ഫേസ്ബുക്കുവഴി സുരേന്ദ്രന്റെ വ്യാജ പ്രചാരണം: യു.പിയില്‍ അറുത്ത പശുവിനെ കേരളത്തിലേതാക്കി

കേരളത്തെ വര്‍ഗീയതയിലേക്ക് തള്ളിവിടാന്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക് പ്രചാരണം. കേരളത്തില്‍ നടക്കുന്ന ബീഫ് മേളകള്‍ക്കെതിരായി കെ സുരേന്ദ്രന്‍ എഴുതിയ ഫേസ്ബുക് കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത് യു.പിയില്‍ കഴുത്തറുക്കപ്പെട്ട പശുക്കളുടെ ചിത്രം.

സംസ്ഥാനത്ത് നടന്നുവരുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് തെറ്റിദ്ധാരണയ്ക്ക് കാരണമാകുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ, മുസഫര്‍ നഗര്‍ കലാപത്തിനു കാരണമായത് ഇത്തരത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിച്ച പാക്കിസ്ഥാനില്‍ നിന്നുള്ള വ്യാജ വീഡിയോ ആയിരുന്നു. ഇക്കാര്യം അന്വേഷണ ഏജന്‍സികള്‍ പിന്നീട് കണ്ടെത്തിയിരുന്നു. ജാട്ട് വിഭാഗക്കാരെ മുസ്ലിംകള്‍ ആക്രമിക്കുന്ന എന്ന പേരിലായിരുന്നു ഈ വിഡീയോ സംഘപരിവാര്‍ നേതാക്കള്‍ പ്രചരിപ്പിച്ചത്. 2013 ആഗസ്റ്റില്‍ നടന്ന കലാപത്തില്‍ നൂറോളം മുസ്ലിങ്ങള്‍ കൊല്ലപ്പെടുകയും 50,000ത്തോളം പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിരുന്നു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാടിനെ കശാപ്പ് ചെയ്ത സംഭവത്തില്‍ പശുവിനെ കശാപ്പു ചെയ്‌തെന്നു ഉത്തരേന്ത്യന്‍ സംഘപരിവാര്‍ നേതാക്കള്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണവുമായി കെ സുരേന്ദ്രന്‍ രംഗത്ത് വന്നിരിക്കുന്നത്.

സാമൂഹ്യവിരുദ്ധരും തീവ്രവാദികളും അവസരം മുതലെടുക്കുകയാണെന്നും ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭല്‍സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെടുന്നുണ്ട്.

suru

കേരളത്തിലേതെന്ന നിലയില്‍ ഈ ചിത്രം ദേശവ്യാപകമായി പ്രചരിക്കുന്നതിലൂടെ അപകടകാരികളായ പശു സംരക്ഷകരുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ ജീവന്‍ അപകടത്തിലാവും. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അറവു സമരത്തെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പോലും തള്ളിപ്പറഞ്ഞിരുന്നു. കേരളീയ സമൂഹത്തില്‍ നിന്നും ഇതിനു യാതൊരു വിധ പിന്തുണയും ലഭിച്ചിരുന്നില്ല.

കേരളീയരെല്ലാം പശുക്കളെ അപമാനിക്കുകയും വ്യാപകമായി കൊല്ലുകയും ചെയ്യുന്ന ആളുകളാണെന്ന തരത്തില്‍ മലയാളിയായ ഒരു നേതാവ് നടത്തുന്ന പ്രചാരണം അപകടകരമായ സാഹചര്യം സൃഷ്ട്ടിക്കും. ഉത്തരേന്ത്യയില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങി എല്ലാ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നിരവധി മലയാളികുടുംബങ്ങള്‍ കുടിയേറി താമസിക്കുന്നുമുണ്ട്.

നേരത്തെ കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സന്ദര്‍ഭത്തില്‍ ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ട്വീറ്റ് ചെയ്ത വീഡിയോ വിവാദമാവുകയും വ്യാജപ്രചാരണത്തിനു പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നു എന്ന രീതിയിലായിരുന്നു കുമ്മനത്തിന്റെ ട്വീറ്റ്.

 

[fb_pe url=”https://www.facebook.com/KSurendranOfficial/photos/a.587185508032756.1073741829.582049905212983/1371378279613471/?type=3&theater” bottom=”30″]