അഭ്യൂഹങ്ങള്‍ക്ക് അവസാനം: കെ.ടി. റബീഉള്ള കുടുംബത്തോടൊപ്പം ഉണ്ട്; കുടുക്കിലാണെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി റബീഉള്ള രംഗത്ത്

പ്രമുഖ ഗള്‍ഫ് വ്യവസായിയും ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ഉടമയുമായ ഡോ.കെ.ടി മുഹമ്മദ് റബീഉള്ളയെ കാണാതായി എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ക്ക് വിരാമം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ബിസിനസ്സ് തിരക്കുകളിലും യാത്രകളിലും ആയിതുന്ന താന്‍ ഇപ്പോള്‍ ചെറിയ ഒരു ചികിത്സയില്‍ ആയിരുന്നുവെന്നും. അതുകഴിഞ്ഞ് ഇപ്പോള്‍ കുടുംബത്തോടും കൊച്ചുമകളോടും ഒത്ത് ഈസ്റ്റ് കൊടൂരിലെ വീട്ടില്‍ വിശ്രമത്തില്‍ ആണെന്നും ഡോ.കെ.ടി. മുഹമ്മദ് റബീഉള്ള അറിയിച്ചു. വിശ്രമം കുറച്ചുനാളുകള്‍ കൂടി ആവശ്യമാണ്. പൊതുരംഗത്ത് നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും താല്‍കാലികമായി വിട്ടുനില്‍ക്കേണ്ടി വന്നുവെങ്കിലും എല്ലാവരുടെയും സ്‌നേഹം മനസ്സിലാക്കാന്‍ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉടനെ തിരികെയെത്തുമെന്നും അഭ്യൂദയകാംക്ഷികളോടായി ഫേസ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം വെളിപ്പെടുത്തി.

ബിസിനസ് പ്രമുഖന്റെ ‘തിരോധാന’ത്തില്‍ അഭ്യൂഹങ്ങള്‍ പലതും പരന്നിരുന്നു. റബീഉള്ളയെ കുറിച്ച് അടുപ്പക്കാര്‍ക്ക് ആര്‍ക്കും തന്നെ കൃത്യമായ വിവരങ്ങളുണ്ടായിരുന്ന എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ബിസിനസിലെ ആഭ്യന്തര പ്രശ്നവുമായി ബന്ധപ്പെട്ട് ഗള്‍ഫില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നുവരെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നാട്ടില്‍ കുടുംബവും അടുത്ത ബന്ധുക്കളുമൊത്ത് മലപ്പുറത്തുണ്ടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

[fbvideo link=”https://www.facebook.com/rabeeullakt/videos/1880003085655271/?autoplay_reason=user_settings&video_container_type=1&video_creator_product_type=0&app_id=6628568379&live_video_guests=0″ width=”500″ height=”400″ onlyvideo=”1″]

ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി മെഡിക്കല്‍ സ്ഥാപനങ്ങളുടെ ഉടമയായ കെ.ടി റബീഉള്ളയുടെ തിരോധാനം ജീവനക്കാരേയും നാട്ടുകാരേയും ആശങ്കയിലാഴ്ത്തിയിരുന്നു. ജീവകാരുണ്യ – സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന റബീഉള്ളയെ തേടി നിരവധി ആളുകള്‍ എത്തുന്നുണ്ടായിരുന്നു.
മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശിയാണ് ഡോ.കെ ടി റബീഉള്ള. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും അടങ്ങുന്നതാണ് കുടുംബം. ഗള്‍ഫില്‍ സാധാരണ ക്ലിനിക്കില്‍ നിന്ന് തുടങ്ങി കാലക്രമേണ വലിയ മെഡിക്കല്‍ സാമ്രാജ്യം വരെ റബീഉള്ള കീഴടക്കി. ജി.സി.സി രാജ്യങ്ങളിലേക്കുള്ള റബീഉള്ളയുടെ ബിസിനസ് പെട്ടെന്നായിരുന്നു പടര്‍ന്ന് പന്തലിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പ് സ്ഥാപനമായ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിന്റെ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറാണിപ്പോള്‍ കെ.ടി റബീഉള്ള. സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ 20 ഹെല്‍ത്ത് കെയര്‍ യൂണിറ്റുകള്‍, സൂപ്പല്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, ഫാര്‍മസികള്‍ റബീഉള്ളയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിനു പുറമെ നാസീം ജിദ്ധ മെഡിക്കല്‍ ഗ്രൂപ്പ്, നാസിം അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ്, സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പ്, ജസീറ പാലസ് റസ്റ്റോറന്റ് റിയാദ് എന്നീ സ്ഥാപനങ്ങളുടെ ചെയര്‍മാനുമാണ് റബീഉള്ള.

