എങ്ങോട്ടാണ് ഇന്ത്യയുടെ പോക്ക്?
ഭീകരവും ഭീഷണവുമായ കാവിവത്ക്കരണത്തിന്റെ
അപഹാരമാണോ ചുറ്റിലും?
ആ ദുരന്തത്തിന് അഭിമുഖം നിലക്കുകയാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം എന്നാണു ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ഏജന്‍സിയായ കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന് ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് ഇന്നലെ ഇന്ത്യന്‍ ജനതയോട് തുറന്നു പറഞ്ഞത്.
ഭക്ഷണത്തിലെ കാവിവത്ക്കരണമായിരുന്നു പശുവിറച്ചിയുടെ പേരിലുള്ള കൊലപാതകങ്ങളും ദളിത് മര്‍ദ്ദനങ്ങളും 2015 സപ്തംബര്‍ 28 ന് ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗര്‍ ജില്ലയിലെ ദാദ്രിയില്‍ പശുവിനെ മോഷ്ടിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് മദ്ധ്യവയസ്കനായ മുഹമ്മദ് അക്ലക്കിനെ ക്രൂരമായി കൊലപ്പെടുത്തി (ദാദ്രി സംഭവം) ആരംഭിച്ച നിയോ നാസിസ്റ്റ് അധിനിവേശം പിന്നീട് 2016 ജൂലൈ 11ന് ഗുജറാത്തിലെ ഗിര്‍-സോമനാഥ് ജില്ലയിലെ ഉനയ്ക്കടുത്ത മോട്ടാ സമധ്യാല ഗ്രാമത്തില്‍ പശുവിനെ കൊന്നുവെന്ന പേരില്‍ അഞ്ചു ദലിതരെ തല്ലിച്ചതച്ചു വാഹനത്തില്‍ കെട്ടി വലിച്ചിഴച്ചണ്( ഉന സംഭവം) അര്‍മാദിച്ചത്.
രാജസ്ഥാന്, ഹരിയാന, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ക്ഷീരകര്‍ഷകര്‍, ചത്ത പശുവിന്റെ തോലുരിച്ച് ഉപജീവനം കഴിക്കുന്നവര്‍ തുടങ്ങിയ തൊഴില്‍ ചെയ്ത് ജീവിക്കുന്ന ജനവിഭാഗങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുകയാണിന്ന്.
പശുവിനെ ദേശീയ മൃഗമാക്കണം. ഗോവധത്തിനുള്ള ശിക്ഷ മൂന്ന് വര്‍ഷത്തില്‍ നിന്നും ജീവപര്യന്തമാക്കണം.മുപ്പത്തിമൂന്ന് കോടി ദേവീദേവന്മാര് പശുവിനുള്ളില് വസിക്കുന്നെന്നാണ് വിശ്വാസം. ഓക്സിജന്‍ സ്വീകരിച്ച് ഓക്സിജന്‍ പുറത്തുവിടുന്ന ഏകജീവിയാണ് പശു എന്നൊക്കെ വിധി പുറപ്പെടുവിച്ച (മെയ് 31,2017) രാജസ്ഥാന് ഹൈക്കോടതി ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മയെ ആരും മറന്നിട്ടുണ്ടാകില്ല
അതിന്റെയൊക്കെ തുടര്‍ച്ചയായിട്ട് വേണം സലിംകുമാര്‍ സംവിധാനം ചെയ്ത “ദൈവമേ കൈ തൊഴാം കെ കുമാറാകണം ” എന്ന ചിത്രത്തിലെ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലിനെ വിലയിരുത്തേണ്ടത്.പശുവിന്റെ ഒരു രംഗം ഒഴിവാക്കണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗ്ഗീയത വരുമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ സുചിന്തിതാഭിപ്രായം.
എന്നാല്‍ ആരെയും ഒരു രീതിയിലും കളിയാക്കാത്ത, ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത ഒരു സീനിനാണ് സെന്‍സര്‍ ബോര്‍ഡ് കത്രികവച്ചതെന്ന് സലിം കുമാര്‍ പറയുന്നു.
പശു ഇപ്പോള്‍ നമ്മുടെ കയ്യില്‍ നിന്നു പോയ അവസ്ഥയാണ്. പശുവിനെക്കുറിച്ച് ഒന്നും മിണ്ടാന്‍ കഴിയില്ല. പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്നാണ് പറയുന്നത്. അത് എങ്ങനെയാണെന്ന് മാത്രം അറിയില്ല. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ പിന്നെ ഇപ്പോള്‍ റിലീസിങ് നടക്കില്ല. അതുകൊണ്ട് ആ ഭാഗം ഒഴിവാക്കി. ചിത്രത്തിലെ നല്ലൊരു സീനായിരുന്നു അത്. ഒന്നിനെയും വിമര്‍ശിക്കാന്‍ പോലും അവകാശമില്ല എന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുവെന്നും സലിംകുമാര്‍ പറയുന്നു.
ഇങ്ങനെ പോകുകയാണെങ്കില്‍ നാളെ ഇവിടെ ജീവിക്കണമെങ്കില്‍ ആരോടെങ്കിലുമൊക്കെ അനുവാദം ചോദിക്കേണ്ടി വരുന്ന അവസ്ഥയുമുണ്ടാകാം. ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ വീട്ടില്‍ പശുക്കളുണ്ട്. ഇപ്പോഴും അഞ്ചു പശുക്കളുണ്ട്. അങ്ങനെയുള്ള എനിക്കാണ് പശുവിനെ ഇപ്പോള്‍ എഡിറ്റ് ചെയ്തു മാറ്റേണ്ട ഗതികേട് വന്നിരിക്കുന്നത് എന്നും സലിംകുമാര്‍ പറയുന്നു.
ഇങ്ങനെയാണ് പശു ഒരു ഭീകര ജീവി ആകുന്നത്.
ടൈറ്റസ് കെ.വിളയില്‍