നളിനി നെറ്റോ – സെന്‍കുമാര്‍ പോര് അവസാനിക്കുന്നില്ല; ഉപരാഷ്ട്രപതിയുടെ കേരള സന്ദര്‍ശന വേളയിലും ഇരവരുടെയും ഈഗോ ക്ലാഷ്‌

ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കേരള സന്ദര്‍ശന വേളയിലും ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും തമ്മിലുള്ള ഈഗോ ക്ലാശിന് വേദിയായി. ഉപരാഷ്ട്രപതിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചുള്ള യാത്രയില്‍ അകമ്പടി വാഹനത്തില്‍ പങ്കെടുക്കാതെ ചീഫ് സെക്രട്ടറി നളിനി നെറ്റോ മാറിനിന്നു. പോലീസ് മേധാവി ടി.പി. സെന്‍കുമാറിനൊപ്പമുള്ള വാഹനമാണ് ചീഫ് സെക്രട്ടറിക്കും തയ്യാറാക്കിയിരുന്നത്. ഇതേത്തുടര്‍ന്നാണ് നളിനി നെറ്റോ വിട്ടുനിന്നത്. സെന്‍കുമാറുമായി അഭിപ്രായ വ്യത്യാസമുള്ള ചീഫ് സെക്രട്ടറി ഒരുമിച്ച് യാത്ര ചെയ്യാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് ഇതെന്നാണ് സൂചന. ഇരുവരും തമ്മിലെ ഭിന്നത കോടതിയുടെ വരെ വിമര്‍ശനത്തിന് വഴിവെയ്ക്കുകയും സര്‍ക്കാരിന് നാണക്കേടായ സാഹചര്യം വരെ ഉണ്ടായിട്ടും ഇപ്പോഴും തുടരുന്നുവെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

സാധാരണഗതിയില്‍ വി.വി.ഐ.പി.കളെത്തുമ്പോള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഒരേവാഹനത്തിലാണ് യാത്രചെയ്യുക. ഇതനുസരിച്ച് 30-ാം നമ്പര്‍ വാഹനമാണ് മോട്ടോര്‍ കേഡറില്‍ ഇവര്‍ക്കായി വിമാനത്താവളത്തില്‍ തയ്യാറാക്കിയിരുന്നത്. വിമാനത്താവളത്തിലെ സ്വീകരണച്ചടങ്ങിനുശേഷം ടാഗോര്‍ തിയേറ്ററിലേക്ക് ഉപരാഷ്ട്രപതിയെ അനുഗമിക്കാതെ ചീഫ് സെക്രട്ടറി വിമാനത്താവളത്തില്‍ത്തന്നെ തങ്ങി. സെന്‍കുമാര്‍ 30 -ാം നമ്പര്‍ വാഹനത്തില്‍ കയറി. മേയര്‍ വി.കെ. പ്രശാന്തും അദ്ദേഹത്തോടൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നു. അങ്ങനെ രണ്ടു പേര്‍ ആ കാറില്‍ യാത്ര ചെയ്തു.

ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തില്‍ മേയറുടെ വാഹനം ഉള്‍പ്പെടുത്താറില്ല. ടാഗോര്‍ തിയേറ്ററിലെ ചടങ്ങില്‍ മേയറും പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് അദ്ദേഹം വാഹനത്തില്‍ കയറിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തില്‍ 21 വാഹനങ്ങളാണ് ഉണ്ടായിരുന്നത്. ചീഫ് സെക്രട്ടറിയുടെതന്നെ നിയന്ത്രണത്തിലുള്ള ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗമാണ് ഇതിനുള്ള പട്ടിക തയ്യാറാക്കി ഉപരാഷ്ട്രപതിയുടെ ഓഫീസിന് നല്‍കുന്നത്. സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ അയച്ചുനല്‍കിയ വാഹനപ്പട്ടികയില്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പി.ക്കും ഒരേ വാഹനമാണ് രേഖപ്പെടുത്തിയിരുന്നത്.

ഇത് മനസ്സിലാക്കിയ ചീഫ് സെക്രട്ടറി വാഹനവ്യൂഹത്തില്‍ കയറിയില്ല. ആഭ്യന്തര സെക്രട്ടറിയായിരിക്കെ തുടങ്ങിയതാണ് നളിനെ നെറ്റോയും സെന്‍കുമാറും തമ്മിലുള്ള ഭിന്നത്. നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകുന്നത് തടയാന്‍ സെന്‍കുമാര്‍ കരുനീക്കിയെന്നും കേന്ദ്ര ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന വിജയാനന്ദിനെ കേരളത്തില്‍ എത്തിച്ചത് സെന്‍കുമാര്‍ ആണെന്നുമായിരുന്നു ആരോപണം. ഇതോടെ ഇരുവരും തെറ്റി. പിന്നീട് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ എത്തിയതോടെ നളിനി നെറ്റോയുടെ അധികാരം കൂടി. ഇതോടെ ഡിജിപി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ തെറിപ്പിച്ചു. പിന്നെ കേസും കോടതിയും.