ബിസിനസില്‍ അനുദിനം വളര്‍ച്ച ഉണ്ടായിരുന്നെങ്കിലും ശത്രുക്കളും അതിനൊത്ത് വര്‍ധിച്ചു റബീഉള്ളക്ക്. സ്വന്തം പാളയത്തില്‍ നിന്നു തന്നെയായിരുന്നു റബീഉള്ളക്ക് ശത്രുത ഏറെയും നേരിടേണ്ടി വന്നിരുന്നത്. ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കേസും നിയമ പ്രതിസന്ധികളും റബീഉള്ളക്ക് ഇക്കാലയളവില്‍ ഏറെ നേരിടേണ്ടി വന്നിരുന്നു. റബീഉള്ളയുടെ അയല്‍വാസിയും ബിസിനസ് പങ്കാളിയുമായ മുഹമ്മദുമായുണ്ടായ ബിസിനസ് തര്‍ക്കം അതി രൂക്ഷതയിലെത്തിയിരുന്നു. പ്രശ്നം പരിഹരിക്കാന്‍ എത്തിയ പ്രൊഫഷണല്‍ സംഘം മുഹമ്മദിന്റെ മകന്‍ രാജഗിരി കോളേജിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി ഫിറാസത്ത് മുഹമ്മദിനെ ഹോസ്റ്റലില്‍ നിന്ന് ഇറക്കി തട്ടിക്കൊണ്ട് പോയത് ഏറെ ചര്‍ച്ചയായിരുന്നു. ഈ സംഭവത്തില്‍ 2016 ഏപ്രില്‍ ആദ്യത്തില്‍ എറണാകുളം ഇന്‍ഫോപാര്‍ക്ക് പൊലീസ് റബീഉള്ളയെ പ്രതിചേര്‍ത്ത് കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഈ കേസ് ഇരു കൂട്ടരും ഒത്തു തീര്‍ക്കുകയായിരുന്നു എന്നാണ് വിവരം.

തുടര്‍ന്നും വിവിധ ബിസിനസ് പ്രശ്നങ്ങള്‍ റബീഉള്ളയെ അലട്ടിയപ്പോയും ഇതിനെ തരണം ചെയ്ത് മുന്നോട്ടു പോകുകയായിരുന്നുവെന്ന് അടുപ്പക്കാര്‍ പറയുന്നു. ബിസിനസ് പങ്കാളികളില്‍ നിന്നും കൂടെ നിന്നവരില്‍ നിന്നുമൊക്കെയായി റബീഉള്ളക്ക് പല തവണ ‘പണി’ കിട്ടിയിരുന്നതായി അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ പങ്കുവെയ്ക്കുന്നു. വിശ്വസ്തരായി നിന്ന് പണം സ്വന്തം പോക്കറ്റിലാക്കി മുതലാളിയെ മുടിപ്പിച്ചവരും ഉണ്ടത്രെ. ഇപ്പോള്‍ കാണാതായ സംഭവത്തില്‍ ബിസിനസിനെ ചൊല്ലിയുള്ള തര്‍ക്കമാണെന്നാണ് അറിയുന്നത്. എന്നാല്‍ ഇതില്‍ കൃത്യമായ വിവരം ബന്ധപ്പെട്ട ആര്‍ക്കും പറയാന്‍ കഴിയുന്നുമില്ല.

കോഡൂരിലെ വീട്ടില്‍ ആളനക്കമൊന്നുമില്ല. സന്ദര്‍ശകരെത്തുമ്പോള്‍ വീട്ടിലേക്ക് പ്രവേശനവും അനുവദിച്ചിരുന്നില്ല. വീട്ടില്‍ ആരുമില്ലെന്ന മറുപടി സെക്യൂരിറ്റി തന്നെ നല്‍കും. എന്നാല്‍ റബീഉള്ള എവിടെയാണെന്ന് സെക്യൂരിറ്റിക്കോ പരിസരവാസികള്‍ക്കോ അറിയില്ല. റബീഉള്ളയെ അപായപ്പെടുത്തി ബിസിനസ് തട്ടിയെടുക്കാനുള്ള ബന്ധുക്കളടക്കമുള്ള കൂടെയുള്ളവരുടെ ശ്രമമാണിതെന്ന് ചിലര്‍ സംശയം പങ്കുവെയ്ക്കുന്നു.

അതേസമയം റബീഉള്ളയില്‍ നിന്ന് കാരുണ്യ സഹായം ലഭിച്ചുകൊണ്ടിരുന്ന പല നിര്‍ധന കുടുംബങ്ങള്‍ക്കും സഹായം നിലച്ച അവസ്ഥയാണ്. നിരവധി പേര്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപന ഉടമ മാസങ്ങളായി കാണാനില്ല എന്നത് ജീവനക്കാരെയും ആശങ്കയിലാഴ്ത്തിരുന്നു. ആശങ്കകള്‍ അസ്ഥാനത്താണെന്ന് തെളിയിക്കുന്നതായി അദ്ദേഹത്തിന്റെ തന്റെ ഫേസ്ബുക്ക് പോസ്റ്റ്.