തമിഴ്നാട് ദേശീയ പാതയിൽ മലയാളി തീർഥാടകർ കൊല്ലപ്പെടുന്നത് ഗൂഢാലോചന? സോഷ്യൽ മീഡിയയിലെ വാദങ്ങൾ പൊളിച്ചടുക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

തമിഴ്‌നാട്ടിലേക്ക് തീര്‍ഥാടനത്തിനു പോകുന്ന മലയാളികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് എന്ന ചോദ്യത്തോടെ സോഷ്യൽ മീ‍ഡിയയിലും ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്ത സത്യമാണോ? 2004 മുതല്‍ 2017 മേയ് വരെ തമിഴ്‌നാട്ടിലെ ദേശീയ പാതയോരങ്ങളില്‍ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത് 337 മലയാളികള്‍ ആണെന്നും ഇത് ഗൂഢാലോചനയുടെ ഫലമാണെന്നും ആണ് സന്ദേശത്തിൽ പറയുന്നത്. പളനിയിലേക്ക് പോയവരും, വേളാങ്കണ്ണിക്കു പോയവരും, നാഗൂര്‍ പോയവരും ഒക്കെയാണ് കൊല്ലപ്പെട്ട മലയാളികൾ. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, തിരുനെല്‍വേലി, ത്രിച്ചി, മധുര എന്നിവിടങ്ങളില്‍ നൂറു കണക്കിന് മലയാളികള്‍ക്കാണ് വാഹനാപകടങ്ങളില്‍ കൂട്ട മരണം സംഭവിച്ചിട്ടുള്ളതെന്നും സന്ദേശത്തിൽ പറയുന്നു. മലയാളികളുടെ പക്കലുള്ള പണവും സ്വർണവും മോഷ്ടിക്കാൻ തിരുട്ടു ഗ്രാമത്തിലുള്ള തസ്കരൻമാരാണ് അപകടം ആസൂത്രണം ചെയ്യുന്നതെന്നും സന്ദേശത്തിൽ പറയുന്നു. വലിയ തോതിലാണ് സന്ദേശം ഷെയർ ചെയ്യപ്പെടുന്നത്.

എന്നാൽ ഈ സന്ദേശത്തിന്റെ പൊള്ളത്തരം കണക്കുകളിലൂടെ പൊളിച്ചടുക്കുകയാണ് മാധ്യമ പ്രവർത്തകനായ പ്രതീഷ് ജി. നായർ. ഇന്ത്യയിലെ റോഡ് അപകടങ്ങളുടെ 14 ശതമാനവും നടക്കുന്നതു തമിഴ്നാട്ടിലാണെന്നാണ് ക്രൈം റെക്കോർഡ് ഓഫ് ബ്യൂറോയുടെ 2015ലെ കണക്ക് അടിസ്ഥാനപ്പെടുത്തിയാണ് പ്രതീഷിന്റെ പോസ്റ്റ്. ഈ കാലയളവിൽ 15176 പേരാണു തമിഴ്നാട്ടിൽ വിവിധ വാഹനാപകടങ്ങളിൽ മരണമടഞ്ഞത്. 1265 പേരോളം ഓരോ മാസവും തമിഴ്നാട്ടിലെ റോഡുകളിൽ മരണപ്പെടുന്നുവെന്ന് അർഥം. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ അപകടത്തിൽ മരണപ്പെട്ടത്, 2015 ലെ കണക്കനുസരിച്ച് ചെന്നൈയിൽ ആണ്. അതിനു പുറകിലാണു കോയമ്പത്തൂർ, ട്രിച്ചി മേഖലകൾ വരുന്നത്. ഒരു മാസം ആയിരത്തോളം പേർ റോഡിൽ മരിച്ചു വീഴുന്ന ഒരു നാട്ടിൽ 26 മലയാളികൾ മരിച്ചുവെന്നു പറയുന്നതു തുലോം കുറവാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

18816152_1497748073616808_1796616560_n

പ്രതീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ:

