മുരളി തുമ്മാരുകുടി
1986 ൽ ഐ ഐ ടിയിൽ ചെന്നതിനു ശേഷമാണ് വിദേശപഠനത്തെക്കുറിച്ച് അറിയുന്നത്. അന്നൊന്നും കോതമംഗലത്തെ കോളേജുകളിൽ നിന്ന് ഒരാൾ പോലും വിദേശത്ത് പഠിക്കാൻ പോകാറില്ല. അങ്ങനൊരു സാധ്യത പറഞ്ഞുതരാൻ കഴിവുള്ള അധ്യാപകരോ പത്രവാർത്തകളോ ഏജന്റോ ഒന്നും അന്നില്ല.
ഐ ഐ ടിയിൽ ഓരോ വർഷവും ജനുവരി മുതൽ മാർച്ച് വരെയുള്ള സമയത്ത് നൂറുകണക്കിന് സുഹൃത്തുക്കൾ വിദേശപഠനത്തിനായി അപേക്ഷിക്കും. അന്ന് ഇ – മെയിൽ നിലവിലില്ലാത്തതിനാൽ തപാലിൽ വേണം കത്തുകൾ അയക്കാനും മറുപടി കിട്ടാനും. അതിന് സമയം കൂടുതലെടുക്കും, ചിലവും കൂടുതലാണ്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ അപേക്ഷകളുടെ ഫലം വന്നുതുടങ്ങും. ഒട്ടും കനമില്ലാത്ത കവറാണ് മിക്കവാറും കിട്ടുക. ‘നിങ്ങൾ വലിയ സംഭവമാണ്, നിങ്ങളെപ്പോലെ ഒരാൾ പഠിക്കാനായി ഞങ്ങളുടെ യുണിവേഴ്സിറ്റി തെരഞ്ഞെടുത്തതിൽ ഞങ്ങൾ സന്തുഷ്ടരാണ്’ എന്നെല്ലാം പറഞ്ഞാണ് മിക്ക കത്തുകളും തുടങ്ങുന്നത്. അത് കണ്ടാലേ അറിയാം, ‘പക്ഷെ അനേകായിരങ്ങൾ അപേക്ഷിച്ചതിനാൽ നിങ്ങളെപ്പോലെ ഒരു സംഭവത്തെ സ്വീകരിക്കാൻ ഞങ്ങൾക്ക് കഴിയാത്തതിൽ ഖേദിക്കുന്നു’ എന്ന് പറഞ്ഞായിരിക്കും കത്ത് അവസാനിക്കുക എന്ന്. സായിപ്പന്മാരുടെ ഭാഷ എങ്ങനെയാണ് വായിക്കേണ്ടത് എന്ന് അങ്ങനെയാണ് പഠിച്ചു തുടങ്ങിയത്.
എന്നാൽ വല്ലപ്പോഴും ചിലർക്ക് കനം കൂടിയ കവർ മറുപടിയായി വരും. അതിൽ അഡ്മിഷൻ ഓഫറും വിസക്ക് അപേക്ഷിക്കാനുള്ള പേപ്പറുകളും ചിലപ്പോൾ സാന്പത്തിക സഹായ ഓഫറുമുണ്ടാകും. അന്നത്തെ പാർട്ടി അവന്റെ വകയാണ്. ഐ ഐ ടി യിലെ കാന്റീനിൽ നിന്നും മാഗിയോ ഓംലറ്റോ വാങ്ങിത്തരുന്നതാണ് പാർട്ടി.
മൂന്നു തരത്തിലുള്ള സാന്പത്തിക സഹായമാണ് അന്ന് കുട്ടികൾക്ക് കിട്ടിക്കൊണ്ടിരുന്നത്.
ഫുൾ സ്കോളർഷിപ്പ് അഥവാ ഫുൾ അസിസ്റ്റന്റ്ഷിപ്: പഠനത്തിനാവശ്യമായ മുഴുവൻ തുക സ്കോളർഷിപ്പായി യൂണിവേഴ്സിറ്റി നൽകും. അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ തന്നെ ഏതെങ്കിലും ചെറിയ ജോലിചെയ്ത് പഠനത്തിനുള്ള പണം കണ്ടെത്താനുള്ള അവസരമുണ്ടാകും.
