യുഎഇ സാമ്പത്തിക സഹായം പുതിയ വിവാദത്തിലേക്ക്

കൊച്ചി: പ്രളയക്കെടുതിയെ അതിജീവിക്കാന്‍ കേരളത്തിന് വിവിധ സംഘടനകളും രാജ്യങ്ങളും വാഗ്ദാനം ചെയ്ത സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതിന് പിന്നാലെ 700 കോടി രൂപയുടെ യുഎഇ സഹായം പുതിയ വിവാദത്തിലേക്ക് വഴിമാറി. യുഎഇ സാമ്പത്തിക സഹായം സ്വീകരിക്കാന്‍ ആവില്ലെന്ന് വിദേശകാര്യമന്ത്രാലയം നിലപാട് എടുത്തത് വിവാദമായതിന് പിന്നാലെയാണ് അങ്ങനെയൊരു സാമ്പത്തിക സഹായം തന്നെ യുഎഇ വാഗ്ദാനം ചെയ്തിരുന്നില്ലെന്ന വാദവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള രംഗത്ത് എത്തിയതാണ് വിവാദത്തിന് വഴിയൊരുക്കിയത്. ഇതിന് പിന്നാലെ രമേശ് ചെന്നിത്തലയും യുഎഇ സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

കേരളത്തിന് 700 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് അല്‍ ഖന്ന വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ തര്‍ക്കം. കേരളത്തിന് ദുരിതാശ്വാസമായി നിശ്ചിത തുക പ്രഖ്യാപിച്ചിട്ടില്ലെന്നാണ് യുഎഇ അംബാസിഡര്‍ വ്യക്തമാക്കിയത്. ധനസഹായം സംബന്ധിച്ച വിലയിരുത്തല്‍ നടക്കുന്നതേയുള്ളൂ. കേരളത്തെ സഹായിക്കാന്‍ യുഎഇ ദേശീയ എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും യുഎഇ അംബാസിഡര്‍ വ്യക്തമാക്കി.

യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. യുഎഇ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി യുഎഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോഴാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ”പെരുന്നാള്‍ ആശംസ അറിയിക്കാന്‍ യുഎഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ നമ്മുടെ കേരളീയനായ യൂസഫലി സംസാരിച്ചപ്പോള്‍ അദ്ദേഹത്തോടാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. പ്രധാനമന്ത്രിയോട് ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അറിയിച്ചു. സഹായവാഗ്ദാനം നമുക്ക് നല്ല കരുത്ത് പകരുന്ന ഒന്നാണ്”- ഇതാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്.

ഇതിന് പിന്നാലെയാണ് വിദേശസഹായം സ്വീകരിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വിവാദമായി. ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍ പിള്ളയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറയുന്നത് പോലെയല്ല യുഎഇ സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നാണ് പുറത്തുവരുന്ന വസ്തുതകള്‍. ഇതുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്- ദുബൈ ഭരണാധികാരി സഹായം വാഗ്ദാനം ചെയ്ത് ആഗസ്റ്റ് 18ന് ട്വീറ്റ് ചെയ്തു. സഹായ വാഗ്ദാനത്തിന് നന്ദി അറിയിച്ച് അന്ന് തന്നെ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഉദാരമായ വാഗ്ദാനം എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ദുബൈ ഭരണാധികാരിയുടെ ട്വീറ്റ് പ്രധാനമന്ത്രി ടാഗ് ചെയ്തു. സഹായം 700 കോടി രൂപയുടേതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തത് ആഗസ്റ്റ് 21നാണ്. ട്വീറ്റില്‍ യുഎഇ സര്‍ക്കാരിനെയും ടാഗ് ചെയ്തു. ഒപ്പം പ്രധാനമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്തു. യുഎഇ സര്‍ക്കാര്‍ ആദ്യം സഹായവിവരം അറിയിക്കുന്നത് എംഎ യൂസഫലിയെയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അന്ന് തന്നെ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രാലയം വിദേശ സഹായം സ്വീകരിക്കാനാവില്ലെന്ന അറിയിപ്പ് പുറത്തുവിട്ടത്. ഇതറിയിച്ച് ആഗസ്റ്റ് 22ന് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.

പണം നല്‍കാമെന്ന് യുഎഇ അറിയിച്ചിരുന്നു എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ ഇപ്പോള്‍ സമ്മതിക്കുന്നു. ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള പറയുന്നതിന് വിരുദ്ധമാണ് ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എത്ര ധനസഹായം എന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് പോലും പറയാനുള്ളത്. സഹായം വാഗ്ദാനം ചെയ്ത് ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്റെ ട്വീറ്റ് പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച ട്വീറ്റാണ് പുറത്തുവന്നത്. ഈ സാഹചര്യത്തില്‍ യുഎഇ ധനസഹായവിവരം അറിയിച്ചില്ലെന്ന വാദം നിലനില്‍ക്കില്ലന്ന തിരിച്ചറിവാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാടിന് പിന്നില്‍.

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ലഭിക്കേണ്ട വിദേശസഹായം തടഞ്ഞത് ശരിയായില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്റെ എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി, ശശി തരൂര്‍ എന്നീ നേതാക്കളും രാഹുല്‍ ഗാന്ധി തന്നെയും സ്വീകരിച്ചത്. ഇതില്‍ നിന്ന് വ്യത്യസ്തമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ളയുടെ ചുവട് പിടിച്ച് രമേശ് ചെന്നിത്തല യുഎഇ സഹായം സംബന്ധിച്ച് നടത്തിയ പ്രസ്താവന.

എത്ര ധനസഹായമെന്ന് യുഎഇ വ്യക്താക്കിയിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദവും നിലനില്‍ക്കില്ല. എത്ര ധനസഹായം എന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത് എം.എ.യൂസഫലി നല്‍കിയ വിവരം അനുസരിച്ചാണ്. യൂസഫലി യുഎഇ കിരീടാവകാശിയുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തോടാണ് 700 കോടി രൂപയുടെ ധനസഹായം നല്‍കാമെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചു എന്ന കാര്യവും യുഎഇ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ എം.എ.യൂസഫലിയോട് പറഞ്ഞു എന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

700 കോടി രൂപയുടെ ധനസഹായത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപബ്ലിക് ടിവി ഉള്‍പ്പെടെയുള്ള ബിജെപി അനുകൂല മാധ്യമങ്ങള്‍ മുഖ്യമന്ത്രിയും കേരള സര്‍ക്കാരും യുഎഇ സാമ്പത്തിക സഹായത്തിന്റെ കാര്യത്തില്‍ നുണ പ്രചരിപ്പിക്കുന്നു എന്നാണ് തുടര്‍ച്ചയായി വാര്‍ത്ത കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കേരള സര്‍ക്കാര്‍ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

പ്രളയദുരിതത്തില്‍ ഉള്‍പ്പെട്ട ലക്ഷക്കണക്കിന് ജനങ്ങളുടെ പുനരധിവാസവും ഉപജീവനവും വഴിമുട്ടി നില്‍ക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര ധനസഹായം നല്‍കാത്തതും മറ്റ് രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിക്കുന്ന ധനസഹായം തടസപ്പെടുത്തുന്നതും. ഇതിനെതിരെ ഉയരുന്ന പ്രതിഷേധം വഴിതിരിച്ചുവിടാനാണ് ഇപ്പോഴത്തെ വിവാദമെന്നാണ് സൂചന.