കളക്ടർ ഗൗതം ഗോസ്വാമിയും നമ്മുടെ അമേരിക്കൻ മച്ചാനും

റോയ് മാത്യു

2004 ഏപ്രിൽ മാസത്തിലെ ഒരു രാത്രി.ബീഹാറിൻ്റെ തലസ്ഥാനമായ പാറ്റ്നയിലെ മൈതാനത്ത് ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ തകർത്ത് പ്രസംഗിക്കുന്നു. വേദിയിലേക്ക് ചെറുപ്പക്കാരനായ ജില്ലാ മജിസ്ട്രേറ്റ് (കലക്ടർ ) ചാടിക്കേറുന്നു.
അദ്വാനിയുടെ അടുത്ത് ചെന്ന് തിരഞ്ഞെടുപ് പെരുമാറ്റച്ചട്ടം വായിക്കുന്നു – എന്നിട്ട് അദ്വാനിയോടായി പറഞ്ഞു – ” സർ, താങ്കളുടെ സമയം കഴിഞ്ഞു. പ്രസംഗം നിർത്തണം ” അമ്പരന്നു പോയ അദ്വാനി ഉടൻ വേദി വിട്ടു. മാധ്യമങ്ങളിൽ വീരശുരപരാക്രമിയായ കലക്ടർ ഗൗതം ഗോസ്വാമിയെ വാഴ്ത്തി പാടി സ്തുതി ഗീതങ്ങൾ നിറഞ്ഞു. രൺജി പണിക്കരുടെ ജോസഫ് അലക്സ് മോഡൽ മാസ് എൻട്രി.
ഗൗതം സ്കൂൾ തലം മുതൽ ഉയർന്ന മാർക്കോടെയാണ് ഓരോ പടവും കയറിയത്. എം ബി ബി എസ് പാസായ ശേഷം സിവിൾ സർവ്വീസ് പരീക്ഷ എഴുതിയ ഗൗതത്തിന് നല്ല റാങ്കോടെ ഐ എ എസ് കിട്ടി. 1991 ലെ ബാച്ചിലേക്ക് തിരഞ്ഞെടു ക്കപ്പെട്ടു. നിയമിക്കപ്പെട്ട തസ്തികയിലെല്ലാം ഗോസ്വാമി തിളങ്ങി.

2004 ജൂലൈ – പാറ്റ്നയിലും പരിസര ജില്ലകളിലും പേമാരിയും വെളളപൊക്കവും – കോസി നദി കരകവിഞ്ഞു. 800 പേർക്ക് ജീവൻ നഷ്ടമായി. അനേകായിരം പേർ ഭവനരഹിതരും പട്ടിണിയിലുമായി – ഡി. എം (ഡിസ്ട്രിക് മജിസ്ട്രേറ്റ് ) സാഹബ് ഗൗതം ഗോസ്വാമി ഫുൾ ടൈം ഫീൽഡിൽ തന്നെ . ദുരിതാശ്വാസാപ്രവർത്തനങ്ങൾക് അയാൾ നേരിട്ട് ഇറങ്ങി. ഔദ്യോഗിക വാഹനമോടിച്ച് സാദ്ധ്യമായ സ്ഥലങ്ങളിൽ ഡിഎം നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തി. എല്ലാ ദിവസവും രാവിലെ 4.30ക്ക് പറ്റ്നാ വിമാനത്താവളത്തിലെത്തി ഹെലികോപ്റ്ററിൽ ഭക്ഷണ കിറ്റുകൾ , വെള്ളം, ടെൻ്റടിക്കാനുള്ള സാധന സാമഗ്രികൾ ഒക്കെ കയറ്റി വിടാൻ നേതൃത്വം നൽകുന്നത് പതിവാക്കി. 38കാരനായ ഗൗതത്തിൻ്റെ ധീരമായ നേതൃത്വത്തെ രാഷട്രീയ- ഉദ്യോഗസ്ഥ- മാധ്യമങ്ങൾ വാനോളം വാഴ്ത്തി. അയാളുടെ സമയോചിതമായ ഇടപെടലുകൾ കൊണ്ട് അനേകം ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.

