അമേരിക്കയിൽ പാക്കിസ്ഥാന്‍കാര്‍ക്കുള്ള വിസയില്‍ വൻ ഇടിവ്; ഇന്ത്യക്കാരുടേത് വര്‍ധിച്ചു

ട്രമ്പ് ഭരണത്തിൻ കീഴില്‍ പാക്കിസ്ഥാന്‍കാര്‍ക്ക് അമേരിക്കന്‍ വിസ ലഭിക്കുന്നതില്‍ 40 ശതമാനം കുറവുണ്ടായതായി റിപ്പോര്‍ട്ട്. അതേസമയം, ഇമിഗ്രന്റ് ഇതര അമേരിക്കന്‍ വിസ ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനയുണ്ടായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വിസകളുടെ എണ്ണവും കഴിഞ്ഞ വര്‍ഷം ശരാശരി ഒരു മാസം ലഭിച്ച വിസകളുടെ എണ്ണവും പരിഗണിക്കുമ്പോഴാണ് പ്രകടമായ ഈ വ്യത്യാസം കാണാനാവുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത് .
പാക്കിസ്ഥാന്‍ മാത്രമല്ല മിക്കവാറും എല്ലാ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും ഇതേപോലെ അമേരിക്കന്‍ വിസയില്‍ കുറവ് നേരിടുന്നുണ്ട്. അമ്പതോളം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് ഏപ്രില്‍ മാസത്തില്‍ ലഭിച്ച അമേരിക്കന്‍ വിസകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഒരു മാസം ശരാശരി ലഭിച്ചതിനേക്കാള്‍ 20 ശതമാനം കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രമ്പിന്റെ യാത്രാ നിരധോന ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇറാന്‍, സിറിയ, സുഡാന്‍, സൊമാലിയ, ലിബിയ, യെമന്‍ എന്നീ രാജ്യങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ശരാശരി ഒരു മാസം ലഭിച്ചതിനേക്കാള്‍ 55 ശതമാനം കുറവ് വിസകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. വിസ അപേക്ഷകരില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നവരുടെ എണ്ണം കൂടിയതാകാം ഇതിനു കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിസയ്ക്കു വേണ്ടിയുള്ള അപേക്ഷകരുടെ എണ്ണം വര്‍ഷത്തില്‍ എല്ലാ മാസവും ഒരേപോലെയല്ലെന്നും, പ്രാദേശിക – അന്തര്‍ദേശീയ വിഷയങ്ങളും ഇതിനെ ബാധിക്കാമെന്നും, അവധിക്കാലങ്ങളില്‍ അപേക്ഷകരുടെ എണ്ണം കുത്തനേ ഉയരാമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവ് പറഞ്ഞു.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ യഥാക്രമം 3973, 3925 ഇമിഗ്രന്റ് ഇതര വിസകളാണ് പാക്കിസ്ഥാന്‍കാര്‍ക്ക് ലഭിച്ചത്. ഒബാമ ഭരണകാലത്ത് കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ 78,637 പാക്കിസ്ഥാന്‍കാര്‍ക്ക് ഇമിഗ്രന്റ് ഇതര വിഭാഗത്തില്‍ വിസ ലഭിച്ചിരുന്നു. ഒരു മാസം ശരാശരി 6553 വിസയോളം വരുമിത്. ഈ വര്‍ഷം മാര്‍ച്ചിനു മുമ്പു വരെ ഓരോ മാസവും വിതരണം ചെയ്യുന്ന വിസകളുടെ കണക്കിനു പകരം ഒരു വര്‍ഷം നല്‍കുന്ന വിസകളുടെ കാര്യം മാത്രമാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിരുന്നത്. 2015 ല്‍ 74,150 പാക്കിസ്ഥാന്‍കാര്‍ക്ക് അമേരിക്കന്‍ വിസ ലഭിച്ചിരുന്നു.
അതേസമയം, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇമിഗ്രന്റ് ഇതര വിഭാഗത്തില്‍ യഥാക്രമം 97,925, 87,049 വിസകള്‍ വീതം ഇന്ത്യക്കാര്‍ക്ക് ലഭിച്ചു. കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ 8,64,987 വിസകളാണ് ഈ വിഭാഗത്തില്‍ ഇന്ത്യയ്ക്കു ലഭിച്ചത്. ശരാശരി എടുത്താല്‍ ഒരു മാസം 72,082 വിസകള്‍ ഇന്ത്യയ്ക്കു ലഭിച്ചിരുന്നു.