വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

രാജ്യത്തെ പതിമൂന്നാമത്തെ ഉപരാഷ്‌ട്രപതിയായി എൻ.ഡി.എ.യുടെ വെങ്കയ്യ നായിഡുവിനെ തിരഞ്ഞെടുത്തു. 19 പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ മത്സരിച്ച മുൻ പശ്ചിമ ബംഗാൾ ഗവർണറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന ഗോപാൽ കൃഷ്‌ണ ഗാന്ധിയെ 272 വോട്ടിന്റെ വ്യത്യാസത്തിലാണ് വെങ്കയ്യ നായിഡു പരാജയപ്പെടുത്തിയത്. ഇതോടെ പത്ത് വർഷത്തിന് ശേഷം ഉപരാഷ്‌ട്രപതി സ്ഥാനത്തെത്തുന്ന എൻ.ഡി.എ നേതാവെന്ന വിശേഷണവും അദ്ദേഹം സ്വന്തമാക്കി. ഈ മാസം പതിനൊന്നിനാണ് വെങ്കയ്യ നായിഡു സത്യപ്രതിഞ്ജ ചെയ്ത് അധികാരം ഏറ്റെടുക്കുന്നത്.
ആകെ സാധുവായ 760 വോട്ടുകളിൽ വെങ്കയ്യ നായിഡുവിന് 516 വോട്ടും ഗോപാൽ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവകാശമുള്ള 785 എം.പിമാരിൽ 771 പേർ വോട്ടു ചെയ്തു. 11 പേരുടെ വോട്ട് അസാധുവായി. നേരത്തെ 484 വോട്ടുകൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് അഞ്ഞൂറിലേറെ വോട്ടുകൾ വെങ്കയ്യ നായിഡുവിന് നേടാനായത് ബി.ജെ.പി നേതൃത്വത്തെ ആഹ്‌ളാദത്തിലാക്കിയിട്ടുണ്ട്.

അതേസമയം, 14 എം.പിമാർക്ക് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായില്ല. എയർ ഇന്ത്യ വിമാനം വൈകിയതിനാൽ മുസ്ലീം ലീഗിലെ കുഞ്ഞാലിക്കുട്ടിക്കും അബ്ദുൾ വഹാബിനും വോട്ടിംഗ് സമയം പൂർത്തിയാകുന്നതിന് മുൻപ് എത്തിച്ചേരാൻ കഴിഞ്ഞില്ല. കൂടാതെ ബി.ജെ.പിയിൽ നിന്നും, കോൺഗ്രസിൽ നിന്നും രണ്ട് പേർ വീതവും, തൃണമൂൽ കോൺഗ്രസിൽ നിന്ന് നാല് എം.പിമാരും തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.