കൂടത്തായി കൊലപാതകം: ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.ആൽഫൈൻ വധക്കേസിൽ കൂടി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.ജോളിയെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥൻ തിരുവമ്പാടി സിഐ ഇന്ന് കൊയിലാണ്ടി കോടതിയിൽ അപേക്ഷ നൽകും. വൈകീട്ട് അഞ്ചിനു മുമ്പ് ജോളിയെ കോടതിയിൽ ഹാജരാക്കും. ആൽഫൈന് നൽകിയ ഭക്ഷണത്തിൽ സയനൈഡ് ചേർത്തുവെന്ന് ജോളി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഷാജുവിനെയും പിതാവ് സഖറിയാസിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഷാജുവിനോടും പിതാവ് സഖറിയാസിനോടും പുലിക്കയം വിട്ട് പോകരുതെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.സിലിയുടെ സഹോദരങ്ങളായ സിജോ, സ്മിത, സിജോയുടെ ഭാര്യ ജോയ്‌സി, ജോളിയുടെ സഹോദരൻ ജോണി എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. കേസിൽ മുഖ്യ കണ്ണിയെന്ന് പൊലീസ് കരുതുന്ന ജോൺസണെയും ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയായ ജോളിയുടെ കാറിൽ നിന്നും കണ്ടെത്തിയത് പൊട്ടാസ്യം സയനൈഡ് തന്നെയെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.