താമരശ്ശേരി: കൂടത്തായി ദുരൂഹമരണക്കേസില്‍ മുഖ്യപ്രതി ജോളിക്ക് കോടതിയുടെ നിയമസഹായം. താമരശ്ശേരി ബാറിലെ അഭിഭാഷകന് കെ. ഹൈദര്‍, സിലി വധക്കേസില്‍ ജോളിക്കു വേണ്ടി ഹാജരാകും. വക്കീലിനെ വെച്ചിട്ടുണ്ടോ എന്ന് ചോദിച്ച കോടതിയോട് അറിയില്ലെന്നാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫ്സ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതയിയില്‍ ജോളി മറുപടി നല്‍കിയത്. ഇതോടെ കോടതി നിയമസഹായം നല്കാന് ഉത്തരവിടുകയായിരുന്നു. നേരത്തെ, ജോളിയുടെ വക്കാലത്ത് അഭിഭാഷന് ബി.എ ആളൂര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത് പ്രതിയുടെ അറിവോടെ അല്ല എന്നാണ് താമരശ്ശേരി ബാര്‍ അസോസിയേഷന് പ്രസിഡണ്ട് എ.ടി രാജു കോടതിയില്‍ പറഞ്ഞിരുന്നത്.
വിഷയത്തില്‍ കോടതി ഇടപെടണമെന്നും സ്വന്തം പ്രശസ്തിക്കായി ആളൂര്‍ ജോളിയെ ഉപയോഗിക്കുന്നതായി സംശയമുണ്ടെന്നും കോടതിയില്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. സ്വന്തമായി വക്കീലിനെ നിയമിക്കാന്‍ പ്രാപ്തിയില്ലാത്ത പ്രതിക്ക് ആവശ്യമെങ്കില്‍ നിയമസഹായം നല്കാന് നിയമമുണ്ട്. എന്നാല്‍ സൗജന്യ നിയമസഹായം നല്കാന് ആളെ നിയമിക്കേണ്ടത് കോടതിയാണെന്നും വിദ്യാസമ്പന്നയായ ജോളിക്ക് തന്റെ അഭിഭാഷകന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രാപ്തിയുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ജോളിയുടെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് ഇനി ചോദിക്കേണ്ടതില്ലെന്ന നിലപാടാണ് ജഡ്ജി സ്വീകരിച്ചിരുന്നത്. ഇപ്പോല്‍ സിലി വധക്കേസില്‍ മാത്രമാണ് കോടതി അഭിഭാഷകനെ നിയമിച്ചിട്ടുള്ളത്. അതിനിടെ, കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനായി ആറു ദിവസത്തേക്ക് കൂടി ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
 
            


























 
				
















