വീട്ടമ്മയുടെ ജഡം കണ്ടെത്തി; പാസ്റ്റർ പിടിയിൽ

ഇടുക്കി: തമിഴ്‌നാട്ടിലെ ഇരൈച്ചില്‍ പാലത്തില്‍നിന്ന് മുല്ലപ്പെരിയാര്‍ കനാലിലേക്കെറിഞ്ഞ മലയാളി വീട്ടമ്മയുടെ ജഡം കണ്ടെടുത്തു. നവംബര്‍ മൂന്നിനു കാണാതായ കൊന്നത്തടി തിങ്കള്‍ക്കാട് സ്വദേശി പൊന്നെടുത്തുംപാറയില്‍ ബാബുവിന്റെ ഭാര്യ സാലു(42)വിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ പത്തോടെ പൊലിസിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. പാലത്തില്‍നിന്നു ഒരു കിലോമീറ്ററോളം അകലെ പാറയിടുക്കില്‍ നഗ്നമായ നിലയിലാണ് ജഡം കാണപ്പെട്ടത്. ഭാഗീകമായി അഴുകിയ നിലയിലായിരുന്നു. വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഉപ്പുതറ കരുന്തരുവി സ്വദേശി കരുന്തരുവി എസ്റ്റേറ്റ് നാല്‍പത് മുറി ലയത്തിലെ താമസക്കാരന്‍ പാസ്റ്റര്‍ സലി എന്നു വിളിക്കുന്ന സലിന്‍ (40) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളുടെ മൊഴിപ്രകാരമാണ് മൃതദേഹം കണ്ടെടുക്കാന്‍ തെരച്ചില്‍ നടത്തിയത്.

താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് സലിന്‍ മൊഴി നല്‍കിയിരിക്കുന്നത്. നവംബര്‍ മൂന്നിന് ഉത്തമപാളയത്തെ ലോഡ്ജില്‍ തങ്ങിയശേഷം പിറ്റേന്നു രാത്രി കുളിയിലേക്ക് വരും വഴിയാണ് കൊലപാതകം നടത്തിയത്. ഒരുമിച്ചു താമസിക്കുന്നതിനായി രാത്രി 11 മണിക്കുശേഷം വെള്ളത്തില്‍വച്ച് പൂജ ചെയ്യണമെന്നു നിര്‍ദേശമുണ്ടന്നു പറഞ്ഞു ഇവര്‍ സഞ്ചരിച്ച കാര്‍ ഇരൈച്ചില്‍ പാലത്തിനു സമീപം നിര്‍ത്തിയശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റസമ്മതം. ചുരിദാറാണ് സാലു ധരിച്ചിരുന്നത്. എന്നാല്‍ ജഡം വിവസ്ത്രമായി കാണപ്പെട്ടത് പൊലിസിനെ കുഴക്കുന്നുണ്ട്. കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ പങ്കാളിയായിരിക്കാമെന്നു പൊലിസ് സംശയിക്കുന്നു.
മുല്ലപ്പെരിയാറില്‍നിന്ന് ലോവര്‍ ക്യാമ്പിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിലാണ് ജഡം കണ്ടത്. ശക്തമായ ഒഴുക്കുള്ള കനാലില്‍ തമിഴ്‌നാട് അധികൃതരുമായി ബന്ധപ്പെട്ട് ഷട്ടര്‍ അടച്ച് ഒഴുക്ക് തടഞ്ഞാണ് പൊലിസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയത്.

