ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ ഇനി സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാം

ഇതു സംബന്ധിച്ച ഉത്തരവ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ് ഐ.എ.എസ് പുറത്തിറക്കി

-വികാസ് രാജഗോപാല്‍-

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് ഇനി ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റേണ്ടതില്ല. ചുരിദാര്‍ ധരിച്ച് ദര്‍ശനം നടത്താം. ചുരിദാര്‍ ധരിച്ച് ക്ഷേത്രദര്‍ശനത്തിന് അനുവദിക്കണമെന്ന് കാണിച്ച് അഡ്വ. റിയാ രാജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ഫയലില്‍ സ്വീകരിച്ചാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവ് ഇറക്കിയത്.
ചുരിദാര്‍ അനുവദിക്കാനാവില്ലെന്നും പറഞ്ഞ് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെയാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
കാലോചിതമായ മാറ്റം നടപ്പായതില്‍ സന്തോഷമുണ്ടെന്ന് അഡ്വ. റിയാ രാജി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. ചുരിദാര്‍ അനുവദിക്കണമെന്ന് പറഞ്ഞ് 350-ഓളം ഈ മെയില്‍ സന്ദേശങ്ങള്‍ തനിക്ക് ലഭിച്ചതായും എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറയുന്നു. ഹിയറിംഗ് നടത്തി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ഭക്തജന സംഘടനകളുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷമാണ് നടപടി കൈക്കൊണ്ടതെന്ന് സതീഷ് ഐ.എ.എസ് വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് ക്ഷേത്രം തന്ത്രി, ഭരണസമിതി ചെയര്‍മാന്‍, ജില്ല ജഡ്ജി കെ. ഹരിപാല്‍ എന്നിവര്‍ കൈക്കൊണ്ടത്.