കോഴിക്കോട് വ്യാജമദ്യദുരന്തം; 2 മരണം

കോഴിക്കോട് വ്യാജമദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചു. കോഴിക്കോടിന് അടുത്ത് മുക്കത്താണ്  സംഭവം. ചാത്തമംഗലം സ്വദേശി ബാലനാണ്( 54) മരിച്ചത്. രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീര്യം കൂടിയ സ്പിരിറ്റാണ് ഇവര്‍ കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് ബാലനടക്കമുള്ള ആറംഗ സംഘം സ്പിരിറ്റ് കഴിച്ചത്. വ്യാജമദ്യം കഴിച്ചതിനെ തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

ഇതില്‍ ഗുരുതരാവസ്ഥയിലായവരെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതില്‍ ഒരാളാണ് ഇന്ന് രാവിലെ മരിച്ചത്. രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

മിനറല്‍ വാട്ടര്‍ കുപ്പിയില്‍ സൂക്ഷിച്ച സ്പിരിറ്റാണ് ഇവര്‍ കഴിച്ചത് എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇവര്‍ മദ്യപിച്ച സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ കുപ്പി പൊലീസ് കണ്ടെടുത്തു.

സ്പിരിറ്റ് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഡെപ്യൂട്ടി കമ്മീഷണര്‍ ജയദേവ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കുന്നുണ്ട്. കൂടുതല്‍ പേര്‍ സ്പിരിറ്റ് കഴിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.