ഭുവനേശ്വര്‍: രഹസ്യാന്വേഷണ ബ്യൂറോയിലെ ഉദ്യോഗസ്ഥന് കൊറോണ ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഐ.ബി ഓഫിസ് അടച്ചു.
ഒഡീഷയിലെ ഭുവനേശ്വറില്‍ പ്രവര്‍ത്തിക്കുന്ന ആര്.എന്‍ സിങ്ഡിയോ മാര്‍ഗിലുള്ള ഓഫീസാണ് 14 ദിവസത്തേക്ക് അടച്ചത്. എല്ലാ ജീവനക്കാരും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
പരിശോധനക്കായി ഇവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കൊറോണ വ്യാപന മേഖലയായി പ്രഖ്യാപിച്ച സൂര്യ നഗര്‍ പ്രദേശത്തുനിന്നുള്ള ഉദ്യോസ്ഥനാണ് കൊറോണ ലക്ഷണങ്ങളുണ്ടായത്.
ഇദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൂര്യ നഗര്‍ മേഖലയില്‍ എട്ടോളം പേര്‍ക്ക് കൊറോണ കണ്ടെത്തിയിരുന്നു.
അതേസമയം, ഒഡീഷയില്‍ ഇതുവരെ 24 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. മാത്രമല്ല കൊറോണ ബാധയെ തുടര്‍ന്ന് കട്ടക്, ജയ്പൂര്‍, പുരി തുടങ്ങിയ ജില്ലകളിലെ ഇന്റലിജന്‍സ് ബ്യൂറോ ഓഫീസുകളും പൂട്ടിയിരുന്നു.











































