഷിനെ പുറത്താക്കിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ‘ കോണ്‍ഗ്രസ് വിട്ടവരെയും ഒഴിവാക്കിയവരെയും മുമ്പും പാര്‍ട്ടിയിലെടുത്തിട്ടുണ്ട്. വിജിലന്‍സ് കേസിന്റെ അന്വേഷണം നടക്കുകയാണ്, അത് പൂര്‍ത്തിയാകുമ്പോള്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും’ കാനം പറഞ്ഞു.
സി.പി.ഐ ജില്ലാ കൗണ്‍സിലിലുള്ള ഒരു മുതിര്‍ന്ന നേതാവ് രാഗേഷിന്റെ അടുത്ത ബന്ധുവാണെന്നും ഇദ്ദേഹത്തിന്റെ താല്‍പര്യപ്രകാരമാണ് പ്രാഥമിക അംഗത്വം നല്‍കിയതെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ ആരോപിച്ചു. അതേസമയം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരാശനായാണ് താന്‍ സി.പി.ഐയില്‍ ചേര്‍ന്നതെന്ന് രാഗേഷ് പറഞ്ഞു. ബി.ജെ.പിയുമായി രഹസ്യസഖ്യം നടത്തിയാണ് കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം നടത്തിയിരുന്നതെന്നും രാഗേഷ് ആരോപിച്ചു. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ തന്നെ ശിക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഗേഷിന് മെമ്പര്‍ഷിപ്പ് നല്‍കാനുള്ള നീക്ക മറിഞ്ഞ് സാമൂഹ്യപ്രവര്‍ത്തക വി.വി വിജിത രണ്ട് മാസം മുമ്പ് കാനംരാജേന്ദ്രന് കത്തെഴുതിയിരുന്നു.
ക്വാറി സമരത്തിന് നേതൃത്വം നല്‍കിയ വിജിതയ്‌ക്കെതിരെ രാഗേഷ് വ്യാജ പരാതി നല്‍കിയതിനെ തുടര്‍ന്ന് അവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം നിരാശപ്പെടുത്തിയെന്ന് വിജിത പറഞ്ഞു.