കുൽഭൂഷൺ ജാദവ് ഇന്ത്യന്‍ ചാരനാണെന്നതിന് ആവശ്യമായ തെളിവുകള്‍ കൈവശമുണ്ടെന്ന് പാക്ക് അറ്റോര്‍ണി

ഇസ്‌ലാമാബാദ്: കുൽഭൂഷൺ ജാദവ് ഇന്ത്യന്‍ ചാരനാണെന്നതിന് ആവശ്യമായ തെളിവുകള്‍ കൈവശമുണ്ടെന്ന് പാക്ക് അറ്റോര്‍ണി ജനറല്‍ അഷ്തര്‍ ഔസഫ് പറഞ്ഞു. രാജ്യന്തര കോടതിയില്‍ മാത്രമേ തെളിവുകള്‍ കൈമാറുകയുള്ളൂ, ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്ത നടപടി പാകിസ്താന്റെ തോല്‍വിയോ ഇന്ത്യയുടെ ജയമോ അല്ലെന്നും ഔസഫ് പറഞ്ഞു.
പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യയില്‍ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. എന്നാല്‍ ജാദവ് നല്‍കിയ വിവരങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കിയിട്ടില്ല.ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചാണ് പാകിസ്താനിലെ സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ മെയ് 18 ന് ജാധവിന്റെ വധശിക്ഷ ഹേഗിലെ അന്താരാഷ്ട്ര കോടതി റദ്ദാക്കിയിരുന്നു.