രക്തദാനത്തിന്‍റെ പേരില്‍ തട്ടിപ്പും പിടിച്ചുപറിയും

ഓള്‍ കേരള ബ്ലഡ് ഡോണേഴ്സ് അസോസിയേഷന്‍റെ പേരില്‍ തട്ടിപ്പ് 

ഓഫീസുകളിലെ ബില്ല് അടച്ചാല്‍ മാത്രമേ ബ്ലഡ് തരികയുള്ളൂ എന്ന് ഭാരവാഹികള്‍ പറഞ്ഞതായി ആരോപണം

തിരുവനന്തപുരം : രക്തദാനത്തിന്റെ പേരില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പക്കല്‍ നിന്നും പണം തട്ടിയെടുക്കുന്നതായി പരാതി. സംസ്ഥാനത്തുടനീളം സൗജന്യ സേവനം എന്ന പേരില്‍ ആംമ്പുലന്‍സ് സര്‍വീസ് മുതല്‍  രക്തദാനതിനമുള്‍പ്പടെ ഒട്ടനവധി സംഘടനകള്‍ നടത്തുന്നുണ്ട്. എന്നാല്‍ തട്ടിപ്പു സജീവമായതോടെ സേവനമായി മാത്രം ചെയ്യുന്ന സംഘടനകള്‍ പോലും സംശയത്തിന്റെ നിഴലിലായി. ആള്‍ കേരള ബ്ലഡ് ഡോനോര്‍സ് അസോസിയേഷന്‍ എന്ന പേരിലെ സംഘടനയുമായി ആവശ്യക്കാര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്. സംഘടനയിലെ നടത്തിപ്പുകാരാണ് ഓഫീസ് ചിലവിന് എന്ന പേരില്‍  രോഗികളോടും കൂട്ടിരിപ്പുകാരോടും വിലപേശല്‍ നടത്തിയാണ് വ്യാപക ചൂഴണതിന് ചുക്കാന്‍ പിടിക്കുന്നത് .അടുത്തിടെ രക്തത്തിനായി സംഘടന ആവശ്യപ്പെട്ട പണം നല്‍കാനായി ഇവരെ ഫോണില്‍  ബന്ധപ്പെടുകയും വിളിച്ച നമ്പര്‍ കിട്ടാതായതോടെ മറ്റൊരു അംഗത്തിന്റെ നമ്പറില്‍ വിളിക്കുകയും ചെയ്തതോടെയാണ്  തട്ടിപ്പു പുറം ലോകം അറിയുന്നത്.

ആവശ്യഘട്ടങ്ങളില്‍ ഇവരുടെ നമ്പറിലേക്ക് വിളിക്കുന്നവരോട്  തങ്ങളുടെ ഓഫീസ് ബില്ലുകള്‍ അടക്കണമെന്നും ഫോണ്‍ ബില്ലുകള്‍ അടച്ചു രസീത് നമ്പര്‍ കൈമാറിയാല്‍ ആവശ്യമുള്ള രക്തം നല്‍കുമെന്നും ഇവര്‍ പറയും. നിവര്‍ത്തിയില്ലാതെ സമ്മതം മൂളിയ ഇവരുടെ മൊബൈലിലേക്ക് മുപ്പതോളം പേരുടെ നമ്പറുകളും വിവരങ്ങളും ആണ് ബില്‍ അടക്കുന്നതിനായി അയച്ചു നല്‍കിയത് .എന്നാല്‍ രക്തം ആവശ്യപ്പെട്ടു വിളിക്കുന്നവരെ സംഘടനയിലെ എക്‌സിക്യൂറ്റീവുകള്‍  നേരിട്ട് സന്ദര്‍ശിക്കുകയും  വിവരങ്ങള്‍ മനസിലാക്കിയ ശേഷം തങ്ങള്‍ നല്‍കുന്ന രക്തത്തിന് പകരം  മറ്റേതെങ്കിലും ഗ്രൂപ് രക്തം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടും. കിട്ടിയില്ലെങ്കില്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് മൂവായിരം രൂപ ഡെപ്പോസിറ്റ് ചെയ്യണമെന്നും പകരം രക്തം നല്‍കുമ്പോള്‍ തിരികെ മൂവായിരം നല്‍കാമെന്ന് ഉറപ്പും നല്‍കും. നിവര്‍ത്തിയില്ലാതെ പലരും പണം നല്‍കും. കൂട്ടിരിപ്പുകാരില്‍ ഒരാള്‍ രക്തം നല്‍കി പണം പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ സര്‍വീസ് ചാര്‍ജ് ,  ടി എ ,ഫോണ്‍ ചാര്‍ജ് എന്നിവയ്ക്കുള്ള പണം കിഴിച്ചുള്ള തുകയെ നല്‍കാനാകു എന്ന് പറഞ്ഞു. ഡെപ്പോസിറ്റ് തിരികെ വാങ്ങാന്‍ ഭൂരിപക്ഷം പേരും വരില്ല എന്നതും ഇവര്‍ക്ക് അനുഗ്രഹമാണ്.

പത്തനംതിട്ട  സ്വദേശി ഷൈജുവിനും ഉണ്ടായ അനുഭവവും വ്യത്യസ്തമല്ല  .രക്തം വേണമെങ്കില്‍ ഇവരുടെ എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഓഫീസ് ബില്ലുകള്‍ അടക്കണമെന്നാണു സംഘടന ആവശ്യപ്പെട്ടത്. ഇതു കൂടാതെ ഇവരില്‍ നിന്നും രക്തം സ്വീകരിച്ച നിരവധിപേര്‍ സംഘടന  തങ്ങളെ ചൂഷണം ചെയ്തതായി സാക്ഷ്യപ്പെടുത്തുന്നു.

സംസ്ഥാനത്തുടംനിലമുള്ള  ആസ്പത്രികളുമായി  ബന്ധം പുലര്‍ത്തുന്ന ഇവര്‍ക്ക്  ആസ്പത്രികളില്‍ ശസ്ത്രക്രീയ  അനുസരിച്ചു വിവരം ലഭിക്കും. ആവശ്യക്കാര്‍ക്ക് ആസ്പത്രി  അധികൃതര്‍  ഇവരുടെ നമ്പറുകള്‍ നല്‍കും. ഈ രീതി  തുടരുന്നതിനാല്‍ പലപ്പോഴും തീര്‍ത്തും സേവനമായി മാത്രം രക്തദാനം നടത്തുന്നവരെ കിട്ടാതെ പൊതുജനം ഇവരുടെ ചതിക്കുഴിയില്‍ അകപ്പെടുകയാണ്. അതെ സമയം ഇവരുടെ സംഘടനയില്‍ അംഗമാകാന്‍ ആയിരം രൂപ അംഗത്വ ഫീസ് ഈടാക്കുന്നുണ്ട് .സംസ്ഥാനത്തൊട്ടാകെ അറുപത്തിനായിരത്തിലധികം അംഗങ്ങള്‍ ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്.