സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ സൂപ്പറല്ലെങ്കില്‍  ചാനലുകള്‍ക്ക് വേണ്ട

 

-ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം: സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ സൂപ്പറല്ലെങ്കില്‍ സാറ്റലൈറ്റ് പോലും ചാനലുകള്‍ക്ക് വേണ്ട. തിയറ്ററില്‍ കളക്ഷന്‍ നേടുന്ന സിനിമകള്‍ മാത്രം നല്ല വില നല്‍കി വാങ്ങിയാല്‍ മതി എന്ന നിലപാടിലാണ് ചാനലുകള്‍. നിവിന്‍ പോളി, ദുല്‍ഖര്‍, പൃഥ്വിരാജ് എന്നിവരുടെ സിനിമകള്‍ തിയറ്ററുകളില്‍ നല്ല കഌന്‍ നേടുന്നതിനെ തുടര്‍ന്നാണ് സൂപ്പര്‍താര ചിത്രങ്ങളുടെയും ചെറിയ ചിത്രങ്ങളുടെയും അവകാശം വാങ്ങാന്‍ ചാനലുകള്‍ മടിക്കുന്നത്. മമ്മൂട്ടിയുടെ വൈറ്റിന്റെ റിലീസ്  സാറ്റലൈറ്റ് അവകാശം വില്‍ക്കാത്തതിനാല്‍ വൈകിയിരുന്നു. ലണ്ടനില്‍ ചിത്രീകരിച്ച സിനിമയ്ക്ക് നല്ല ബജറ്റ് ആയിരുന്നു. എന്നാല്‍ പുലിമുരുകന്‍ ഹിറ്റായതോടെ മോഹന്‍ലാല്‍ സിനിമയ്ക്ക് ഡിമാന്റുണ്ട്.

അതേ സമയം പുതുമുഖ സിനിമ സൂപ്പര്‍ഹിറ്റായാല്‍ അതിന്റെ സാറ്റലൈറ്റ് അവകാശം വാങ്ങാന്‍ ചാനലുകള്‍ മല്‍സരം കാണിക്കുന്നുണ്ട്. പല ചാനലുകളും തമ്മില്‍ ടൈയ്യപ്പ് ചെയ്ത് സിനിമ കാണിക്കുന്നുണ്ട്. ഏഷ്യാനെറ്റും കൈരളിയും അവര്‍ വാങ്ങിയ സിനിമകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാറുണ്ട്. സൂര്യ ടി.വിയാണ് ഏറ്റവും കൂടുതല്‍ സിനിമകള്‍ സ്വന്തമാക്കിയത്. അവര്‍ ലൈഫ് ടൈമാണ് സിനിമ വാങ്ങുന്നത്. മറ്റുള്ളവര്‍ 15 വര്‍ഷത്തേക്കാണ്. അത് കഴിയുമ്പോള്‍ അവകാശം വീണ്ടും പുതുക്കും.

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സുരേഷ്‌ഗോപി ചിത്രമായ രുദ്രസിംഹാസനത്തിന്റെ സാറ്റലൈറ്റ് അവകാശവും ഇതുവരെ വിറ്റ് പോയിട്ടില്ല. ഓ മൈ ഗോഡ് വളരെ തുച്ഛമായ വിലയ്ക്കാണ് വിറ്റത്. അത് കാരണം മുടക്ക് മുതല്‍ പോലും നിര്‍മാതാവിന് ലഭിച്ചില്ല. തിയറ്ററിലെ കളക്ഷന്‍ ടാക്‌സിന്റെ അടിസ്ഥാനത്തില്‍ നോക്കി തിട്ടപ്പെടുത്തിയ ശേഷമാണ് ചാനലുകള്‍ സാറ്റലൈറ്റ് അവകാശം വാങ്ങുന്നത്. അതിന് താരങ്ങളുടെ മുഖമല്ല, നല്ല കളക്ഷനാണ് പ്രധാനം. ഇത് നല്ല സിനിമകള്‍ ഉണ്ടാകാന്‍ സഹായിക്കുമെന്ന് സിനിമാക്കാര്‍ തന്നെ പറയുന്നു.