എല്ലാവരും ഒന്നിച്ചു അമ്മക്കായി; വൈറലാവുന്ന ഗാനം

കൊച്ചി: താരങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി രൂപീകരിച്ച സംഘടനയാണ് എഎംഎംഎ. അവശരായ കലാകാരെ സഹായിക്കുന്നതുള്‍പ്പടെ നിരവധി കാര്യങ്ങളാണ് അവര്‍ ചെയ്യുന്നത്. അടുത്തിടെ സംഘടനയെച്ചൊല്ലി അഭിപ്രായ ഭിന്നതകളും വിമര്‍ശനവുമൊക്കെയാണ് ഉയര്‍ന്നുവരുന്നതെങ്കിലും അതിനുമപ്പുറത്തുള്ള പ്രവര്‍ത്തനങ്ങളും സംഘടന നടത്തുന്നുണ്ട്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ ചിത്രീകരണമെല്ലാം മാറ്റി വെച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി താരങ്ങളും അണിനിരന്നിരുന്നു. അമ്മയുടെ നേതൃത്വത്തില്‍ ധനസഹായവും നല്‍കിയിരുന്നു. നവകേരള നിര്‍മ്മാണത്തിനായി പ്രത്യേക സ്റ്റേജ് ഷോ നടത്തി ധനസമാഹരണം നടത്തുമെന്നും അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ സുനാമി ദുരിത ബാധിതരെ സഹായിക്കുന്നതിനായി പ്രത്യേക പരിപാടി നടത്തിയിരുന്നു. ഇത്തവണ അബുദാബിയില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. ഡിസംബര്‍ 7നാണ് പരിപാടി. പരിപാടിയുടെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ച് താരങ്ങള്‍ റിഹേഴ്‌സല്‍ ക്യാംപിലേക്കെത്തും. കഴിഞ്ഞ ദിവസത്തെ യോഗത്തിനിടയില്‍ ഇക്കാര്യത്തെക്കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തത്. താരങ്ങളെ വിട്ടുതരാന്‍ ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കി നിര്‍മ്മാതാക്കള്‍ രംഗത്തുവന്നിരുന്നു. ഭീമമായ നഷ്ടമാണ് സംഭവിക്കുകയെന്നായിരുന്നു അവര്‍ പറഞ്ഞത്. എന്നാല്‍ ആ പ്രശ്‌നം രമ്യമായി പരിഹരിച്ചുവെന്നും നിശ്ചയിച്ചത് പോലെ തന്നെ പരിപാടി നടക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. അമ്മയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന അക്ഷരവീട് പദ്ധതിയുടെ തീം ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അമ്മയ്ക്ക് പുറമെ മാധ്യമം പത്രം, എന്‍എംസി ഗ്രൂപ്പ്, യുനിമണി തുടങ്ങിയവരും അക്ഷരവീടിനായി ഒത്തുചേരുന്നുണ്ട്. കൊച്ചിയില്‍ നടന്ന ചടങ്ങിനിടയില്‍ മോഹന്‍ലാലാണ് അക്ഷരവീടിന്റെ തീം സോങ് പുറത്തുവിട്ടത്. ബിജിപാലാണ് സംഗീതം നല്‍കിയത്. റഫീഖ് അഹമ്മദാണ് ടൈറ്റില്‍ ഗാനം തയ്യാറാക്കിയത്. ആഷിഖ് അബുവാണ് സംവിധാനം നിര്‍വഹിച്ചത്. യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമെല്ലാം ഈ ഗാനത്തില്‍ അണിനിരന്നിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധീകരിച്ച് 51 വീടുകള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വിവിധ മേഖലയില്‍ മികവ് തെളിയിക്കുകയും ജീവിതവഴിയില്‍ അപ്രതീക്ഷിതമായി കാലിടറുകയും ചെയ്തവര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ഫഹദ് ഫാസില്‍, പാര്‍വതി, ജയസൂര്യ, ടൊവിനോ തോമസ്, ബിജു മേനോന്‍, മിയ, മംമ്ത മോഹന്‍ദാസ്, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ദുല്‍ഖര്‍ സല്‍മാന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരാണ് ഗാനത്തിനായി അണിനിരന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന തീം ഗാനം കാണാം.