സിനിമാ സെറ്റുകളില്‍ സ്ത്രീകളോട് വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് പാര്‍വതി

കൊച്ചി: സിനിമാ സെറ്റുകളില്‍ സ്ത്രീകളോട് വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് നടി പാര്‍വതി ആവര്‍ത്തിക്കുന്നു. സിനിമാ സെറ്റുകളില്‍ ശുചിമുറികള്‍ ഉപയോഗിക്കുന്നതിന് പോലും സ്ത്രീകള്‍ക്ക് പലപ്പോഴും നിയന്ത്രണമുണ്ടെന്ന് പാര്‍വതി പറയുന്നു.

 പാര്‍വതിയുടെ വാക്കുകള്‍:

പൊതുവെ ഈ മേഖലയില്‍ സ്ത്രീകളോടുള്ള ബഹുമാനക്കുറവ് പ്രകടമാണ്. മലയാളത്തിലെന്നല്ല, പൊതുവെ ഇതാണ് സ്ഥിതി. പ്രശസ്തരായവരോടും അല്ലാത്തവരോടുമുള്ള സമീപനം തികച്ചും വിഭിന്നമാണ്. അണിയറ പ്രവര്‍ത്തകരെ രണ്ടാം തരക്കാരായി തന്നെയാണ് കണക്കാക്കുന്നത്.

ഞാനൊരു ഉദാഹരണം പറയാം. നടീനടന്മാര്‍ക്ക് സെറ്റില്‍ വിശ്രമിക്കാന്‍ പലപ്പോഴും നിര്‍മ്മാണ കമ്പനികള്‍ വാനിറ്റിവാനുകള്‍ നല്‍കാറുണ്ട്. ജനവാസ പ്രദേശങ്ങളില്‍നിന്ന് മാറിയൊക്കെയുള്ള ഷൂട്ടിങ്ങുകളില്‍ ഈ വാനില്‍ മാത്രമായിരിക്കും പലപ്പോഴും ശുചിമുറികളുണ്ടായിരിക്കുക. നിങ്ങള്‍ ചിലപ്പൊ വിശ്വസിക്കില്ല, ഈ വാനുകള്‍ അനുവദിച്ചിട്ടുള്ള അഭിനേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമല്ലാതെ മറ്റാര്‍ക്കും ഇതുപയോഗിക്കാന്‍ അവകാശമില്ല. സ്ത്രീകള്‍ക്കൊന്നും ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തിടമാണെങ്കില്‍ പോലും സെറ്റിലെ ആരെയും ഇതുപയോഗിക്കാന്‍ അനുവദിക്കില്ല. വാനിന്റെ ഡ്രൈവര്‍മാരടക്കമുള്ളവര്‍ ഇതുപറഞ്ഞ് ആളുകളെ വിലക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.

എന്തൊരു അനീതിയാണിത്. വര്‍ണവിവേചനത്തിന്റെ കാലത്തൊന്നുമല്ലല്ലോ നമ്മള്‍ ജീവിക്കുന്നത്. എനിക്ക് വാനിറ്റി വാന്‍ കിട്ടുമ്പോഴെല്ലാം സെറ്റിലുള്ള സ്ത്രീകളോട് അതുപയോഗിച്ചു കൊള്ളാന്‍ ഞാന്‍ പറയാറുണ്ട്. നമ്മളിവിടത്തെ സിനിമാസംഘടനകളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സംഗതിയാണിത്.

മറ്റൊന്ന്, സെക്‌സിയസ്റ്റ് ആയ കമന്റുകളാണ്. ചാര്‍ലിയുടെ ആര്‍ട് ഡയറക്ടര്‍ ആയിരുന്ന ജയശ്രീ പറഞ്ഞ ഒരു കാര്യമുണ്ട്. സിനിമയുടെ ഷൂട്ടിങ് സമയത്ത് എന്തെങ്കിലുമൊരു ചെറിയ പ്രശ്‌നം ആര്‍ടിസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ മതി ഉടന്‍ വരുന്ന കമന്റ്, ‘ഇതാണ് ഈ പെണ്ണുങ്ങളെക്കൊണ്ടുള്ള കുഴപ്പം’ എന്നാണ്. ചെറിയ എന്തെങ്കിലും പ്രശ്‌നമാവും. ഒരു പുരുഷനായിരുന്നു ആര്‍ട് ഡയറക്ടറെങ്കില്‍ വഴക്കു പറയുന്നതുപോയിട്ട് ആരും ശ്രദ്ധിക്കുക പോലും ചെയ്യില്ല.

സ്ത്രീവിരുദ്ധത വെള്ളത്തില്‍ എണ്ണ വീണതുപോലെയാണ്, എത്ര കോരിക്കളഞ്ഞാലും ഒരു പാടപോലെ അതവിടെ കിടക്കും. ചിലതിനോടൊക്കെ പൊരുതി പൊരുതി നമുക്ക് മടുക്കില്ലേ… എനിക്കു തോന്നുന്നു, ഇനി നമ്മള്‍ ബുദ്ധിപൂര്‍വം ഇതിനെ നേരിടണമെന്ന്. അടുത്ത തലമുറയിലെങ്കിലും ഇതെല്ലാം ഒഴിവാക്കിയെടുക്കാന്‍ പറ്റണം. പുതിയ തലമുറയിലുള്ളവര്‍ക്കിടയിലാവണം ഇതിനായുള്ള പ്രവര്‍ത്തനം കേന്ദ്രീകരിക്കേണ്ടത്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും, ട്രാാന്‍സ്‌ജെന്‍ഡേഴ്‌സിനുമെല്ലാം തുല്യ അവകാശങ്ങളും അവസരങ്ങളും ഉണ്ടാവണം. ആ ലക്ഷ്യത്തിനു വേണ്ടിയാവണം wcc അടക്കമുള്ളവയുടെ പ്രവര്‍ത്തനം.