ഐ.ടി രംഗത്ത് മുഖ്യമന്ത്രിയെ സഹായിക്കാന്‍ പ്രൊഫഷണലുടെ ഒരു ടീമിന് സര്‍ക്കാര്‍ രൂപം നല്‍കുന്നു. സംസ്ഥാനത്തെ ഐടി മേഖലയില്‍ വികസനവും കൂടുതല്‍ നിക്ഷേപവും ഉറപ്പു വരുത്തുക എന്നതാണ് ഇവരുടെ ഉത്തരവാദിത്തം. ഹൈ പവര്‍ ഐടി കമ്മിറ്റിയുടേതാണ് തീരുമാനം. ചീഫ് മിനിസ്റ്റേഴ്സ് ഫെലോ എന്ന് പേരിട്ടിരിക്കുന്ന ഈ സംഘത്തിലേക്ക് മാനേജ്മെന്റ മികവിന്റെ അടിസ്ഥാനത്തിലാവും ആളുകളെ നിയമിക്കുക.
രാജ്യത്തിനകത്തോ പുറത്തോ ഉള്ള മുന്‍നിര സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ മാനേജ്മെന്റ വിദഗ്ദ്ധരെയാണ് ഈ സംഘത്തില്‍ ഉള്‍പ്പെടുത്താനായി സര്‍ക്കാര്‍ പരിഗണിക്കുന്നത്. ബിസിനസ് സ്‌കൂളുകളില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്ത ബിരുദം നേടിയ യുവാക്കള്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ആയി കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനപരിചയം വേണം. 40 വയസ്സിന് താഴെയായിരിക്കണം പ്രായം.
അപേക്ഷകരില്‍ നിന്ന് ഹൈപവര്‍ കമ്മിറ്റി 30 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. ചുരുക്കപട്ടികയിലുള്ളരില്‍ നിന്ന് കോഴിക്കോട് ഐഐഎം ഡയറക്ടര്‍ അടക്കമുള്ള വിദഗ്ദ്ധസംഘമായിരിക്കും ടീമില്‍ ഉള്‍പ്പെടുത്തേണ്ട ആറ് പേരെ കണ്ടെത്തുക.
രണ്ട് വര്‍ഷത്തേക്കായിരിക്കും ഇവരുടെ നിയമനം. കോര്‍പ്പറേറ്റ് മാതൃകയില്‍ വാര്‍ഷികശമ്പള പാക്കേജായിരിക്കും ഇവര്‍ക്ക് ഏര്‍പ്പെടുത്തുക. കരാര്‍ കാലാവധി കഴിഞ്ഞാല്‍ പൊതുമേഖല സ്ഥാപനങ്ങളിലോ സര്‍ക്കാരിന്റെ മിഷന്‍ പദ്ധതികളിലോ ഇവരെ മാറ്റി നിയമിക്കും. മികവുറ്റവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിലനിര്‍ത്തും.
പരമ്പരാഗത രീതികളില്‍ നിന്ന് മാറി മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ പ്രൊഫഷണലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ടീമിനെ നിയമിക്കുന്നത്. നിലവില്‍ സുപ്രധാനവകുപ്പുകളില്‍ മുഖ്യമന്ത്രിയെ സഹായിക്കാനായി ഏഴോളം ഉപദേശകരെ നിയമിച്ചിട്ടുണ്ട്.
















































