ഓഖി ചുഴലിക്കാറ്റിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ. ഓഖി കെടുതികളില്‍ കേന്ദ്രസര്‍ക്കാരിനോടു പ്രത്യേക പാക്കേജ് ആവശ്യപ്പെടാനും തിരുവനന്തപുരത്തു ചേർന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രി ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണും. സൗജന്യ റേഷന്‍ കിട്ടാത്തവര്‍ക്ക് 2000 രൂപ സഹായം നല്‍കുമെന്നും യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.

അതിനിടെ, ഓഖി ദുരന്തത്തില്‍ പെട്ട് ഗോവ തീരത്തെത്തിയ 16 ബോട്ടുകളില്‍ നാലെണ്ണം കൂടി ശനിയാഴ്ച കൊച്ചിയിലേക്കു പുറപ്പെടുമെന്ന് ഗോവ വാസ്‌കോ തുറമുഖത്തെത്തിയ കെ.വി.തോമസ് എംപി അറിയിച്ചു.16 ബോട്ടുകളും മത്സ്യത്തൊഴിലാളികളുമാണ് ഗോവന്‍ തീരത്തെത്തിയത്. ഇതില്‍ 12 ബോട്ടുകള്‍ ഇതിനകം തന്നെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നാല് ബോട്ടുകൾ ശനിയാഴ്ച യാത്ര തിരിക്കും.

ഓരോ ബോട്ടിനും 750 ലിറ്റര്‍ ഡീസലും 2500 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഗോവയിലെത്തിയ ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടുണ്ട്. വാസ്‌കോ സൗത്ത് തുറമുഖത്തു കെ.വി.തോമസ് എംപിക്ക് പുറമേ ജില്ലാ കലക്ടര്‍ നീലാ മോഹന്‍, ഗോവ മുഖ്യമന്ത്രിയുടെ സെക്രട്ടറി എ.എ. അശോക്, അഞ്ജലി ഷെഖാവത്ത്, അരുണ്‍ ജേക്കബ് എന്നിവരും ഉണ്ടായിരുന്നു.

അതേസമയം, ഓഖി ദുരന്തത്തിനിരയായ തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും സുരക്ഷിതമായി തിരിച്ചയയ്ക്കാനും കേരള സര്‍ക്കാര്‍ ചെയ്ത സേവനങ്ങള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസാമി നന്ദി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വെള്ളിയാഴ്ച ആയച്ച കത്തിലാണ് തമിഴ്നാട് നന്ദി അറിയിച്ചത്.

അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോയ തമിഴ്നാട് മത്സ്യത്തൊഴിലാളില്‍ ഒരുപാടു പേര്‍ രക്ഷപ്പെട്ട് കേരള തീരത്താണ് എത്തിയത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാരും കേരളത്തിലെ ജില്ലാ ഭരണ സംവിധാനങ്ങളും വലിയ സഹായമാണ് ചെയ്തതെന്നും പളനിസാമി പറഞ്ഞു.

ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു മാസത്തെ ശമ്പളവും സ്റ്റാഫ് അംഗങ്ങളുടെ ഒരു ദിവസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുമെന്ന് പ്രതിപക്ഷനേതാവിന്റെ ഓഫിസ് അറിയിച്ചു.

ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കോ-ഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) 15 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. ജോയിന്‍റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍ 8,15,750 രൂപയുടെ ചെക്കും, കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ അഞ്ചു ലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രിയ്ക്ക് കൈമാറി. കേരള വനിതാ കമ്മിഷന്‍ 47,600 രൂപ മുഖ്യമന്ത്രിക്ക് കൈമാറി.

അതിനിടെ, ഓഖി രക്ഷാപ്രവർത്തനത്തിലെ പാളിച്ചയിൽ പ്രതിഷേധിച്ച് ലത്തീൻ സഭ 11ന് രാജ് ഭവൻ മാർച്ച് സംഘടിപ്പിക്കും. ഭരണകൂടങ്ങൾ ദുരന്തമുഖത്ത് എത്തിയില്ലെങ്കിൽ സമരം വിപുലമാക്കുമെന്നും സഭ അറിയിച്ചു. കാണാതായവരെ സംബന്ധിച്ച് ലത്തീൻ സഭ നൽകുന്ന കണക്കും പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എട്ടു പേരുടെ കാര്യത്തിലാണ് ആശയക്കുഴപ്പം. ഇവരുടെ ഫോട്ടോയും വിലാസവും നൽകണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ അപമാനിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു ബിജെപി 28നു ജില്ലാ കേന്ദ്രങ്ങളിലേക്കു മാർച്ചു നടത്തും. മഹിളാ മോർച്ചയുടെ നേതൃത്വത്തിലാകും സമരം. ബിജെപി സംസ്ഥാന ഭാരവാഹി യോഗമാണു തീരുമാനിച്ചത്. കേന്ദ്ര മന്ത്രി രാജ്നാഥ് സിങ് 30നു മുഖ്യമന്ത്രിയെ നേരിൽ വിളിച്ചാണു കാര്യങ്ങൾ അന്വേഷിച്ചതും തിരച്ചിലിനു തുടക്കമിട്ടതുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു.