ലോകാ സമസ്താഃ സുഖിനോ ഭവന്തു!

ബിജു നായർ
എന്റെയൊരു മുസ്ലിം സുഹൃത്ത് എനിക്കെഴുതിയ ഈ കമന്റ് നിങ്ങളൊരിക്കലും കാണാതെ പോകരുത്!

ഞാനും അയാളുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതൊരു ലവ് ഹേറ്റ് റിലേഷൻഷിപ്പ് തന്നെയായിരുന്നു താനും.

എന്റെ രാഷ്ട്രീയ എഴുത്തുകളുടെ തുടക്കകാലങ്ങളിൽ, ഞാനെഴുതിയ ഏതോ പോസ്റ്റ് എനിക്ക് സമ്മാനിച്ചൊരു കൂട്ടുകാരനായിരുന്നു അയാൾ. ഒരു ലൈക്കിൽ പൂത്ത് ഫ്രണ്ട് റിക്വസ്റ്റിലൂടെ തളിർത്ത ഒരു സാധാരണ സുഹൃത് ബന്ധം.

പക്ഷേ, തന്ന ദൈവം തന്നെയാണ് തിരിച്ചെടുക്കുന്നതും എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നത് പോലെ, എന്റെ വേറൊരു രാഷ്ട്രീയ പോസ്റ്റാണ് അദ്ദേഹത്തെ വെറുപ്പിച്ച് പണ്ടാരമടക്കിയതും.

ഉടനടി കിട്ടി, എന്റെ മോദിഭക്തി അതിര് കടക്കുന്നു എന്നുള്ളൊരു സൂചനയും, ഒരു അൺഫ്രണ്ടും.

പക്ഷേ പോകുന്ന പോക്കിൽ, എന്നെ ഫോളോ ചെയ്യാനും, എന്റെ പോസ്റ്റുകളെല്ലാം വിടാതെ വായിക്കുമെന്ന് എന്നെ സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുവാനും അയാൾമറന്നില്ല.

എന്റെ കൂടെ പഠിച്ച് വളർന്ന, എന്നോടൊപ്പം ഒരേ വിദ്യാലയ മുറ്റങ്ങളിൽ കളിച്ച് വളർന്ന, ഞാനെന്റെ ജീവിതത്തിലൂടെ നേടിയെടുത്ത ചില മുസ്ലിം ക്രിസ്ത്യൻ സുഹൃത്തുക്കൾ പോലും, ഞാനൊരു മോദി ഭക്തനായി രൂപാന്തരം പ്രാപിച്ച ആ നിമിഷം തന്നെ എന്നെ അൺഫ്രണ്ട് ചെയ്ത് പോയിട്ട് പിന്നെ എന്റെ നേരേയൊന്ന് തിരിഞ്ഞ് നോക്കാൻ പോലും മെനക്കെടാത്ത അനുഭവങ്ങൾ വരെ എനിക്കുണ്ടായിട്ടുണ്ട്. അതെല്ലാമെനിക്ക് തീർത്താൽ തീരാത്ത വേദനകളാണ് സമ്മാനിച്ചതും.

ആ ഒരു പശ്ചാത്തലത്തിലാണ് എന്റെ കഥാനായകന്റെ പെരുമാറ്റം എനിക്ക് വളരെയധികം ഹൃദയസ്പർശിയായി തോന്നിയത്. അതെന്റെ ഉത്തരവാദിത്വത്തെ ഒന്ന് കൂടി വർദ്ധിപ്പിച്ചു. അയാളുടെ വിശാല മനസ്സിനെ വീണ്ടും തിരിച്ച് പിടിക്കണം എന്നുള്ളത് ഞാനെന്റെ ഒരു സ്വകാര്യ വാശിയായി കണ്ടുതുടങ്ങി.

പിന്നങ്ങോട്ട് ഞാനെഴുതിയ ഓരോ വാക്കും അയാളെ മുന്നിൽ കണ്ട് കൊണ്ടായിരുന്നു. അയാളത് എങ്ങനെ ഉൾക്കൊള്ളും, അയാളതിനോട് എങ്ങനെ പ്രതികരിക്കും എന്നുള്ള എന്റെ ഉത്കണ്ഠയുടെ അലക്ക് കല്ലിൽ അടിച്ച് വെളുപ്പിച്ചവയായിരുന്നു. രാകി മിനുക്കിയവയായിരുന്നു.

അത് കൊണ്ട് തന്നെ എന്റെ എഴുത്തുകൾ കൂടുതൽ സന്തുലിതമായി, കൂടുതൽ സമീകൃതമായി എനിക്ക് പോലും അനുഭവപ്പെട്ടു.

അങ്ങനെ കാലങ്ങൾ കുറേ കടന്ന് പോയതിന് ശേഷം വന്ന ഒരു തണുത്ത വെളുപ്പാൻ കാലത്ത്, എന്റെ ശ്രമങ്ങൾ വൃഥാവിലായില്ല, എന്നെനിക്ക് പഠിപ്പിച്ച് തന്ന് കൊണ്ട് ആ ഫ്രണ്ട് റിക്വസ്റ്റ് വീണ്ടും വന്നു.

ഞാനത് കയ്യോടെ തന്നെ സ്വീകരിക്കുകയും ചെയ്തു. എന്റെ എഴുത്തിന് കിട്ടിയ ഏറ്റവും വലിയ അവാർഡ് സ്വീകരിക്കും പോലെ.

പിന്നീടും ഇടയ്ക്കിടയ്ക്കൊക്കെ അയാളുടെ കർക്കശമായ എതിരഭിപ്രായങ്ങൾ എന്റെ ചില പോസ്റ്റുകളെ തേടി എത്താറുണ്ടായിരുന്നു. വല്ലപ്പോഴുമൊക്കെ ചെറിയ ചില അഭിനന്ദനങ്ങളും.

പക്ഷേ, കഴിഞ്ഞയാഴ്ച്ച അയാൾ എന്റെയൊരു പോസ്റ്റിന് കീഴെ കുറിച്ച വാക്കുകൾ എന്റെ കണ്ണുകളെ വല്ലാതെ ഈറനണിയിച്ചു കളഞ്ഞു.

“Biju Nair ജീ… എന്റെ ഒരു ബന്ധുവിന് മോദിജിയുടെ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി പ്രകാരം 5 ലക്ഷത്തിന്റെ ചികിത്സസഹായം കിട്ടിയ കാര്യം ഇന്നാണ് അറിഞ്ഞത്. ഇത് വരെ ഉണ്ടായിരുന്നതെല്ലാം തെറ്റിധാരണ ആണെന്ന് ഇന്നെനിക്കു ബോധ്യപ്പെട്ടു.

അക്രമ രാഷ്ട്രീയവും അക്രമികൾക്ക് സർക്കാർ ജോലിയും നൽകുന്ന ഈ ഏർപ്പാട് ഇവിടുന്നു തുടച്ചു നീക്കാൻ നിങ്ങളുടെ പ്രസ്ഥാനം മുന്നിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

Wish you all success…”

ക്രിസ്തീയ മതപരിവർത്തനത്തെ കുറിച്ചുള്ളൊരു ചാനൽ ചർച്ചയിൽ, ഞാൻ മുന്നോട്ട് വച്ച വാദമുഖത്തെ എന്റെ കൂടെ പങ്കെടുത്ത ഒരു മുസ്ലിം സഹോദരൻ എടുത്ത് പറഞ്ഞ് അംഗീകരിച്ചപ്പോഴാണ് ഇത്രയും സന്തോഷം എനിക്കിതിന് മുമ്പ് തോന്നിയിട്ടുള്ളത്.

ക്രിസ്തുവിന്റെ സന്തതസഹചാരിയായി ജീവിക്കുന്ന, ക്രിക്കറ്റിൽ എനിക്ക് ഗുരുതുല്യനായ, ജീവിതത്തിൽ ഞാനൊരു പ്രചോദനമായി കരുതുന്ന എന്റെ ഒരു സുഹൃത്തിനെ ബിജെപി യിൽ അംഗമാക്കുവാൻ സാധിച്ചപ്പോഴാണ് ഇത്രയും ആത്മനിർവൃതി എനിക്കിതിന് മുമ്പ് തോന്നിയിട്ടുള്ളത്.

ദേശാഭിമാനപൂരിതവും സ്നേഹനിർഭരവുമായ മേല്പറഞ്ഞ കമന്റ് വായിച്ചതോടെ എനിക്ക് വേറൊരു കാര്യവും കൂടെ മനസ്സിലായി.

എന്ത് കൊണ്ട് എന്നെ ഫ്രണ്ട് ആക്കാൻ വിസമ്മതിക്കുന്നവരോടും, ഒരിക്കൽ ഫ്രണ്ട് ആക്കിയതിന് ശേഷം യാതൊരു പ്രകോപനവുമില്ലാതെ അൺഫ്രണ്ട് ചെയ്ത് വിടുന്നവരോടും, എന്നെ ഫോളോ ചെയ്ത് എന്റെ പോസ്റ്റിന് കീഴെ വന്ന് എന്നെ തെറി പറയുന്നവരോടും, എന്നെ പുച്ഛ ഭാവത്തിൽ അവഗണിക്കുന്നവരോടും, എനിക്ക് പറയാനുള്ളതിനോട് ഹ ഹ ഹാ റിയാക്ഷൻ ഇടുന്നവരോടും ഒന്നും എനിക്ക് യാതൊരു വിധത്തിലുള്ള നീരസമോ ദേക്ഷ്യമോ ഉണ്ടാകുന്നില്ല എന്നത്.

കാരണം അവരുടെ മനസ്സിലുള്ളത് സത്യസന്ധമായി എനിക്ക് കാണിച്ച് തരുകയാണ് അവരെന്നോട് ചെയ്യുന്നത്. അത് ശരിയായ അർത്ഥത്തിൽ മനസിലാക്കുകയാണ് ഞാൻ ചെയ്യേണ്ടത്.

ഇന്നവരുടെ എതിർപ്പിനെ, വിസ്സമ്മതത്തെ സ്വീകരിക്കുവാൻ ഞാൻ തയ്യാറാകുന്നില്ലായെങ്കിൽ നാളെയവരുടെ സ്നേഹമോ സമ്മിതിയോ പിന്തുണയോ കിട്ടുവാൻ ഞാനൊരിക്കലും അർഹനല്ല എന്നും ഞാൻ മനസ്സിലാക്കുന്നു.

അവരുടെ കാഴ്ചപ്പാടുകൾ എനിക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് മാറ്റാൻ വേണ്ടി പ്രവർത്തിക്കുകയാണ് എന്റെ ജോലി. അതാണ് എന്റെ രാഷ്ട്രീയപ്രവർത്തനം.

അതെന്നെ കൂടുതൽ നന്നായി ചെയ്യുവാൻ പ്രാപ്തരാക്കുകയാണ് അവര് ചെയ്യുന്നത്. അതിനായി ഞാനവരോട് നന്ദി പറയുകയാണ് വേണ്ടത്.

പ്രത്യേകിച്ചും, ഞാൻ പറയുന്ന രാഷ്ട്രീയം തീർത്തും ഇഷ്ടമില്ലാതിരുന്നിട്ട് കൂടി, ഇന്നും എന്നെ ഫ്രണ്ട് ലിസ്റ്റിൽ കൊണ്ട് നടക്കുന്ന എന്റെ എല്ലാ പ്രിയ സുഹൃത്തുക്കളും.

നിങ്ങളെന്റെ പോസ്റ്റുകളോട് റിയാക്ട് ചെയ്യുകയോ. കമന്റ് ചെയ്യുകയോ ഒന്നും ചെയ്യുന്നില്ലായിരിക്കാം.

പക്ഷേ നിങ്ങളെന്നെ വിടാതെ ചേർത്ത് പിടിച്ചിരിക്കുന്ന ആ സുഹൃത് ബന്ധത്തിന്റെ കൈകൾക്ക് അമാനുഷിക ശക്തിയുണ്ട്. ആദം സ്മിത്ത് നമ്മെ പഠിപ്പിച്ച ദൈവത്തിന്റെ കരം പോലെ.

ആ അദൃശ്യ കരമാണ്, മറ്റെല്ലാത്തിലുമെന്ന പോലെ മതേതരത്വത്തിന്റെയും മതസൗഹാര്ദത്തിന്റെയും കാര്യത്തിലും ഭാരതത്തെ ലോകത്തിന്റെ നെറുകയിലേക്ക് കൊണ്ട് ചെന്നെത്തിക്കുവാൻ പോകുന്നത്.

അതിനുള്ള തത്വശാസ്ത്രബലവും സാംസ്കാരിക പാരമ്പര്യവും നമുക്കുണ്ട്.

മനുഷ്യത്വത്തിന്റെ ഭാഷയിലൂടെ സഹവർത്തിത്വത്തിന്റെ പ്രവർത്തനശൈലിയിലൂടെ ആ ദൈവീകകരത്തെ നമുക്ക് അരക്കിട്ടുറപ്പിക്കാം.

അതുല്യ കേരളത്തിനും ശ്രേഷ്ഠ ഭാരതത്തിനുമായി നമുക്കൊരുമിച്ച് തോളോടുതോൾ ചേർന്ന് പ്രവർത്തിക്കാം!

എന്റെയീ കഥയിലെ പേരിട്ടിട്ടില്ലാത്ത നായകന് എന്റെ പ്രത്യേക നന്ദി! സ്നേഹം! ഇഷ്ടം!

ലോകാ സമസ്താഃ സുഖിനോ ഭവന്തു!

ബിജു നായർ