2004 ഒക്ടോബർ 11 ന് പുറത്തിറങ്ങിയ ടൈം മാഗസിൻ തിരഞ്ഞെടുത്ത ഏഷ്യയിലെ 20 യുവ ഹീറോകളിൽ പ്രമുഖ സ്ഥാനത്തായിരുന്നു ഗൗതം ഗോസ്വാമി. മഹാപ്രളയകാലത്ത് നിസ്വാർത്ഥമായി ജനങ്ങളെ സേവിച്ചതിനുള്ള അംഗീകാരം. ഇന്ത്യയിലെ അനേകം ചെറുപ്പക്കാരുടെ സൂപ്പർ ഹീറോയായി അയാൾ പ്രതിഷ്ഠിക്കപ്പെട്ടു. പ്രശസ്ത എഴുത്തുകാരനും ടൈമിൻ്റെ ദക്ഷിണേഷ്യൻ കറസ്പോണ്ടൻ്റുമായ അരവിന്ദ് അഡിഗ ( ബുക്കർ സമ്മാനം കിട്ടിയ The White Tiger എന്ന കൃതിയുടെ കർത്താവ് ) എഴുതിയ മംഗള പത്രത്തിലിങ്ങനെ കുറിച്ചിരുന്നു.
– “When flash floods hit the Indian state of Bihar in July, millions of people were displaced from their homes, many without access to food or drinking water.A catastrophe was looming, and Gautam Goswami did more than anyone to avert it. ”
ലോകം മുഴുവൻ കൊണ്ടാടിയ ഗൗതം ഗോസ്വാമി പ്രളയകാലത്ത് സർക്കാർ അനുവദിച്ച കോടികൾ കരാറുകാരനുമായി ചേർന്ന് അടിച്ചു മാറ്റിയെന്ന് ആരോപണങ്ങൾ ഉയർന്നു. ബാബ സത്യസായ് ഇൻഡസ്ട്രീസ് എന്നൊരു തട്ടിപ്പുകമ്പിനിയുടെ പേരിൽ അക്കൗണ്ട് ഉണ്ടാക്കി 17.8 കോടി രൂപ തട്ടിച്ചു വെന്നായിരുന്നു വിജിലൻസിൻ്റെ കേസ്. കേസും വക്കാണവും മൂത്ത് വന്നതോടെ ഗോസ്വാമി 2005 ജൂൺ 17 ന് ഐഎഎസിൽ നിന്ന് രാജിവെച്ചു സഹാറാ ഗ്രൂപ്പിൽ ചേർന്നെങ്കിലും ജൂൺ 25 ന് വിജിലൻസ് കോടതി ഇയാളെ അഴിമതിയുടെ പേരിൽ ജയിലിലേക്ക് വിട്ടു. 15 മാസം ജയിലിൽ കിടന്നു. പിന്നീട് സർവ്വീസിൽ തിരിച്ചെടുത്തെങ്കിലും കാര്യമായ തസ്തിക ഒന്നും നൽകിയില്ല. ആനപ്പുറത്തു നിന്നുള്ള വീഴ്ചയിൽ നിന്ന് കരകേറാൻ പിന്നീട് അയാൾക്ക് കഴിഞ്ഞില്ല. അത്രമേൽ കടുത്തതായിരുന്നു ആ വീഴ്ച.
വാഴ്ത്തിപ്പാടിയവർ തന്നെ പുറങ്കാലിന്നടിച്ചു. എല്ലാവരാലും പരിഹസിക്കപ്പെട്ട് , ഒറ്റപ്പെട്ട്, കാൻസർ ബാധിച്ച് 2009 ജനുവരി ആറിന് മരണത്തിന് കീഴടങ്ങി. പറുദീസയിൽ നിന്ന് പുറത്താക്കപ്പെട്ടവനായി അയാൾ ഇപ്പോൾ ചരിത്രത്തിലുറങ്ങുന്നു…… ……..