ഭാഗികമായ സ്കോളർഷിപ്പ് / അസിസ്റ്റന്റ്ഷിപ്: ഇവിടെ പൂർണ്ണമായ സഹായമുണ്ടാകില്ല. 30 ശതമാനം മുതൽ 80 ശതമാനം വരെ സഹായം ലഭിക്കും.
ഫീ ഒഴിവാക്കൽ: ഈ സാഹചര്യത്തിൽ സ്കോളർഷിപ്പ് ഒന്നുമില്ലെങ്കിലും ട്യൂഷൻ ഫീ കൊടുക്കേണ്ടതില്ല.
അന്നുമിന്നും ഇതാണ് സാധാരണ യൂണിവേഴ്സിറ്റികളിൽ നിന്നും പ്രതീക്ഷിക്കാവുന്നത്. അക്കാലത്ത് വിദ്യാഭ്യാസ വായ്പ്പയെടുത്തോ സ്ഥലം വിറ്റോ മാതാപിതാക്കൾ മക്കളെ വിദ്യാഭ്യാസത്തിനായി വിദേശത്തയക്കാറില്ല. ഫുൾ സ്കോളർഷിപ്പോ അസിസ്റ്റന്റ്ഷിപ്പോ ഇല്ലാത്ത അഡ്മിഷൻ കിട്ടുന്നത്, അഡ്മിഷൻ കിട്ടാത്തതിനെക്കാൾ ദുഃഖകരമായ വാർത്തയാണ്. വിദേശത്ത് ആരെങ്കിലും നമ്മളെ സ്പോൺസർ ചെയ്യാനുണ്ടെങ്കിൽ ഭാഗിക സ്കോളർഷിപ്പുണ്ടെങ്കിലും കടന്നുകൂടാം.
വികസിതരാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾ ലോകത്തെന്പാടുനിന്നും ഏറ്റവും മിടുക്കരായ വിദ്യാർത്ഥികളെ ലഭിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള വിദ്യാർത്ഥികളെ കിട്ടുന്നതു കൊണ്ടുകൂടിയാണ് അത്തരം സ്ഥാപനങ്ങൾ ലോകോത്തരമായിരിക്കുന്നതാണ്. നാല് തരത്തിലാണ് യൂണിവേഴ്സിറ്റികൾ കുട്ടികൾക്ക് സഹായം നൽകാൻ തീരുമാനിക്കുന്നത്.
പഠനമികവ്: ഏറ്റവും മിടുക്കരായ കുട്ടികൾക്ക് (SAT/GRE/GMAT Score, school/ college grade) അനുസരിച്ച് യൂണിവേഴ്സിറ്റികൾ സ്കോളർഷിപ്പ് നൽകും.
സന്പത്തികനില: വികസിതരാജ്യങ്ങളിലെ യുണിവേഴ്സിറ്റികൾക്ക് സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നോ രാജ്യങ്ങളിൽ നിന്നോ ഉള്ള കുട്ടികൾക്ക് സാന്പത്തികമായി സഹായം നൽകാനുള്ള പദ്ധതികളുണ്ട്.
ഏതു രാജ്യത്തുനിന്ന് വരുന്നു: ഓരോ വികസിതരാജ്യത്തിനും ഏതെങ്കിലും തരത്തിൽ പ്രത്യേകതാല്പര്യങ്ങളുള്ള രാജ്യങ്ങളുണ്ട്. അമേരിക്കക്ക് ലൈബീരിയ, ഇംഗ്ലണ്ടിന് കോമൺവെൽത്ത് രാജ്യങ്ങൾ, ഫ്രാൻസിന് ഫ്രഞ്ച് സംസാരിക്കുന്ന മറ്റു രാജ്യങ്ങൾ, ജപ്പാന് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിങ്ങനെ. ഈ രാജ്യങ്ങളിലുള്ളവർക്ക് നൽകാനുള്ള പ്രത്യേക സ്കോളർഷിപ്പുകൾ അവർക്കുണ്ടായിരിക്കും.