തമിഴ്നാടിനെ പേടിക്കണോ?
——————————–
തമിഴ്നാട്ടിൽ അപകടങ്ങളിൽ ഗൂഡാലോചന എന്ന തരത്തിൽ ഒരു വലിയ പ്രചാരണം ഫെയ്സ്ബുക്, ചില ഓൺലൈൻ മീഡിയ, വാട്സാപ് എന്നിവ വഴി കറങ്ങി നടക്കുന്നുണ്ട്. 13 വർഷത്തിനിടയിൽ 337 മലയാളികൾ ഈ പ്രദേശങ്ങളിലെ റോഡുകളിൽ മരിച്ചുവെന്നാണു ഈ മെസേജുകളിൽ പറയുന്നത്. അതായതു ശരാശരി 26 പേർ ഓരോ വർഷവും മരിച്ചുവെന്നു കണക്ക്.

സേലം, ഈറോഡ് തിരുനെൽവേലി, ട്രിച്ചി, മധുര എന്നിവിടങ്ങളിലെ ദേശിയ പാതയോരങ്ങളിലാണു ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നതെന്നാണു വാർത്ത. ലോറിയോ ട്രക്കോ ആണ് വാഹനങ്ങൾ ഇടിച്ചു വീഴ്ത്തുന്നത്. തിരുട്ടു ഗ്രാമങ്ങളും പൊലീസും തമ്മിലുള്ള ഒത്തു കളിയിലൂടെയാണു ഈ അപകടങ്ങൾ ഉണ്ടാകുന്നതെന്നുമാണു കണ്ടെത്തൽ. ഇത്രയും ‘വാർത്ത’. ഇനി കണക്കും ആധികാരിക വിവരങ്ങളും ഉള്ള മറ്റൊരു വാർത്ത കൂടി വായിക്കാം. It is a distinction Tamil Nadu cannot be proud of. The State leads the country in the total number of road accidents. In 2015, Tamil Nadu registered a total of 69,059 accidents, nearly 14 per cent of all road accidents in India. ദേശീയ മാധ്യമത്തിൽ 2016 ജൂൺ 10നു വന്ന വാർത്തയുടെ ഇൻട്രോ ആണിത്. 13 വർഷത്തെ കണക്കെടുപ്പിൽ ഉൾപ്പെടുന്ന അതേ കാലയളവിനുള്ളിലെ വാർത്ത തന്നെയാണിത്. ഇന്ത്യയിലെ റോഡ് അപകടങ്ങളുടെ 14 ശതമാനവും നടക്കുന്നതു തമിഴ്നാട്ടിലാണെന്നാണ് ക്രൈം റെക്കോർഡ് ഓഫ് ബ്യൂറോയുടെ 2015ലെ കണക്ക്. 15176 പേരാണു തമിഴ്നാട്ടിൽ വിവിധ വാഹനാപകടങ്ങളിൽ മരണമടഞ്ഞത്. 1265 പേരോളം ഓരോ മാസവും തമിഴ്നാട്ടിലെ റോഡുകളിൽ മരണപ്പെടുന്നുവെന്ന് അർഥം. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ അപകടത്തിൽ മരണപ്പെട്ടത്, 2015ലെ കണക്ക്, ചെന്നൈയിൽ ആണ്. അതിനു പുറകിലാണു കോയമ്പത്തൂർ, ട്രിച്ചി മേഖലകൾ വരുന്നത്.