കേരളത്തിൽ വെള്ളപ്പൊക്കവും കോവിഡുമൊക്കെ അടിച്ചു കേറുമ്പോൾ നാടിനെ സേവിക്കാൻ മുട്ടി നിൽക്കുന്ന ചില അമേരിക്കൻ മച്ചാന്മാരുണ്ട്.
അങ്ങനെ ഒരുനാൾ വാഷിംഗ്ടൺ പോസ്റ്റൊക്കെ വായിച്ച് പുളകിതനായ തുളതുള വാലുള്ള നന പാത്രമുടമയായ മച്ചാൻ വണ്ടി പിടിച്ച് നാട്ടിലേക്ക് ഓടി വരുന്നു. . പ്രായമായ മാതാപിതാക്കളെ കണ്ണിലെ കൃഷ്ണ മണി പോലെ കാത്ത് സൂക്ഷിക്കുന്ന സർക്കാരിനെ സേവിച്ചേ അടങ്ങു എന്ന ദൃഢ പ്രതിജ്ഞമായി മച്ചാൻ ഹജുർ കച്ചേരിയിലെത്തി ശിവയണ്ണനെ
കാണുന്നു. സദാ സദ് വിചാരം മാത്രമുള്ള കൈലാസനാഥൻ ടപ്പേന്ന് കാര്യങ്ങൾ റെഡിയാക്കി. സേവനം സൗജന്യം – പക്ഷേ ദമ്പിടി നുമ്മക്ക് തരണം – പൊളപ്പൻ വിവരങ്ങൾ തരാം – ജന്നി പിടിച്ചു വിറയ്ക്കുന്നവൻ
അപ്പിയിടുന്നതിൻ്റെ കണക്കുൾപ്പടെ തരാം – വോ – തന്നെ. തന്നെ …. എഗ്രീഡ്..
ക്ഷിപ്രപ്രസാദിയായ മഹാദേവൻ സേവന കുതുകിയായ മച്ചാനുമായി സംസാരിച്ച് എല്ലാം സബുറാക്കി. പരോപകാരാർത്ഥമിദം ശരീരം എന്നാണല്ലോ പ്രമാണം. മച്ചാൻ സംവിധാനം ചെയ്ത മുഴുനീള ചിത്രത്തിൽ അണ്ണൻ രാജാ പാർട്ട് വേഷമിട്ടു. ചൂടുവെള്ളം പരിചയിച്ച പൂച്ച, പച്ച വെള്ളത്തിൽ തെർമ്മോ മീറ്റർ വെക്കാറില്ലല്ലോ എന്ന് മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഡി. ബാബുപോൾ ടി.എം. ജേക്കബിനെക്കുറിച്ച് കഥ ഇതുവരെ യിൽ എഴുതിയിട്ടുണ്ട്.ബാബു പോൾ സാറിൻ്റെ പ്രവചനം ലോക്ക് ഡൗൺ കാലത്തും പ്രസക്തം !
മച്ചാനും കൂട്ടരും വിയർപ്പു പൊടിയാതെ പണി തുടങ്ങി. മദർ തെരേസയെപ്പോലെ ഒരേ നിഷ്കാമ കർമ്മം. കൊറോണ പിടിച്ചവൻ കുടിച്ച പാലിൻ്റെ കണക്ക് മുതൽ പെടുത്ത മൂത്രത്തിൻ്റെ അളവ് വരെ തപ്പിയെടുത്ത് കടല് കടത്തി. വീട്ടുക്ക് വന്നവൻ പെണ്ണുക്ക് മാപ്പിളയായി. ആരേലും ചോദിച്ചാൽ , ലോ, ആ ഐ ടി പുളുന്താൻ പറയുമെന്ന് പറഞ്ഞാ മതി. ഗഫുർ കാ ദോസ്ത് . !

ഭജനപ്പാട്ടുകാർ തമ്പുരാൻ്റെ ഭൂതദയയെക്കുറിച്ച് ഒരേ വാഴ്ത്തൽ – പീഡാനുഭവകാലത്ത് അരചൻ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങിക്കോണം. ഞങ്ങൾ കക്കും മുക്കും, കണ്ടം വഴി ഓടും – നിങ്ങൾക്കെന്നാ നാട്ടാരെ…..
സൗജന്യമായി സേവിച്ചേക്കാം, ഒന്നും തരണ്ട എന്നു പറഞ്ഞ് 2018ലെ വെള്ളപൊക്കക്കാലത്ത് മറ്റൊരു കറക്ക് കമ്പിനി സൗജന്യ സേവനം മൊത്തമായും ചില്ലറയായും തരാമെന്ന് പറഞ്ഞ് ഇവിടൊക്കെ കറങ്ങിയിരുന്നു… അന്താരാഷ്ട്ര തലത്തിൽ തട്ടിപ്പും വെട്ടിപ്പും മാത്രം നടത്തിയ സേവന കമ്പിനി. അവമ്മാര് വല്ലതും കടത്തിയോ എന്ന് ദൈവത്തിനറിയാം ….
ഗൗതം ഗോസ്വാമിമാർ അങ്ങ് പാറ്റ്നായിൽ മാത്രമല്ല ഇങ്ങ് തിരോന്തോരത്തും പൂന്ത് വിളയാടുന്നുണ്ട്.
സൗജന്യ സേവനക്കാരെ ഇതിലേ ഇതിലേ –