എല്ലാം പഴയപടി തന്നെ!!അടച്ച ബാറുകൾ എല്ലാം തുറക്കുന്നു!! പുതിയ മദ്യനയം ജൂണ്‍ 30നകം പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ച ബാറുകൾ എല്ലാം തുറക്കുന്നു. ബാറുകൾ തുറക്കുന്ന തരത്തിൽ മദ്യ നയം രൂപീകരിക്കാൻ സിപിഎമ്മിൽ ഏകദേശ ധാരണയായതായി റിപ്പോർട്ട്. കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ചയ്ക്ക് ശേഷം ഇതിന് തത്വത്തിൽ അംഗീകാരം നൽകിയതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

മദ്യ ലഭ്യത കുറഞ്ഞതോടെ നിരോധിത ലഹരി വസ്തുക്കളുടെ വിൽപ്പന കൂടിയതായും യുവാക്കൾക്കിടയിൽ ലഹരി മാഫിയ പിടി മുറുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ യോഗത്തിൽ വിശദീകരിച്ചു. മുന്നണിയിലെ കക്ഷികളുമായി ഇക്കാര്യം കൂടിയാലോചിക്കാനും തീരുമാനിച്ചിട്ടുണ്ട്.

2007 മാർച്ച് ഒന്നിന് വിഎസ് അച്യുതാനന്ദൻ സർക്കാർ നടപ്പാക്കിയ മദ്യനയം അടിസ്ഥാനമാക്കി പുതിയ നയം രൂപീകരിക്കാനാണ് പിണറായി സർക്കാരും ആലോചിക്കുന്നത്. 2014 വരെ ഉമ്മൻ ചാണ്ടി സർക്കാർ പിന്തുടർന്നതും വിഎസ് സർക്കാരിന്റെ മദ്യ നയമായിരുന്നു.

2014 മാർച്ച് 31നു ശേഷം ലൈസൻസ് പുതുക്കാത്ത 418 ബാറുകൾ ഉൾപ്പെടെ സംസ്ഥാനത്തെ 850 ബാറുകളും തുറക്കാനുള്ള അനുമതിയാകും പുതിയ നയത്തോടെ ലഭിക്കുന്നത്. എന്നാൽ സംസ്ഥാന ദേശീയ പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ 400 മദ്യ ശാലകൾക്കേ ഇതിന്റെ പ്രയോജനം ലഭിക്കൂ.

സംസ്ഥാന, ദേശീയ പാതയോരത്തെ മദ്യ ശാലകൾ മാറ്റി സ്ഥാപിക്കണമെവ്ന തമിഴ്നാട് മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ബാർ ഉടമകൾ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്. വിനോദ സഞ്ചാര മേഖലകളിലെ 40 ബാറുകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ടൂറിസം വകുപ്പും മൂന്നു മാസം മുമ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

വിനോദ സഞ്ചാര മേഖലയിലെ ബാറുകൾ തുറക്കുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നൽകിയിരുന്നു. എന്നാൽ സിപിഐക്ക് എതിർപ്പുണ്ട്. ബാർ ഹോട്ടൽ മേഖലയിലെ സിപിഎം അനുകൂല ട്രേഡ് യൂണിയനും ഈ ആവശ്യത്തോട് എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. സാധാരണ ബാറുകളിലാണ് ഭൂരിഭാഗം തൊഴിലാളികളും ജോലി ചെയ്യുന്നതെന്നും അവരെ സംരക്ഷിക്കുന്ന നയമാണ് വേണ്ടതെന്നുമാണ് യൂണിയൻ പറയുന്നത്. ഇതോടെ ടൂറിസം മേഖലയിലെ ബാറുകൾ മാത്രം തുറക്കാനുള്ള നീക്കം റദ്ദാക്കി.

മോശം സാഹചര്യത്തിൽ പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 2014 മാർച്ച് 31ന് ശേഷം 418 ബാറുകളുടെ ലൈസൻസ് പുതുക്കാതിരുന്നത്.എ ന്നാൽ ഈ ബാർ ഹോട്ടലുകളൊക്കെ സ്ഥിതി മെച്ചപ്പെടുത്തിയെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ.

ഫോർ സ്റ്റാർ വരെയുള്ള ബാറുകൾ നിരോധിച്ചും ബിവറേജസിന്റെ മദ്യ വിൽപ്പന ശാലകൾ വർഷം തോറും 10 ശതമാനം വീതം പൂട്ടിയതും പത്തു വർഷം കൊണ്ട് സമ്പൂർണ മദ്യ നിരോധനവുമാണ് യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചരുന്നത്. എന്നാൽ പിണറായി സർക്കാർ പത്ത് ശതമാനം മദ്യവിൽപ്പനശാലകൾ പൂട്ടുന്ന നയം ഉപേക്ഷിച്ചു.

സംസ്ഥാനത്ത് സമഗ്ര മദ്യ നയം പ്രഖ്യാപിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ടോഡി ബോർഡ് പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

മദ്യ ശാലകൾ അടച്ചതോടെ സംസ്ഥാനത്ത് മയക്കു മരുന്നിന്റെ ഉപയോഗം വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. മദ്യം കിട്ടാതായതോടെ ലഹരികൾക്കായി മറ്റുള്ളവയെ ആശ്രയിക്കേണ്ട വരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.