ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് സൂര്യ അഭിക്കുനേരെ ആക്രമണം; രക്ഷപ്പെടുത്തിയത് പെട്രോളിംഗിനെത്തിയ പോലീസ്‌

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് സൂര്യ അഭിക്ക് നേരെ സദാചാരഗുണ്ടകളുടെ ആക്രമണം. തിരുവനന്തപുരം പിഎംജി ബസ് സ്‌റ്റോപ്പില്‍ വച്ചാണ് മൂന്നു പേരടങ്ങിയ സംഘം സൂര്യയെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത്. ഫേസ്ബുക്കിലൂടെ സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഏഷ്യാനെറ്റ് സംപ്രേക്ഷം ചെയ്യുന്ന കോമഡി സ്റ്റാര്‍സ് റിയാലിറ്റി ഷോയിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് വിനോദ് എന്ന സൂര്യ. പുരുഷനായി ജനിച്ച താന്‍ സ്ത്രീയാണെന്ന തിരിച്ചറിവില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വം വിളിച്ചുപറഞ്ഞയാളാണ് സൂര്യ.

കേരളത്തില്‍ ആദ്യമായി വോട്ടവകാശം നേടിയ ട്രാന്‍സ്‌ജെന്‍ഡറും സൂര്യയാണ്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ്. മികച്ച നര്‍ത്തകിയായും പേരെടുത്തിട്ടുണ്ട്. ഏറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് വോട്ടര്‍പട്ടികയില്‍ പുരുഷന്‍ എന്നതു തിരുത്തി സ്ത്രീ എന്നാക്കി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സൂര്യ വോട്ട് രേഖപ്പെടുത്തിയത്. രണ്ടു വര്‍ഷം മുമ്പു കോയമ്പത്തൂരിലെ ആശുപത്രിയിലാണു ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയയായത്. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളിലും വ്യക്തിത്വ വികസന പരിപാടികളിലും നൃത്തപരിപാടികളിലും സജീവസാന്നിധ്യമാണ്.

സംഭവത്തെക്കുറിച്ച് സൂര്യ പറയുന്നത് ഇങ്ങനെ: ദുഃഖം ഉണ്ടായ ഒരു സംഭവമാണ് ഇന്ന് എനിക്കുണ്ടായത്. പിഎംജി ബസ്‌സ്‌റ്റോപ്പില്‍ ബസ് കാത്തുനിന്ന എന്നെ മൂന്ന് വ്യക്തികള്‍ ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. ചുറ്റും നിന്ന ആളുകള്‍ പ്രതികരിച്ചതേയില്ല. ഒച്ചവെച്ചു അലറിയ എന്നെ അതുവഴി പട്രോളിങ്ങിന് വന്ന പോലീസ് കാണുകയും സ്ഥലത്തേക്ക് എത്തുകയും ഉണ്ടായ്. പക്ഷെ ഇവന്മാര്‍ ഓടി രക്ഷപ്പെട്ടിരുന്നു.

എന്നെ സുരക്ഷിതയായി വീട്ടിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു. ഒപ്പം ഒരു സ്ത്രീയായ എന്നെ പരസ്യമായി അക്രമിച്ചിട്ടും നോക്കിനിന്ന നാറിയ സമൂഹത്തെ കാര്‍ക്കിച്ചു തുപ്പുന്നു. ഞാന്‍ ലൈംഗിക വൃത്തി ചെയ്തു ജീവിക്കുന്നവളെന്നു ഏവനെങ്കിലും ധാരണയുണ്ടേല്‍ അത് നിര്‍ത്തിക്കോളൂ. മാന്യമായ് അധ്വാനിച്ചു തന്നെയാണ് ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ട് കാമവെറിതീര്‍ക്കാന്‍ ആരും വരണ്ട, നിന്നെയൊക്കെ ഉണ്ടാക്കിവിട്ട ആളോടുതന്നെ ചോദിക്ക് ചിലപ്പോ നടക്കും. ഒറ്റയ്കായ്‌പ്പോയ സ്ത്രീ എത്ര ദുര്ബലയാണെന്ന് ഞാന്‍ മനസിലാക്കുന്നു. പിന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ലൈംഗിക വൃത്തിചെയ്തു ജീവിച്ചിരുന്നത് പഴംകഥയാണ്്. ഇപ്പൊ അതും പറഞ്ഞു ചെന്നാല്‍ കയ്യിന്റെ ചൂടറിയും…