എസ്.എന്‍.ഡി.പിയോഗം മുന്‍ പ്രസിഡന്റ് അഡ്വ. വിദ്യാസാഗര്‍ അപ്പീല്‍ നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതായി മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

സി.കെ. വിദ്യാസാഗര്‍

അഭിഭാഷകനെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വിദ്യാസാഗറിനെതിരെ നടപടിയെടുക്കാന്‍ ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു

എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റും അഭിഭാഷകനുമായ സി.കെ. വിദ്യാസാഗര്‍ തടവുകാരനെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. ഈ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സില്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. പരാതിയുടെ പകര്‍പ്പും കമ്മീഷന്റെ ഉത്തരവും കേരള ഹൈക്കോടതിയുടെ ശ്രദ്ധയില്‍ എത്തിക്കുന്നതിന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അയച്ചുകൊടുത്തു.

പത്തുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ജോണ്‍സണ്‍ സമര്‍പ്പിച്ച പരാതിയിലാണ് ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസിന്റെ ഉത്തരവ്. എറണാകുളം ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ജോണ്‍സണെ തടവിന് ശിക്ഷിച്ചത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പരാതിക്കാരന്റെ മാതാപിതാക്കള്‍ വിദ്യാസാഗറിനെ സമീപിച്ചു. വക്കീല്‍ ഫീസായി 25,000 രൂപയും നല്‍കി. എന്നാല്‍ അഭിഭാഷകന്‍ തന്നെ ചതിച്ചെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

തൊടുപുഴയിലെയും എറണാകുളത്തെയും പ്രമുഖ അഭിഭാഷകനാണ്. അദ്ദേഹത്തിന് എറണാകുളത്തും സ്വന്തമായി ഓഫീസുണ്ട്. ധാരാളം ജൂനിയര്‍ ജൂനിയര്‍മാരും അദ്ദേഹത്തോടൊപ്പം ഉണ്ട്. കമ്മീഷന്റെ സിറ്റിംഗില്‍ വിദ്യാസാഗര്‍ നേരിട്ട് ഹാജരായില്ല. പകരം അദ്ദേഹത്തിന്റെ ജൂനിയറാണ് ഹാജരായത്.

വക്കീലിനെതിരെ നടപടി ആവശ്യപ്പെട്ട് ജോണ്‍സന്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി. കമ്മീഷന്‍ വിദ്യാസാഗറില്‍ നിന്നും വിശദീകരണം തേടി. താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും അപ്പീല്‍ നല്‍കിയെന്നുമാണ് വിദ്യാസാഗര്‍ വാദിച്ചത്.

തുക വാങ്ങിയ ശേഷം കോടതിക്കെതിരെ പറയാനും വിദ്യാസാഗര്‍ മറന്നില്ല. സമയത്ത് അപ്പീല്‍ കേള്‍ക്കാത്തത് ഹൈക്കോടതിയുടെ കുഴപ്പമാണെന്നായിരുന്നു വിദ്യാസാഗറിന്റെ വാദം. അക്കാര്യം കമ്മീഷന്‍ അംഗീകരിച്ചില്ല. കാരണം തടവുകാരുടെ അപ്പീല്‍ 6 വര്‍ഷത്തിലധികം കോടതി കേള്‍ക്കാതിരിക്കില്ലെന്ന് കമ്മീഷന്‍ വാദിച്ചു. പാവപ്പെട്ട കക്ഷിയില്‍ നിന്നും പണം വാങ്ങിയ ശേഷം അപ്പീല്‍ നല്‍കാത്തത് തെറ്റാണെന്ന് കമ്മീഷന്‍ കണ്ടെത്തി.ഇത്തരം അഭിഭാഷകര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും കമ്മീഷന്‍ അഭിപ്രായപ്പട്ടു.

വിദ്യാസാഗറിനെതിരെ നടപടി വേണമെന്നാണ് ജോണ്‍സന്റെ ആവശ്യം. വിദ്യാസാഗറിനെതിരെ നടപടി എടുക്കേണ്ടത് കേരള ബാര്‍ കൗണ്‍സിലാണെന്നും അക്കാര്യം കൗണ്‍സില്‍ പരിഗണിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വിദ്യാസാഗര്‍ ഫയല്‍ ചെയ്തതായി പറയപ്പെടുന്ന അപ്പീല്‍ കോടതിയിലുണ്ടോ എന്നറിയാന്‍ പരാതിയുടെയും ഉത്തരവിന്റെയും കോപ്പികള്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറാനും കമീഷന്‍ ഉത്തരവായി. പരാതി ഗൗരവമേറിയതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

തടവുകാരുടെ കാര്യത്തില്‍ കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കാനാണ് കോടതികള്‍ ശ്രമിക്കുന്നത്. 2011 ലാണ് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ വിദ്യാസാഗറിനെ ചുമതലപ്പെടുത്തുന്നത്. ആറുവര്‍ഷം കഴിഞ്ഞിട്ടും തടവുകാരന്‍ ജയിലില്‍ കഴിയുന്നു. കേസ് കോടതി പരിഗണിച്ചില്ലെന്ന അഭിഭാഷകന്റെ വാദം അത്ഭുതകരമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.
മാധ്യമ പ്രവര്‍ത്തകരെ അച്ചടക്കം പഠിപ്പിക്കുന്നവരാണ് കേരളത്തിലെ അഭിഭാഷകര്‍. എന്നാല്‍ പാവപ്പെട്ട കക്ഷികളെ പണം വാങ്ങി പറ്റിക്കുന്നവരാണ് ഇവരെന്ന് എത്ര പേര്‍ക്കറിയാം.