യുവദമ്പതികളെ ഊരുവിലക്കിയ സംഭവത്തില്‍ പരാതിക്കാരായ ഇരകളില്‍ നിന്നും സാമൂഹ്യഭ്രഷ്ടിന്റെയും ഒറ്റപ്പെടുത്തലിന്റെയും വിവരങ്ങള്‍ നേരിട്ടറിയുന്നതിനായി അരുണിനോടും സുകന്യയോടും ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
പ്രണയവിവാഹത്തിന്റെ പേരില്‍ നാലരവര്‍ഷക്കാലമായി സാമൂഹ്യഭ്രഷ്ടും, ഒറ്റപ്പെടലും അനുഭവിക്കുന്ന മാനന്തവാടി എരുമത്തെരുവ് സ്വദേശികളായ അരുണ്‍ (27), സുകന്യ (23) ദമ്പതികളോടാണ് ജസ്റ്റിസ് സുധീര്‍കുമാര്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. ജൂലൈ 14 വെള്ളിയാഴ്ച കോടതി മുമ്പാകെ ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടത്.
ഭ്രഷ്ടിനെ തുടര്‍ന്ന് സുകന്യയും അരുണും അനുഭവിച്ച തീരാദുരിതങ്ങള്‍ നിരവധി തവണ വീക്ഷണം വാര്‍ത്തയാക്കിയിരുന്നു. പ്രണയവിവാഹത്തിന്റെ പേരില്‍ മാത്രം യാദവസമുദായംഗങ്ങളായ ഇരുവരെയും കുലംകുത്തികളായും, കളങ്കിതരായും പ്രഖ്യാപിച്ചുകൊണ്ട് സമൂഹത്തില്‍ നിന്ന് അകറ്റിനിര്‍ത്തിവരികയായിരുന്നു. നിരവധി അപേക്ഷകളും അഭ്യര്‍ത്ഥനകളും നടത്തിയെങ്കിലും ഇവ അംഗീകരിക്കാന്‍ സമുദായം തയ്യാറാകാതെ വന്നതിനാല്‍ സുകന്യ പ്രധാനമന്ത്രിക്ക് പരാതി നല്‍കുകയും, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിനോട് നിര്‍ദേശം നല്‍കുകയും ചെയ്തു.
കൂടാതെ പ്രസ്തുത കേസില്‍ മാനന്തവാടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുകന്യയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. സുകന്യയുടെ പരാതിയെ തുടര്‍ന്ന് സമുദായനേതാവായ അഡ്വ. പി മണിയെ ഉള്‍പ്പെടെ പ്രതികളാക്കിക്കൊണ്ട് മാനന്തവാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രസ്തുത കേസില്‍ ജാമ്യത്തിലിറങ്ങിയ ഒന്നാംപ്രതി അഡ്വ. ടി മണി എഫ് ഐ ആര്‍ റദ്ദ് ചെയ്യുന്നതിനായി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ഇരകളോട് നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കാന്‍ അരുണിനോടും സുകന്യയോടും ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടും നീതി ലഭിക്കാത്ത സംഭവം മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഇടപെടലിനെ തുടര്‍ന്നാണ് വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയായത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെ കേസെടുക്കുകയും, മറ്റ് ബഹുജനസംഘടനകള്‍ സംഭവത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അഭിഭാഷകനെ കായികമായി ആക്രമിച്ച സമുദായനേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മാനന്തവാടി പൊലീസ് കേസെടുക്കുകയും ചെയ്തു.
ഊരുവിലക്കുമായി ബന്ധപ്പെട്ട് കേസ് റദ്ദ് ചെയ്യുന്നതിന് സമുദായ നേതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തന്റെ പേര് ദുരുപയോഗം ചെയ്യുകയും, അപമാനകരമാം വിധം പരാമര്‍ശിക്കുകയും ചെയ്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അഡ്വ. ശ്രീജിത്ത് പെരുമന വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹ്യഭ്രഷ്ടിനെതിരെ യുവദമ്പതികള്‍ പരാതിയുമായി വന്നതിനെ തുടര്‍ന്ന് ഇവരെ സഹായിച്ചുവെന്ന് ആരോപിച്ച് ഇരുവരുടെയും മാതാപിതാക്കളെയും, സഹോദരങ്ങളെയും സമുദായത്തില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ജില്ലാപൊലീസ് മേധാവിക്കും, സാമൂഹ്യനീതി വകുപ്പിനും പരാതി നല്‍കിയിരുന്നു. അതേസമയം, പലതരത്തില്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അരുണും സുകന്യയും പറയുന്നു. ഇതിനായി പല സമുദായനേതാക്കളും ഒളിഞ്ഞും തെളിഞ്ഞും തങ്ങളുടെ രക്ഷിതാക്കളെ സമീപിക്കുകയാണിപ്പോള്‍.
ഇതിന്റെ ഭാഗമായാണ് പരാതിക്കടിസ്ഥാനമായ വസ്തുതകള്‍ നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് സമുദായനേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഞങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അനുഭവിക്കുന്ന ഒറ്റപ്പെടലിനും, ദുരിതങ്ങള്‍ക്കും കാരണം സമുദായത്തിലെ അനാചാരവും, ചില സമുദായനേതാക്കളുടെ സ്ഥാപിതതാല്‍പര്യങ്ങളുമാണ്. അതുകൊണ്ട് തന്നെ നിയമപരമായി ഏതറ്റം വരെയും നീതിക്കായി പോരാടുമെന്നും യുവദമ്പതികള്‍ കൂട്ടിച്ചേര്‍ക്കുന്നു.