മറ്റു പരിഗണനകൾ: വൈവിധ്യം നിലനിർത്തുക എന്നത് ഓരോ യുണിവേഴ്സിറ്റിയുടെയും നയത്തിന്റെ ഭാഗമാണ്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, തുടങ്ങി മറ്റു ന്യൂനപക്ഷക്കാർക്കെല്ലാം പ്രത്യേക സഹായധനം നൽകുന്ന രീതിയുണ്ട്.
കാരണങ്ങൾ എന്തെല്ലാമായാലും നാം മനസിലാക്കേണ്ടത് ഇത്രയേയുള്ളൂ, വികസിതരാജ്യങ്ങളിൽ മിക്കവാറും യൂണിവേഴ്സിറ്റികളിൽ മിടുക്കരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനായി ഏതെങ്കിലും തരത്തിലുള്ള സഹായധന പദ്ധതികളുണ്ട്. വിദേശപഠനത്തിന് അപേക്ഷിക്കുന്നവർ ഇക്കാര്യം ഓർക്കണം, അപേക്ഷിക്കണം. അവിടെ എത്തിക്കഴിഞ്ഞാലും വേറെ അനവധി സ്കോളര്ഷിപ്പുകളോ അസ്സിസ്റ്റൻസ് ഷിപ്പുകളോ ഒക്കെ കിട്ടാനുള്ള അവസരം ഉണ്ട്. അന്വേഷിച്ചു കണ്ടുപിടിക്കണം.
മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം. ഓസ്ട്രേലിയയും ഇംഗ്ലണ്ടും പോലുള്ള രാജ്യങ്ങളിൽ വിദേശത്തുനിന്ന് വിദ്യാർത്ഥികളെ ആകർഷിക്കുക എന്നത് ഇപ്പോൾ ഒരു വ്യവസായമാണ്. വിദേശത്തു നിന്ന് വരുന്ന കുട്ടികൾ നൽകുന്ന ഫീസും അവർ സമൂഹത്തിൽ ചെലവാക്കുന്ന പണവും രാജ്യ സന്പദ്വ്യവസ്ഥയുടെയും യുണിവേഴ്സിറ്റിയുടെയും സാന്പത്തികനിലയെ ഗുണകരമായി ബാധിക്കുന്നു. വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാനായി മാത്രം അവിടെ ഹ്രസ്വകാല കോഴ്സുകളുണ്ട്. ഇത്തരം യൂണിവേഴ്സിറ്റികളിൽ നിന്ന് നാം ഇങ്ങോട്ട് ധനസഹായം പ്രതീക്ഷിക്കരുത്. ഇത് തമ്മിൽ തിരിച്ചറിയാനുള്ള ഒരു എളുപ്പവഴിയുണ്ട്. ഒരു യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കിട്ടാൻ എത്ര എളുപ്പമാണോ അത്രതന്നെ ബുദ്ധിമുട്ടായിരിക്കും അവിടെനിന്നു സാന്പത്തികസഹായം ലഭിക്കാനും.
മിടുക്കരായ കുട്ടികൾ വിദേശപഠനത്തിനു പോകുന്നതിന് പരമാവധി സ്കോളർഷിപ്പുകൾ നേടണമെന്നാണ് എന്റെ അഭിപ്രായം. ആത്മവിശ്വാസവും സ്വതന്ത്ര ചിന്തയും വളർത്താൻ ഇത് സഹായിക്കും. ഈ പറഞ്ഞ എല്ലാ വഴികളും പരീക്ഷിച്ച് അറിഞ്ഞതിനു ശേഷം മാത്രം വേണം മാതാപിതാക്കളുടെ പെൻഷൻ ഫണ്ടിൽ കൈവെക്കാൻ.
ഓരോ യുണിവേഴ്സിറ്റികളും നൽകുന്ന ധനസഹായം കൂടാതെ വിവിധ രാജ്യങ്ങളും ട്രസ്റ്റുകളും വിദേശപഠനത്തിന് സഹായം നൽകുന്ന രീതിയുണ്ട്. ഇതിൽ ഏറ്റവും പ്രധാനമായവ താഴെ പറയുന്നു. കൂടുതൽ വിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
 
            


























 
				
