ഒരു മാസം ആയിരത്തോളം പേർ റോഡിൽ മരിച്ചു വീഴുന്ന ഒരു നാട്ടിൽ 26 മലയാളികൾ മരിച്ചുവെന്നു പറയുന്നതു തുലോം കുറവാണ്. (ഓരോ ജീവനും അതിന്റെ പ്രാധാന്യം ഉണ്ട് എന്നതു മനസിലാക്കി തന്നെയാണ് കുറിക്കുന്നത്). അപകടകാരണമായി ഉയർത്തിക്കാട്ടുന്ന ലോറി, ട്രക്ക് എന്നീ ഭീകരന്മാരെ ശ്രദ്ധിച്ചു മനസിലാക്കിയാൽ അതിൽ എത്ര എണ്ണം ടിഎൻ റജിസ്ട്രേഷൻ ഉണ്ട് എന്നു തിരിച്ചറിയാം. ടിഎൻ, പിവൈ, എപി, റജിസ്ട്രേഷൻ വണ്ടികളേക്കാൾ കൂടുതൽ ഈ ദേശിയ പാതകളിൽ കാണുന്നത് എംഎച്ച്, ബിആർ‍, ആർജെ, പിബി തുടങ്ങിയ വാഹനങ്ങളാണ്. ഇതിൽ കൂടുതലും ഉത്തരേന്ത്യയിൽ നിന്നു ചരക്കു കേറ്റി വരുന്ന ലോറികൾ.

എൻഎച്ച് 7, എൻഎച്ച് 47 (ഇപ്പോൾ 66), എൻഎച്ച് 49, എൻഎച്ച് 744 എന്നിവയാണു പ്രധാനമായും കേരളത്തിൽ നിന്നുള്ള വാഹങ്ങൾ തമിഴ്നാട്ടിലേക്ക് എത്തുന്ന ദേശിയ പാതകൾ. ഇതിൽ ‘വാർത്ത’യിൽ പറയുന്ന സ്ഥലങ്ങൾ നോക്കിയാൽ രണ്ടു പാതകളാണു പ്രധാനമായും ലക്ഷ്യം വച്ചിരിക്കുന്നത്. വാരണാസി മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന എന്‍എച്ച് 7, പുതിയ എൻഎച്ച് 66. (കന്യാകുമാരി– സേലം.)

ഈ രണ്ടു പാതയിൽ കൂടി വാഹനം ഓടിച്ച ആൾക്കാർക്ക് അറിയാം ഇവിടെ നടക്കുന്ന അപകടങ്ങളുടെ കാരണമെന്താണെന്ന്. അവിനാശി കഴിഞ്ഞാൽ സേലം വരെ നാലുവരിയിൽ സുന്ദരമായ പാതയാണു എൻഎച്ച് 66. ഇവിടെ കൂടി വാഹനങ്ങൾ അക്ഷരാർഥത്തിൽ പറന്നു തന്നെ പോകുകയാണ്. ബെംഗവൂരിവിലേക്കു പോയ ഒരു വോൾവോ ബസ് അപകടത്തിൽപ്പെട്ടതിനെ തുടർന്നു രണ്ടു വർഷം മുൻപ് ഈ റോഡിനടുത്ത് സിത്തോട് ബൈപാസിൽ എത്തിയപ്പോൾ കണ്ട കാഴ്ച ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. അപകടത്തിൽപ്പെട്ട വോൾവോ നാലുവരിപ്പാതയുടെ വീതിയുള്ള മീഡിയൻ ചാടിക്കടന്ന് അപ്പുറത്തെ ഹൈവേ പാർട്ടും കഴിഞ്ഞു സർവീസ് റോഡിൽ കൂടി പോയ ഒരു ടിഎൻആർടിസി ബസിനെ ഇടിച്ചു തെറിപ്പിച്ചിരിക്കുന്നു. മീഡിയനിൽ അത്യാവശ്യം വലിയ ചെടികൾ വളർന്നു നിന്നിരുന്നു എന്നു കൂടി ശ്രദ്ധിക്കണം. ഇതാണ് ഇവിടുത്തെ സ്പീഡ്. ബസ് മാത്രമല്ല, കാറുകൾ, മിനിബസുകൾ എന്നിവ ഈ റോഡിലൂടെ പോകുന്നത് ശ്രദ്ധിക്കുന്നതു നന്നായിരിക്കും. ഇതേ അവസ്ഥ തന്നെയാണു എൻഎച്ച് 7ലും. സ്ട്രെയിറ്റ് റോഡുകൾ പലപ്പോഴും ഡ്രൈവർമാരെ ഉറക്കത്തിലേക്ക് തള്ളി വിടാറുണ്ട്. ഈ അപകടങ്ങളിൽ എത്രയെണ്ണം വാഹനത്തിന്റെ പിന്നിൽ പോയി ഇടിച്ച് ഉണ്ടായതെന്നു കൂടി പരിശോധിക്കുന്നതു നന്നാകും. ഇനി റോഡ് നിയമങ്ങൾ പാലിക്കുന്നതിൽ അത്ര മിടുക്കർ ഒന്നുമല്ല ഈ നാട്ടുകാർ. എന്‍എച്ച് 7 ല്‍ കൂടി വണ്ടി ഓടിച്ചു നോക്കിയാൽ അറിയാം. ട്രാക്ക് തെറ്റിച്ച് എതിരെ വരുന്ന ലോറികൾ അടക്കമുള്ള വണ്ടികൾ. വളരെ നീളം കൂടിയ മീഡിയനുകളിൽ കട്ടുകൾ അഞ്ചോ ആറോ കിലോമീറ്ററുകളോ അതിലോ കൂടുതലോ ആയിരിക്കും. ഇതു ലാഭിക്കാനാണ് ഈ ട്രാക്ക് തെറ്റിച്ച ഓട്ടം.