കാണാതായതിന്റെ പിറ്റേന്ന് സാലുവിനെ കൊലപ്പെടുത്തിയെന്നാണ് പ്രതി മൊഴി നല്‍കിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കവും താനുമായി വഴിവിട്ട ബന്ധമുണ്ടായിരുന്ന സാലു തന്നില്‍നിന്ന് അകലാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പറഞ്ഞിരുന്നു. ഒട്ടനവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് സലിന്‍. ഒരു ക്രിസ്ത്യന്‍ സഭയുടെ പാസ്റ്ററായി കുറെക്കാലം കഴിഞ്ഞ സലിനെ അവിടെനിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ പാസ്റ്റര്‍ എന്ന ലേബലില്‍ ഇയാള്‍ തട്ടിപ്പുകള്‍ നടത്തുകയായിരുന്നു.
ഏതാനും വര്‍ഷം മുമ്പ് സാലുവിന്റെ കുടുംബവുമായി പരിചയപ്പെട്ട ഇയാള്‍ രണ്ട് ലക്ഷം രൂപ സാലുവിന്റെ ഭര്‍ത്താവ് ബാബുവിന് വായ്പയായി നല്‍കുകയും തുടര്‍ന്ന് സാലുവുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുകയും ചെയ്തു. നവംബര്‍ മൂന്നിന് സാലുവിനെ കാണാതായശേഷം 18ന് ഭര്‍ത്താവ് പൊലിസില്‍ പരാതി നല്‍കി. വെള്ളത്തൂവല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ സാലുവിന്റെ തിരോധാനത്തിനു പിന്നില്‍ സലിനാണെന്നു കണ്ടെത്തുകയും ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതക വിവരം വെളിച്ചത്തു വന്നത്. സാമ്പത്തിക തട്ടിപ്പുകളില്‍ ഉത്തമപാളയം സ്വദേശി ജെയിംസ് സ്വാമിയെന്നയാളും ഉള്‍പ്പെട്ടിരുന്നതിനാല്‍ കൊലപാതകത്തില്‍ ഇയാളും പങ്കാളിയാണോയെന്ന സംശയത്തില്‍ ഇയാളെ പൊലിസ് നിരീക്ഷിച്ചുവരികയാണ്.

എറണാകുളം റേഞ്ച് ഐ. ജി: എസ് ശ്രീജിത്, ഇടുക്കി ജില്ലാ പൊലിസ് മേധാവി എ. വി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്‌റ്റേഷനുകളില്‍നിന്നും ഇടുക്കി എ. ആര്‍ ക്യാമ്പില്‍നിന്നുമായി നൂറോളം പൊലിസുകാരാണ് തെരച്ചില്‍ നടത്തിയത്.
മൂന്നാര്‍ ഡിവൈ. എസ്. പി: കെ. എന്‍ അനിരുദ്ധന്‍, കട്ടപ്പന ഡിവൈ. എസ്. പി: എന്‍. സി മോഹന്‍രാജ്, അടിമാലി സി. ഐ: ടി. യു യൂനസ് എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യം പൂര്‍ത്തിയാക്കിയത്. രാവിലെ ഏഴ് മണിയോടെ കനാല്‍ അടച്ചതിനുശേഷം എട്ട് മണിയോടെ തെരച്ചില്‍ തുടങ്ങി. പത്ത് മണിയോടെ ചെങ്കുത്തായ പാറയിടുക്കില്‍ തല കുടുങ്ങിയ നിലയില്‍ ജഡം കാണപ്പെടുകയായിരുന്നു.
വീട് വയ്ക്കാന്‍ പണം വാങ്ങി നല്‍കാമെന്നും വ്യാപാരാവശ്യത്തിന് കോടിക്കണക്കിന് രൂപ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്നും വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിച്ചെടുത്ത കേസുകളില്‍ പ്രതിയാണ് സലിന്‍. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് അടിമാലി സി. ഐ: ടി. യു യൂനസ് അറിയിച്ചു. കോട്ടയത്തുനിന്നെത്തിയ പൊലിസ് ഫൊറന്‍സിക് വിദഗ്ധര്‍ ജഡം പരിശോധിച്ച് തെളിവെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് ജഡം മാറ്റി. ഡി. എന്‍. എ പരിശോധന നടത്തുമെന്നും പൊലിസ് അറിയിച്ചു.