പിന്നെയുള്ളതു രക്ഷാ പ്രവർത്തനമാണ്. തമിഴ്നാട്ടിലെ റോഡുകളിൽ നിന്ന് അത്ര വലിയ സഹായം ആരും പ്രതീക്ഷിക്കേണ്ട. ദേശിയ പാതയല്ല, സാധാരണ പാതയാണെങ്കിലും നാട്ടുകാർ എടുത്ത് ആശുപത്രിയിലാക്കിയാൽ രക്ഷപെടും. പരാതി നൽകി ഒരു കാര്യം നടത്തിയെടുക്കാൻ കേരളത്തിലെ പൊലീസിനെ കണ്ട് ആരും തമിഴ്നാട്ടിലേക്ക് ചെല്ലേണ്ട. അതു റോഡ് ആക്സിഡന്റിന്റെ കാര്യത്തിൽ മാത്രമല്ല.

കണക്കുകൾ പറയുമ്പോൾ എല്ലാം പറയണം. കേരളത്തിൽ 2016ൽ മാത്രം റോഡ് അപകടങ്ങളിൽ മരിച്ചത് 4287 പേരാണ്. 13 വർഷത്തിനിടെ 53,437 പേരാണു വിവിധ റോഡ് അപകടങ്ങളിൽ മരിച്ചത്. ഈ കണക്കുകൾ കേരള പൊലീസിന്റെയും നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയും ആധികാരിക കണക്കുകളാണ്. 337 എന്ന കണക്ക് എവിടെ നിന്നാണു കിട്ടിയത് എന്നതിൽ വിശദീകരണമില്ല.

പലരും പറഞ്ഞ ഒരു കാര്യം ഒരു കുടുംബം തന്നെ ഇല്ലാതായി എന്നതാണ്. ശരിയാണ് തീർഥയാത്രയ്ക്ക് ഒരു കുടുംബം ഒന്നിച്ചാകും പോകുക. വലിയ അപകടങ്ങൾ ആ കുടുംബം തന്നെ ഇല്ലാതാക്കും. ഒരു കുടുംബത്തിലെ ഒരാൾ മരിച്ചാൽ പോലും താങ്ങാനാകാതെ വരുമ്പോൾ എണ്ണം കൂടുന്നത് ഒരു നാടിന്റെ തന്നെ വികാരമാകും. അതിനെ ചൂഷണം ചെയ്ത് തമിഴ്നാടിനെ പേടിപ്പിക്കാൻ ഇറങ്ങുന്നത് എന്തിനെന്നു മാത്രം മനസിലാകുന്നില്ല. കൊള്ളയും കവർച്ചയും തമിഴന്റെ കുത്തകയാണെന്ന് സ്ഥാപിക്കാന്‍ ആർക്കാണു തിടുക്കം.